Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റപ്പെടലുകളെ മറികടക്കാൻ ഇവർക്കൊപ്പം നമുക്കും കൈകളുയർത്താം...

ജീവിക്കൂ ജീവിക്കാൻ അനുവദിക്കൂ

ഒറ്റപ്പെടലുകളെ മറികടക്കാൻ ഇവർക്കൊപ്പം നമുക്കും കൈകളുയർത്താം...
, വ്യാഴം, 1 ഡിസം‌ബര്‍ 2016 (09:44 IST)
ജീവിക്കൂ ജീവിക്കാന്‍ അനുവദിക്കൂ എന്ന സന്ദേശവുമായി, ഈ നൂറ്റാണ്ടിന്‍റെ മഹാരോഗത്തിനെതിരായ ബോധവല്‍ക്കരണത്തിന് ഒരു ദിനം, ഡിസംബര്‍ 1, ലോക എയിഡ്സ് ദിനം. എയ്ഡ്സ് എന്ന മഹാവിപത്തിന് അടിമപ്പെടാതിരിക്കുന്നതിനും രോഗം ബാധിച്ചവര്‍ക്ക് പര്യാപ്തമായ ചികിത്സ നല്‍കുന്നതിനെ കുറിച്ച് ലോകത്തെ ബോധാവാന്മാരാക്കുന്നതിനും വേണ്ടിയാണ് ലോകാരോഗ്യസംഘടന ഓരോ വര്‍ഷവും ഡിസംബര്‍ ഒന്ന് എയ്ഡ്സ് ദിനമായി ആചരിക്കുന്നത്. എച്ച് ഐ വി പ്രതിരോധത്തിന്  ഓരോ പൗരനും മുൻകൈ എടുക്കണം എന്നതാണ് ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ 27ആം വാര്‍ഷികദിനമായ ഇന്ന് ലോകം പിന്തുടരുന്ന ആശയം.
 
രോഗബാധയെ ജയിക്കാൻ ഒറ്റപ്പെടലുകളെ മറികടക്കാന്‍ ഇവർക്കൊപ്പം നമുക്കും കൈകളുയർത്താം. സാക്ഷരതയുടെയും ജീവിതനിലവാരത്തിന്‍റെയും ഉന്നതിയ്ക്കൊപ്പം ബോധവല്ക്കരണത്തില്‍ മലയാളി മുന്നേറിയിട്ടുണ്ടോ എന്ന ആത്മപരിശോധനയ്ക്കും ഈ ദിനം ഉതകട്ടെ. മനുഷ്യന്‍റെ തെറ്റുകള്‍ക്ക് പ്രകൃതി നല്‍കിയ ശിക്ഷ, അതിനെതിരായ വിജയം കാണാത്ത പോരാട്ടങ്ങള്‍ക്ക് ഈ ദിനം സമര്‍പ്പിക്കാം. വരാനിരിക്കുന്ന പ്രതിവിധികളേക്കാള്‍ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളേക്കുറിച്ചു ചിന്തിക്കാം. ഒപ്പം, ഇന്നും നമ്മുടെ സമൂഹത്തില്‍ ഈ മഹാവിപത്തിനെപ്പറ്റി നിലനില്‍ക്കുന്ന ചില അബദ്ധധാരണകള്‍ തിരുത്താനും ഈ ദിനം ഉപകരിക്കട്ടെ.
 
എന്താണ് എയ്ഡ്സ്?
 
ഹ്യുമൻ ഇമ്മ്യൂണോ വൈറസ് (എച്ച് ഐ വി)  ശരീരത്തിലേക്ക് കടക്കുന്നത്‌ വഴി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടികൂടുകയും ചെയ്യുന്ന ഭീതികരമായ അവസ്ഥയാണ് അല്ലെങ്കിൽ സിൻഡ്രോം ആണ് എയ്‌ഡ്‌സ്. അക്വയേഡ് ഇമ്മ്യൂൺ ഡെഫിഷ്യൻസി സിൻഡ്രോം എന്നതിന്റെ ചുരുക്കരൂപമാണ് എയ്ഡ്സ്. 1984-ല്‍ അമേരിക്കന്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റോബര്‍ട്ട് ഗാലോയാണ് എയ്ഡ്സ് രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത്. മനുഷ്യരാശിയ്ക്ക് ഭീഷണിയായ എച്ച് ഐ വി വൈറസ് ബാധിച്ച് ലോകത്ത് നാല് കോടിയോളം പേര്‍ ജീവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ പുതിയ കണക്ക്.
 
