Select Your Language

Notifications

webdunia
webdunia
webdunia
webdunia

എം എഫ് ഹുസൈന്‍ വരയ്ക്കട്ടെ; പെരുമാള്‍ മുരുകന്‍ വായിക്കപ്പെടട്ടെ: ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ആ ന്യായാധിപന്‍

എം എഫ് ഹുസൈന്‍ വരയ്ക്കട്ടെ; പെരുമാള്‍ മുരുകന്‍ വായിക്കപ്പെടട്ടെ: ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ആ ന്യായാധിപന്‍

എം എഫ് ഹുസൈന്‍ വരയ്ക്കട്ടെ; പെരുമാള്‍ മുരുകന്‍ വായിക്കപ്പെടട്ടെ: ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ആ ന്യായാധിപന്‍

ജെ ജെ

ചെന്നൈ , ശനി, 9 ജൂലൈ 2016 (14:42 IST)
ഹിന്ദുത്വസംഘടനകളുടെ ഭീഷണിക്കു മുമ്പില്‍ കീഴടങ്ങി പുസ്തകം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച പെരുമാള്‍ മുരുകന്‍ പിന്നെ പറഞ്ഞത് താന്‍ എഴുത്തു നിര്‍ത്തുന്നു എന്നാണ്. എന്നാല്‍, പെരുമാള്‍ മുരുകന്‍ എഴുത്ത് നിര്‍ത്തേണ്ടയാളല്ലെന്നും അദ്ദേഹത്തിന്റെ പുസ്തകം നിരോധിക്കപ്പെടേണ്ടതല്ലെന്നും കലയെയും സംസ്കാരത്തെയും സ്നേഹിക്കുന്ന ഒരു ന്യായാധിപന്‍ പ്രഖ്യാപിച്ചു. പെരുമാള്‍ മുരുകന്റെ ‘മാതൊരുഭാഗന്‍’ എന്ന പുസ്തകം പിന്‍വലിക്കേണ്ടെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസമാണ് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് എസ് കെ കൌള്‍, ജസ്റ്റിസ് പുഷ്‌പ സത്യനാരായണ എന്നിവരടങ്ങിയ ബെഞ്ച് ആയിരുന്നു പുസ്തകം പിന്‍വലിക്കേണ്ടതില്ലെന്ന് ഉത്തരവിട്ടത്. പെരുമാള്‍ മുരുകനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന പ്രദേശവാസികളുടെ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.
 
‘മാതൊരുഭാഗന്‍’ അഥവാ അര്‍ദ്ധനാരീശ്വരന്‍ പറഞ്ഞത് ?
 
തമിഴ്‌നാട്ടിലെ നാമക്കലിനടുത്തുള്ള തിരുച്ചെങ്കോട്ട് അര്‍ദ്ധനാരീശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് ‘മാതൊരുഭാഗന്‍’. നൂറു കൊല്ലങ്ങള്‍ക്കു മുമ്പ് ഇവിടെ നിലനിന്നിരുന്ന ചില ആചാരങ്ങളുടെ കഥയാണ് ഈ പുസ്തകം പറയുന്നത്. കുഞ്ഞുങ്ങള്‍ ഇല്ലാത്ത സ്ത്രീകള്‍ വീട്ടുകാരുടെ സമ്മതത്തോടെ ക്ഷേത്രത്തിലെ മുഖ്യ ഉത്സവരാത്രിയില്‍ ഇഷ്‌ടപ്പെട്ട പുരുഷന്റെ കൂടെ ശയിക്കുകയും കുഞ്ഞുങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ അനുഗ്രഹമാണെന്നാണ് കണക്കാക്കുക. നോവലിലെ പ്രധാന കഥാപാത്രമായ ‘പൊന്ന’ യ്ക്ക് മക്കളില്ല. ഭര്‍ത്താവിന് താല്പര്യമില്ലാഞ്ഞിട്ടും വൈകാശി വിശാഖം രഥോത്സവത്തിന്റെ അന്ന് പരപുരുഷനെ പ്രാപിക്കുന്ന അനുഷ്‌ഠാനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതാണ് ‘മാതൊരുഭാഗ’ന്റെ ഇതിവൃത്തം.
 
2010ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകം വിശ്വാസികളെ വ്രണപ്പെടുത്തുന്നെന്ന് കാണിച്ച് 2014ലാണ് പ്രതിഷേധവുമായി ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയത്. ഇതിനെ തുടര്‍ന്ന് നാമയ്ക്കല്‍ ഭരണകൂടം ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തി. അങ്ങനെ, 2015 ജനുവരി 12ന് പുസ്തകത്തിലെ വിവാദഭാഗം നീക്കം ചെയ്യാമെന്നും വിപണിയില്‍ ബാക്കിയുള്ള പുസ്തകങ്ങള്‍ പിന്‍വലിക്കാമെന്നും മാപ്പ് പറയാമെന്നും പെരുമാള്‍ മുരുകന്‍ സമ്മതിക്കുകയും പ്രതിഷേധം അവസാനിക്കുകയും ചെയ്തു. എന്നാല്‍, ഇതിനു പിന്നാലെ താന്‍ എഴുത്തു നിര്‍ത്തുകയാണെന്ന് പെരുമാള്‍ മുരുകന്‍ പറഞ്ഞതോടെ സാഹിത്യലോകവും സാംസ്കാരികലോകവും ഞെട്ടി. എന്നാല്‍, ഒത്തുതീര്‍പ്പ് മാനദണ്ഡം ചോദ്യംചെയ്ത് തമിഴ്നാട്ടിലെ പുരോഗമന എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഘടന കോടതിയില്‍ ഹര്‍ജി നല്കുകയായിരുന്നു. ഈ ഹര്‍ജിയില്‍ സാംസ്കാരികലോകത്തിന് അനുകൂലമായ വിധി പ്രഖ്യാപിച്ചാണ് ഒരു വര്‍ഷം നീണ്ട നിയമനടപടികള്‍ ചീഫ് ജസ്റ്റിസ് എസ് കെ കൌള്‍ ഉള്‍പ്പെടുന്ന ബെഞ്ച് അവസാനിപ്പിച്ചത്.
 
