Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിത് ഷായ്ക്ക് കാലിടറുന്നു ? തിരിച്ചടിയുടെ ഞെട്ടലില്‍ ബിജെപി !

അമിത് ഷായ്ക്ക് കിട്ടിയത് എട്ടുംഎട്ടും പതിനാറിന്റെ പണി

amit shah
, വ്യാഴം, 10 ഓഗസ്റ്റ് 2017 (11:11 IST)
ബിജെപിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്ന ഒരു പേരാണ് അമിത് ഷാ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു പല സംസ്ഥാനങ്ങളിലും ബിജെപി എന്ന പാര്‍ട്ടി അത്രയേറെ വിജയങ്ങള്‍ നേടിയെടുത്തതെന്നുമൊണ്ടുമാത്രമാണ് അത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്നാം വാര്‍ഷികം പൂര്‍ത്തിയാക്കുന്ന വേളയില്‍ അമിത് ഷാ ആദ്യമായി രാജ്യസഭയിലെത്തിയ തിരഞ്ഞെടുപ്പും ചരിത്രത്തില്‍ ഇടം‌പിടിക്കും. പക്ഷേ അത് കറുത്ത അക്ഷരങ്ങളിലായിരിക്കുമെന്നുമാത്രം.
 
അമിത് ഷാ ആദ്യമായി രാജ്യ സഭയില്‍ എത്തുന്ന വേളയില്‍ അവിടെ അഹമ്മദ് പട്ടേല്‍ ഉണ്ടാകരുതെന്ന് അദ്ദേഹം അത്രയേറെ ആഗ്രഹിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതൊന്നുകൊണ്ടു മാത്രമാണ് എത്ര വലിയ വിലകൊടുത്തും പട്ടേലിനെ തോല്‍പിക്കാനായി അമിത് ഷായും പാര്‍ട്ടിയും മുണ്ടും മുറുക്കിയിറങ്ങിയതെന്ന കാര്യം വ്യക്തമാകുന്നത്. വ്യക്തിപരമായ ആ ഒരു ലക്ഷ്യം മാത്രമായിരുന്നു അമിത് ഷായ്ക്ക് അത്രയേറെ ചീത്തപ്പേരുണ്ടാക്കിക്കൊടുത്തതെന്ന കാര്യം അതില്‍ നിന്നും വ്യക്തവുമാണ്. 
 
എന്താണ് അമിത് ഷായ്ക്ക് പട്ടേലിനോട് ഇത്രയും ദേഷ്യം തോന്നാനുള്ള കാര്യം ? അഹമ്മദ് പട്ടേലും അമിത് ഷായും  ഗുജറാത്തില്‍ നിന്നുള്ള നേതാക്കളാണെന്നതുതന്നെയായിരിക്കും ഈ രാഷ്ട്രീയ ശത്രുതയ്ക്കുള്ള പ്രധാന കാരണം. ഗുജറാത്തില്‍ തന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളി ആയിട്ടായിരുന്നു അമിത് ഷാ, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ അഹമ്മദ് പട്ടേലിനെ കണ്ടിരുന്നതെന്നതും പരസ്യമായ രഹസ്യമാണ്. ഗുജറാത്ത് രാഷ്ട്രീയത്തില്‍ അമിത് ഷാ പിച്ചവച്ച് നടക്കുന്ന സമയത്തുതന്നെ അഹമ്മദ് പട്ടേല്‍ ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയനാണ്.
 
ഗുജറാത്തില്‍ ഷായ്ക്ക് കാലുകുത്താന്‍ പോലും കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു അത്. മാത്രവുമല്ല, വേറേയും പല കേസുകളും അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. തനിക്കെതിരെ ഉണ്ടായ എല്ലാ കേസുകളുടേയും പിന്നില്‍ അഹമ്മദ് പട്ടേലാണെന്നാണ് അമിത് ഷാ ധരിച്ചു വച്ചിരുന്നത്. പട്ടേലിനോട് പക തോന്നാല്‍ അതും ഒരു കാരണമായി. ഷാ രാജ്യസഭയിലേക്കെത്തുമെന്ന കാര്യം ഉറപ്പായിരുന്നു. എന്നാല്‍ മൂന്നാമത്തെ സീറ്റിലേക്ക് അഹമ്മദ് പട്ടേല്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വന്നതുമുതലാണ് ഷാ കരുക്കള്‍ നീക്കാന്‍ തുടങ്ങിയത്. 
 
മൂന്ന് ഒഴിവുകളായിരുന്നു രാജ്യസഭയിലേക്ക് ഉണ്ടായിരുന്നത്. രണ്ട് സീറ്റില്‍ ബിജെപിയ്ക്ക് പുഷ്പം പോലെ ജയിക്കാന്‍ കഴിയുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ മൂന്നാമത്തെ സീറ്റില്‍ ജയിക്കാന്‍ ആവശ്യമായ വോട്ട് കോണ്‍ഗ്രസ്സിനുണ്ടായിരുന്നു. അത് പൊളിച്ചടക്കാന്‍ ഇറങ്ങിയതാണ് ഇപ്പോള്‍ പാര്‍ട്ടിക്കും ഒപ്പം അമിത് ഷായ്ക്കും നാണക്കേട് സൃഷ്ടിച്ചത്. എങ്കിലും ഗുജറാത്തിലേറ്റ തിരിച്ചടി അമിത് ഷായുടെ നയങ്ങളിലും തന്ത്രങ്ങളിലുമെല്ലാം ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുമോയെന്ന് കരുതാന്‍ സാധിക്കില്ല. 
 
തോൽവിയിൽ ഭയപ്പെടാതെ ഭാവിയില്‍ കൈപ്പിടിയിലൊതുക്കാവുന്ന വിജയങ്ങൾക്കായി കൂടുതൽ കരുത്താര്‍ജിച്ച് പ്രയത്നിക്കുന്ന പ്രകൃതമാണ് ഷായ്ക്കുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ബിജെപി തോല്‍‌വി ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ അതൊന്നും ഷായെ തളര്‍ത്തിയില്ല. തുടര്‍ന്ന് കഠിനമായ പ്രയത്നങ്ങളിലൂടെ ജനതാദൾ യു–ആർജെഡി ഭിന്നതയെന്ന സുവർണാവസരം മുതലാക്കാനും നിതീഷ് കുമാറിനെ എൻഡിഎ പാളയത്തിലെത്തിക്കാനും ഷായ്ക്ക് കഴിഞ്ഞു. 
 
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയോടേറ്റ കനത്ത തോൽവിയിലും ഷാ കുലുങ്ങിയില്ല. ആം ആദ്മി പാർട്ടിയിൽ പലതരത്തിലുള്ള ശിഥിലീകരണങ്ങൾക്കു കളമൊരുക്കിയും സംസ്ഥാനഘടകം പുനഃസംഘടിപ്പിച്ചുമെല്ലാം കേജ്‌രിവാളിനെതിരായുള്ള മറുനീക്കങ്ങൾ നടത്തുകയായിരുന്നു ഷാ ചെയ്തത്. അതിന്റെ ഫലം ഡൽഹി നഗരസഭാ തിരഞ്ഞെടുപ്പിൽകാണുകയും ചെയ്തു. ആ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടിയെ നിലം‌പരിശാക്കിയാണ് ബിജെപി അവിടെ വെന്നിക്കൊടി പാറിച്ചതെന്നാണ് യാഥാര്‍ത്ഥ്യം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ദിലീപിന് പണ്ടേയുള്ളതാ ഈ അസുഖം‘ - വെളിപ്പെടുത്തലുമായി സംവിധായകന്‍