webdunia
എയ്ഡ്‌സ് പകരുന്ന വഴികള്‍, അവയ്ക്കുള്ള പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ച് ലോക ജനതയ്ക്ക് അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയ്ഡ്‌സ് പോരാട്ടത്തില്‍ രാജ്യാന്തരസഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് എയ്ഡ്സ് ദിനാചരണത്തിന്‍റെ ലക്ഷ്യങ്ങള്‍. എയ്ഡ്‌സിനെക്കുറിച്ച് ബോധവാനാണ് എന്ന് സൂചിപ്പിച്ചു കൊണ്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബണ്‍ അണിയുന്നത്. മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട്, എച്ച് ഐ വി നിയന്ത്രണം, അണുബാധിതർക്കുള്ള ചികിത്സ, സംരക്ഷണം, പിന്തുണ എന്നിവ എല്ലാവർക്കും പ്രാപ്യമാക്കുക കൂടി ഈ ദിനം ലക്ഷ്യമിടുന്നു.
 
എന്തുകൊണ്ട് കൊതുകുകള്‍ എയ്ഡ്സ് പരത്തുന്നില്ല?
 
കൊതുകുകള്‍ വഴിയോ മൂട്ട, ഈച്ച, ചെള്ള്, മുതലായവ വഴിയോ എച്ച് ഐ വി പകരുന്നില്ല. കൊതുകുകള്‍ രക്തം വലിച്ചെടുക്കുകയാണ്, രക്തം കുത്തിവയ്ക്കുകയല്ല ചെയ്യുന്നത്. മാത്രമല്ല എച്ച് ഐ വി കൊതുകിന്‍റെ ശരീരത്തില്‍ അതിജീവിക്കാറുമില്ല. മലേറിയയുടേയും മന്തിന്റേയും രോഗാണുക്കള്‍ക്ക് കൊതുകിന്‍റെ ശരീരത്തില്‍ ഒരു ജീവിതചക്രമുണ്ട്. എച്ച് ഐ വിയ്ക്ക് മനുഷ്യശരീരത്തില്‍ മാത്രമേ നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. 
 
കുത്തിവയ്പിലൂടെ എച്ച് ഐ വി പകരാന്‍ സാധ്യതയുണ്ടോ?
 
രോഗചികിത്സയുടെ ഭാഗമായി നടത്തുന്ന കുത്തിവയ്പുകളില്‍ എച്ച് ഐ വി അണുവ്യാപന സാധ്യത തീരെയില്ല. എങ്കിലും അത്യാവശ്യമല്ലെങ്കില്‍ കുത്തിവയ്പ് ഒഴിവാക്കുക. കുത്തിവയ്പ് ആവശ്യമായ സന്ദര്‍ഭത്തില്‍ ഡിസ്പോസിബിള്‍ അല്ലെങ്കില്‍ അണുവിമുക്തമാക്കപ്പെട്ട സിറിഞ്ചും സൂചിയുമാണ് ഉപയോഗിക്കാറുള്ളത്. സിറിഞ്ചും സൂചിയും അണുവിമുക്തമാക്കാതെ പങ്കിടുന്നതിനാല്‍ മയക്കുമരുന്ന് കുത്തിവയ്ക്കുന്നവരില്‍ എച്ച് ഐ വി അണുബാധയ്ക്ക് സാധ്യത കൂടുതലാണ്.
 
ബാര്‍ബര്‍ഷോപ്പ് വഴി എയ്ഡ്സ് പകരുമോ?
 
ബാര്‍ബര്‍ ഷോപ്പ് വഴി എച്ച് ഐ വി പകരാനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും, ഓരോ വ്യക്തിയെയും ഷേവ് ചെയ്യുമ്പോള്‍ ബാര്‍ബര്‍ പുതിയ ബ്ളേഡ് ഉപയോഗിക്കുന്നതാണ് നല്ലത്. എച്ച് ഐ വി രോഗബാധിതനായ ഒരു വ്യക്തിയില്‍ ഉപയോഗിച്ച രക്തം പുരണ്ട കത്തി മറ്റൊരാളില്‍ ഉപയോഗിക്കുമ്പോള്‍ അയാള്‍ക്ക് മുറിവ് പറ്റിയാല്‍ മാത്രമേ എച്ച് ഐ വി പകരുകയുള്ളൂ. ഇത്തരമൊരു സാഹചര്യം വിരളമാണല്ലോ.
 
webdunia
എയ്ഡ്സ് രോഗി ഉപയോഗിച്ച ബാത്റൂം പങ്കിടാമോ?
 
