അജിലാലിന്‍റെ ചെങ്ങറ ചിത്രങ്ങള്
വി എ അജിലാലിന് ക്യാമറ ശരീരത്തോട് ചേര്‍ന്ന ഒരു അവയവം മാത്രമാണ്. പച്ചപരിഷ്‌കാരിയായ ക്യാമറയല്ല കൈയ്യിലുള്ളതെങ്കിലും അതുമായി അയാള്‍ കയറി ഇറങ്ങാത്ത മലകളില്ല, തെണ്ടിത്തിരിയാത്ത നാടുകളില്ല.ആലുവ ശ്രീമൂലനഗരം സ്വദേശിയായ അജിലാല് ഫൈന് ആട്സ് കോളെജില്‍ പഠിച്ചത് പെയിന്റിങ്ങ് ആണെങ്കിലും ക്യാമറയിലൂട വരയ്‌ക്കാനാണ് ഇഷ്ടമെന്ന് ഓരോ ഫ്രയിമും ബോധ്യപ്പെടുത്തുന്നു. സിഡിറ്റിലെ മികച്ച അനിമേറ്റര്‍മാരില്‍ ഒരാളായിരുന്ന അജിലാല്‍ ഫോട്ടോഗ്രാഫിക്ക് വേണ്ടി അനിമേഷന്‍ ഉപേക്ഷിക്കുകയായിരുന്നു.കോഴിക്കോട് നിന്ന് ഡോ.സുകുമാര്‍ അഴീക്കോടിന്‍റെ പത്രധിപത്യത്തില്‍ ആരംഭിച്ച വര്‍ത്തമാനം ദിനപത്രത്തിലൂടെയാണ് അജിലാല്‍ മാധ്യമരംഗത്തേക്ക് എത്തുന്നത്.ഫോട്ടോഗ്രാഫിയുടെ രാജ്യാന്തര മാഗസീനുകളിലടക്കം അജിലാലിന്‍റെ ചിത്രങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ പ്രത്യേക പരാമര്‍ശം 2004ല്‍ ലഭിച്ചു അക്കാദമിയുടെ ഫോട്ടോഗ്രാഫി പുരസ്‌കാരം തന്നെ 2006ല്‍ ലഭിച്ചു. അതേ വര്‍ഷം തന്നെയാണ് ബട്ടര്‍ഫ്ലൈ ആര്‍ട് ഫൗണ്ടേഷന്‍ മെരിറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്.
വര്‍ത്താനം ദിനപത്രത്തിലെ ആഴ്‌ചപ്പതിപ്പില്‍ അജിലാല്‍ ആരംഭിച്ച ഫോട്ടോഗ്രാഫി കോളം, ‘നിറങ്ങളില്‍ സെപിയ’ മൗലികതയുടെ ഉള്‍കാഴ്‌ചകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. തികച്ചും സാധാരണമെന്ന് തോന്നുന്ന കാഴ്ചകളിലെ കാണാകാഴ്‌ചകളും ചിന്തകളും പങ്കുവെച്ച കോളം നൂറ്റമ്പതിലേറെ ആഴ്‌ചകള്‍ പിന്നിട്ടു. 2006 ഫെബ്രുവരിയില്‍ കോഴിക്കോട് ആര്‍ട് ഗ്യാലറിയില്‍ നടന്ന നിറങ്ങളില്‍ സെപിയ ഫോട്ടോ പ്രദര്‍ശനം അഭൂതപൂര്‍വ്വമായ ജനതിരക്കു കൊണ്ട് ശ്രദ്ധേയമായി.ബാവുല്‍ ഗായകര്‍ കേരളത്തിലെത്തിയപ്പോള്‍ അവരെ ക്യാമറയിലൂടെ പിന്തുടര്‍ന്ന അജിലാലിന്‍റെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിലെ ജനകീയ സമരങ്ങളിലെല്ലാം അജിലാലിന്‍റെ ക്യാമറയുടെ നിശബ്ദചിത്രങ്ങള്‍ കൂട്ടുണ്ടാകും. മുത്തങ്ങയിലും പ്ലാച്ചിമടയിലും ഒടുവില്‍ ചെങ്ങറ ഭൂസമരത്തിലും അജിലാലിന്‍റെ ക്യാമറ ഇരകള്‍ക്ക് വേണ്ടി ശബ്ദിച്ചു. ജീവിക്കാന്‍ ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്നവരുടെ ദുരിത ജീവിതം ഒപ്പി എടുത്ത അജിലാലിന്‍റെ ചെങ്ങറ ചിത്രങ്ങള്‍ കാണാം
Follow Webdunia malayalam