വിധിപ്രഖ്യാപനത്തില്‍ ജസ്റ്റിസ് എസ് കെ കൌള്‍ പറഞ്ഞത് ?
 
‘ജന്മനാട്ടില്‍ നിന്ന് പെരുമാള്‍ മുരുകന്‍ ഓടിപ്പോവേണ്ടി വന്ന സാഹചര്യം നമ്മുടെ സംസ്കാരത്തിന് മുറിവേല്പിക്കുന്നതാണ്. നമ്മുടെ സംസ്കാരത്തിന്റെ ആത്മാവ് സഹിഷ്‌ണുതയാണ്. കലയും സാഹിത്യവും പലപ്പോഴും പ്രകോപനപരമാണ്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല കലയും സാഹിത്യവും രൂപപ്പെടുന്നത്. കലാകാരന്റെ, എഴുത്തുകാരന്റെ ഭാവനയും അതിലുണ്ടാകും. അതുകൊണ്ടു തന്നെ കലയ്ക്കെതിരെയുള്ള കൊലവിളികള്‍ ചെറുക്കപ്പെടേണ്ടതാണ്’ - പെരുമാള്‍ മുരുകന്റെ പുസ്തകം നിരോധിക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് എസ് കെ കൌള്‍ പറഞ്ഞു.
 
ആദ്യം എം എഫ് ഹുസൈന്‍ വരയ്ക്കട്ടെ എന്ന് പറഞ്ഞു; ഇപ്പോള്‍ പെരുമാള്‍ മുരുകന്‍ എഴുതട്ടെയെന്നും
 
ഇതാദ്യമായല്ല എസ് കെ കൌള്‍ വിധിന്യായം കൊണ്ട് ശ്രദ്ധേയനാകുന്നത്. വിഖ്യാതചിത്രകാരന്‍ എം എഫ് ഹുസൈന്‍ ഹിന്ദു ദേവതമാരെ നഗ്നരായി ചിത്രീകരിച്ചത് വിവാദമായിരുന്നു. ഹുസൈന്‍ മതവികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. ആരോപണം ശക്തമായപ്പോള്‍ ഹുസൈന് ഇന്ത്യ വിട്ടു പോകേണ്ടിവന്നു. എന്നാല്‍, 2008 മെയ് എട്ടിന് ഡല്‍ഹി ഹൈക്കോടതി ജഡ്‌ജിയായിരിക്കുമ്പോള്‍ എം എഫ് ഹുസൈന് അനുകൂലമായി ജസ്റ്റിസ് കൌള്‍ വിധിയെഴുതി. ആ വിധി പ്രഖ്യാപനം അദ്ദേഹം പറഞ്ഞുനിര്‍ത്തിയത് ഇങ്ങനെ ആയിരുന്നു, ‘ചിന്തയിലും പ്രവൃത്തിയിലും നമ്മുടെ സംസ്കാരം സഹിഷ്‌ണുതയുടെ സംസ്കാരമാണ്. ഈ 90 ആം വയസ്സില്‍ ഒരു ചിത്രകാരന്‍ അദ്ദേഹത്തിന്റെ ജന്മനാട്ടിലാണ് കഴിയേണ്ടത്. അദ്ദേഹം ചിത്രം വരയ്ക്കട്ടെ’. 
 
കലയിലും സാഹിത്യത്തിലും ഭാരതീയമായ നിരവധി ഉദാഹരണങ്ങള്‍ നിരത്തിക്കൊണ്ടായിരുന്നു അദ്ദേഹം വിധി പ്രഖ്യാപിച്ചത്. ‘കാമസൂത്രയുടെ നാടാണ് ഭാരതം. പിന്നെ, സെക്സ് എന്നു കേള്‍ക്കുമ്പോള്‍ എന്തിനാണ് നമ്മള്‍ നാണിച്ചു ചൂളുന്നത്’ - ആവിഷ്കാരസ്വാതന്ത്ര്യത്തിന് സദാചാരത്തിന്റെ അതിരുകള്‍ തീര്‍ത്തപ്പോള്‍ ജസ്റ്റിസ് എസ് കെ കൌള്‍ ചോദിച്ച ഈ ചോദ്യം നാം ഓരോരുത്തരും നമ്മോടുതന്നെ ചോദിക്കേണ്ടതാണ്.
 
ആരാണ് സഞ്ജയ് കൃഷ്‌ണ കൌള്‍ അഥവാ ചീഫ് ജസ്റ്റിസ് എസ് കെ കൌള്‍ ?
 
1982ല്‍ അഭിഭാഷകനായി എന്റോള്‍  ചെയ്തു. ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രാക്‌ടീസ് ചെയ്ത അദ്ദേഹം 2013ല്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി. പിന്നീട് 2014, ജൂലൈ 25നാണ് മദ്രാസ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കടലാസ് പേന വലിച്ചെറിഞ്ഞാല്‍ ഇനി മരങ്ങളുണ്ടാകും