എന്തിനാണ് ഇതുപോലെയുള്ള ഉപദേശകര്‍ ?; പിണറായിയുടെ മാനം കപ്പലേറുമ്പോള്‍
ധാര്‍ഷ്‌ട്യക്കാരനെന്തിനാണ് ഉപദേശകര്‍ ?; പിണറായിയുടെ മാനം കപ്പലേറുമ്പോള്‍
നാണക്കേടിന്റെ കൊടുമുടിയിലാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. തുടര്‍ച്ചയായി ഉണ്ടാകുന്ന വിവാദങ്ങള്‍ക്ക് പിന്നാലെ ടിപി സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരിച്ചെത്തിയതാണ് വിപ്ലവ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയത്.
രാജ്യം ഉറ്റുനോക്കിയ നിയമപോരാട്ടമായിരുന്നു സെന്‍കുമാര്‍ നടത്തിയത്. രാജ്യത്തെ എല്ലാ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കുമുള്ള മുന്നറിപ്പ് കൂടിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. ഭരണം മാറുമ്പോള്‍ തന്നിഷ്‌ടത്തോടെ പൊലീസ് മേധാവിയെ മാറ്റാന്‍ ഇനിയാരും തയ്യാറാകില്ല.
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം, ജിഷാ കൊലക്കേസ് എന്നീ കേസുകളില്‍ വീഴ്‌ചയുണ്ടാക്കിയെന്നാരോപിച്ചാണ് സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കിയത്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കകമായിരുന്നു ഈ നടപടി. ഇതോടെ രണ്ടും കല്‍പ്പിച്ച് നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ ഡിജിപി സ്ഥാനത്തേക്ക് അദ്ദേഹത്തെ തിരിച്ചെത്തിച്ചിരിക്കുകയാണ് രാജ്യത്തിന്റെ പരമോന്നത കോടതി.
സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കാൻ കഴിഞ്ഞ മാസം 24ന് സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടപ്പോൾ പോലും പിണറായിയുടെ കടുംപിടുത്തത്തിന് യാതൊരു കുറവുമുണ്ടായില്ല. സര്‍ക്കാരിനായി സുപ്രീംകോടതിയില്‍ കേസ് വാദിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതി വിധി നടപ്പാക്കണമെന്ന് വ്യക്തമാക്കിയപ്പോഴായിരുന്നു
വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ മുട്ടായുക്‍തിയുമായി സര്‍ക്കാര്‍ കോടതി കയറി കനത്ത തിരിച്ചടി സ്വന്തമാക്കിയത്.
പേടിക്കേണ്ടെന്നും കോടതി വിധി വൈകിപ്പിക്കാന്‍ വഴികളുണ്ടെന്നുമുള്ള തരത്തില്‍ ഏതെങ്കിലും ഉപദേശകന്‍ നല്‍കിയ വ്യക്തതാ ഹർജിയെന്ന ഉപദേശമാണോ കോടതിയില്‍ സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കിയതെന്ന സംശയം ഇപ്പോഴുമുണ്ട്. എന്നാല്‍, ആദ്യ വിധിയിലൂടെ ലഭിച്ച തിരിച്ചടി കാണാതെയാണ് വീണ്ടും കോടതി കയറിയതെന്നതാണ് മറ്റൊരു അത്ഭുതം. സര്‍ക്കാരിന്റെ പിടിവാശി മനസിലാക്കിയ സുപ്രീംകോടതിക്ക് പിന്നെ വെറുതെയിരിക്കാന്‍ സാധിക്കുമോ?.
ഇതോടെയാണ് സംസ്ഥാനത്തെ ഒരു സർക്കാരിനും മുഖ്യമന്ത്രിക്കും ഏറ്റിട്ടില്ലാത്ത പ്രഹരം പരമോന്നത കോടതിയില്‍ നിന്ന് ലഭിച്ചത്. സെന്‍കുമാര്‍ പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്‌തു. സര്‍ക്കാരിന്റെ അഹന്തയ്‌ക്കുള്ള തിരിച്ചടി കൂടിയാണ് സെന്‍കുമാര്‍ വിഷയത്തില്‍ കണ്ടത്.