ലൈംഗികാവേശവും പീഡനവും; ഇവര്‍ക്ക് ഇവിടെ എല്ലാവിധ സൌകര്യങ്ങളുമുണ്ട്
ലൈംഗികാവേശം പകരാന്‍ സൌകര്യങ്ങള്‍ ഏറെയുണ്ട്; യുവത്വത്തിന് പിഴയ്‌ക്കുന്നത് എവിടെ ?
കൊച്ചിയിലെ ഒരു ആശുപത്രിയിൽ പതിനാറുവയസുകാരി കുഞ്ഞിന് ജന്മം നൽകിയതും, കുട്ടിയുടെ പിതാവ് പന്ത്രണ്ടു വയസുകാരന്‍ ആണെന്നുമുള്ള സ്ഥിരീകരണം ഞെട്ടിപ്പിക്കുന്നതാണ്. എട്ടും പൊട്ടും തിരിച്ചറിയാത്തവരെന്ന് ഇവരെ വിശേഷിപ്പിക്കാന്‍ സാധിക്കില്ല. ബന്ധങ്ങളിലുണ്ടായ വിള്ളലുകള്‍ക്കൊപ്പം സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളും കുട്ടികളിലെ ലൈംഗികതയെ വൃണപ്പെടുത്തി.
സംസ്‌കാര സമ്പന്നരെന്ന് അവകാശപ്പെടുന്ന മലയാള സമൂഹത്തിന് കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചു. ഭയപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ നമ്മുടെ തൊട്ടരുകില്‍ വരെ നടക്കുന്നു. മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് പീഡനവാര്‍ത്തകളാണ്. ചാനലുകളില്‍ പ്രത്യേക പരിപാടികളും പത്രങ്ങളും പേജുകളും ഈ വാര്‍ത്തകള്‍ക്ക് മാത്രമായി മാറ്റിവയ്‌ക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നു.
പീഡനത്തിന് ഇപ്പോള്‍ പ്രായം ഒരു പ്രശ്‌നമല്ല. ഒരു വയസ് മാത്രമുള്ള കുട്ടിയെ പോലും ലൈംഗിക ആവേശം പൂര്‍ത്തീകരിക്കാന്‍ ഉപയോഗിക്കപ്പെടുന്നു. ആണ്‍വേഷം ധരിച്ചു പന്ത്രണ്ടുകാരിയെ യുവതി പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവം കണ്ടുകഴിഞ്ഞു. ബന്ധു മകളെ പീഡിപ്പിക്കുന്നു, അമ്മ അതിന് കൂട്ട് നില്‍ക്കുന്നു അല്ലെങ്കില്‍ പ്രതിയെ സംരക്ഷിക്കുന്നു. അമ്മയുടെ കാമുകള്‍ മകളെയും ലൈംഗികമായി ഉപയോഗിച്ചു, എന്നീ തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. പ്രതിപ്പട്ടികയില്‍ എത്തുന്നവരും നിസാരക്കാരല്ല, അറുപതുകാരനും പത്തുവയസുകാരനും വരെ ഇക്കാര്യത്തില്‍ പിന്നിലല്ല.
ഇന്നത്തെ യുവത്വവും മോഡേണ്‍ ആണ്. എല്ലാവിധ സൌകര്യങ്ങളുമുള്ള സ്‌മാര്‍ട്ട് ഫോണുകളാണ് കുട്ടികളുടെ കൈയിലുള്ളത്. മത്സരബുദ്ധിയോടെ കമ്പനികള്‍ വാരിക്കോരി ഇന്റര്‍നെറ്റ് ഡേറ്റയും നല്‍കുന്നു. ഇതോടെ ഫോണ്‍ താഴെവയ്‌ക്കാന്‍ സമയവും ലഭിക്കില്ല. എല്ലാവരും വാട്‌സപ്പ് ഉപയോഗിക്കുന്നവരും, പല ഗ്രൂപ്പുകളില്‍ അംഗങ്ങളുമാണ്. ഈ ഗ്രൂപ്പിലൂടെ സൌഹൃദസംഭാഷണം മാത്രമല്ല നടക്കുന്നത്. അശ്ലീല ഫോട്ടോകളും ദൃശ്യങ്ങളും പങ്കുവയ്‌ക്കുകയും അവിടെ നിന്നും പലരും മറ്റ് ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യുകയും ചെയ്യുന്നുണ്ട്.
ഇതോടെ ഷെയര്‍ ചെയ്‌തുവരുന്ന ഇത്തരം ദൃശ്യങ്ങളും ചിത്രങ്ങളും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മൊബൈലിലുമെത്തുന്നു. അശ്ലീല വീഡിയോകള്‍ കാണുന്നതിലും ഡൌണ്‍ലോഡ് ചെയ്യുന്നതിലും ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികളും മോശമല്ല. ശരിയായ ലൈംഗിക വിദ്യാഭ്യാസം പോലുമില്ലാത്ത കുട്ടികള്‍ ഇതില്‍ പെട്ടെന്ന് ആകൃഷ്‌ടരാകും. പിന്നീട് ഇവ പരീക്ഷിക്കാനുള്ള ശ്രമത്തിനും അവസരത്തിനുമായി കാത്തിരിക്കും. മുന്നിലെത്തുന്ന ഏത് പെണ്‍കുട്ടിയേയും കാണുന്നത് ലൈംഗിക ആവേശം ശമിപ്പിക്കാനുള്ള ഒരു ഉപകരണമായിട്ടാകും.
അപൂര്‍ണ്ണവും വികൃതവുമായ ലൈംഗികതയില്‍ അടിമയാകുന്ന ഈ യുവത്വമാണ് പീഡനവാര്‍ത്തകളില്‍ പ്രതിപ്പട്ടികയില്‍ എത്തുന്നത്. ലഭിക്കുന്ന സൌകര്യങ്ങളെ ജീവിത വളര്‍ച്ചയ്‌ക്കായി ഉപയോഗിക്കുന്നതിന് പകരം സമൂഹത്തെ ശോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്.
സെക്സ് വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കുട്ടികളുമായി മാതാപിതാക്കള്‍ നല്ല ആശയവിനമയം നടത്തുകയും വേണം. ബന്ധങ്ങളെക്കുറിച്ചും സ്‌ത്രീ സൌഹൃദങ്ങളെക്കുറിച്ചും അവര്‍ക്ക് നല്ല ബോധമുണ്ടാക്കി കൊടുക്കാന്‍ കഴിയുകയും വേണം. അല്ലാത്ത പക്ഷം പീഡനവാര്‍ത്തകളും സംഭവങ്ങളും കൂടുമെന്നലാതെ കുറയില്ല.