തീര്‍ച്ചയായും. പൊതുവായതായാലും സ്വകാര്യമായതായാലും വൃത്തിഹീനമായാലും കക്കൂസിലൂടെ എച്ച് ഐ വി അണുബാധ പകരുകയില്ല. എച്ച് ഐ വി അണുക്കള്‍ ശരീരശ്രവങ്ങള്‍ക്ക് വെളിയിലോ തുറന്ന പ്രദേശങ്ങളിലോ അധിക നേരം അതിജീവിക്കാനാവില്ല. അതുപോലെ സ്വിമ്മിങ് പൂള്‍ ഉപയോഗിക്കുന്നതിലൂടെയോ പാത്രങ്ങളും വസ്ത്രങ്ങളും പങ്കിടുന്നതിലൂടെയോ ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിലൂടെയോ അണുബാധയുളള വ്യക്തിയുമായി സാമൂഹ്യപരമായി ഇടപെടുന്നതിലൂടെയോ എച്ച് ഐ വി പകരുന്നതല്ല.
 
ഒരു എച്ച് ഐ വി ബാധിതന്‍ മറ്റൊരു വ്യക്തിയ്ക്ക് അരികിലിരുന്ന് ചുമച്ചാല്‍ അയാൾക്ക് എച്ച് ഐ വി പകരുമോ?
 
ഇല്ല. എച്ച് ഐ വി വായുവിലൂടെ പകരുന്നില്ല. രക്തം, ശുക്ളം, യോനീസ്രവം, മുലപ്പാല്‍ തുടങ്ങിയവയിലൂടെ മാത്രമേ പകരുകയുള്ളൂ. അതിനാല്‍ ചുമ മൂലം എച്ച് ഐ വി പകരാന്‍ ഒരു സാധ്യതയുമില്ല.
 
ചുംബനത്തിലൂടെ എയ്ഡ്സ് പകരുമോ?
 
സാധാരണ ചുംബനത്തിലൂടെ എച്ച് ഐവി പകരാന്‍ സാധ്യതയില്ല. മറ്റൊരാളിലേയ്ക്ക് പകര്‍ത്താന്‍ അപര്യാപ്തമായ അളവില്‍ എച്ച് ഐ വി ഉമിനീരില്‍ ഉണ്ടാവില്ല. 
 
എച്ച് ഐ വി അണുബാധിതനായ വ്യക്തിയുടെ കൂടെ ജോലി ചെയ്യുന്നത് സുരക്ഷിതമാണോ?
 
അതെ, സാധാരണ സമ്പര്‍ക്കമായ ഹസ്തദാനത്തിലൂടെയോ, ആലിംഗനത്തിലൂടെയോ, പാത്രങ്ങള്‍, തൂവാല ഇവ പങ്കിടുന്നതിലൂടെയോ എച്ച് ഐ വി പകരുന്നില്ല. നിങ്ങളുടെ കൂടെ ഒരു എച്ച് ഐ വി ബാധിതന്‍ ജോലി ചെയ്യുന്നെങ്കില്‍, അതില്‍ ഒരു അപകടസാധ്യതകയുമില്ല എന്ന് സഹപ്രവര്‍ത്തകരെ ബോധവത്ക്കരിക്കുക. മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുകയില്ല എന്ന ഉറപ്പ് രോഗബാധിതന് നല്‍കുക.
 
കുടുംബത്തിലെ എയ്ഡ്സ് ബാധിതനായ വ്യക്തിയെ എങ്ങനെ പരിചരിയ്ക്കാം?
 
എച്ച് ഐ വി ബാധിതനാണെന്ന അറിവ് ഒരു വ്യക്തിയില്‍ മാനസിക ആഘാതമുണ്ടാക്കുന്നു. അണുബാധിതര്‍ മറ്റുള്ളവരുടെ സ്നേഹവും പരിചരണവും ആഗ്രഹിക്കുന്നു. അണുബാധിതരോട് മുന്‍വിധിയോടെയോ പക്ഷപാതപരമായോ പെരുമാറരുത്. അയാളുടെ ആഹാര കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും, അയാള്‍ ഒരു സാധാരണ ജീവിതം നയിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക. സന്തോഷകരമായ മാനസികാവസ്ഥയും ഉത്തമ ശാരീരിക പരിചരണവും വിദഗ്ധ ചികിത്സയും എച്ച് ഐ വി അണുബാധിതരുടെ ജീവിതദൈര്‍ഘ്യം കൂട്ടും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ധനം കുറവായിട്ടും മമത സഞ്ചരിച്ച വിമാനത്തിന് ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല; ബംഗാള്‍ മുഖ്യമന്ത്രിയെ കൊല്ലാന്‍ ഗൂഡാലോചനയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്