Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇപ്പോഴും മലയാള സിനിമയുടെ രാജാവ് ദിലീപ് തന്നെ!

ഇപ്പോഴും മലയാള സിനിമയുടെ രാജാവ് ദിലീപ് തന്നെ!

ജോണ്‍ കെ ഏലിയാസ്

, ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (11:45 IST)
പിതാവിന്‍റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നടന്‍ ദിലീപ് ആലുവ സബ്‌ജയിലില്‍ നിന്ന് പുറത്തിറങ്ങിയ രണ്ടുമണിക്കൂര്‍ നേരം മലയാള മാധ്യമലോകവും സിനിമാലോകവും ജനങ്ങളും ആ വാര്‍ത്തയ്ക്ക് പിന്നാലെയാണ് മനസ് പായിച്ചത്. ശ്രാദ്ധ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ദിലീപ് ശാന്തനായി ജയിലിലേക്ക് മടങ്ങുകയും ചെയ്തു.
 
ദിലീപിന് അനുകൂലമായി മലയാള സിനിമയിലെ പ്രമുഖര്‍ പരസ്യമായി രംഗത്തുവരുന്ന സാഹചര്യമാണ് കഴിഞ്ഞ രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായത്. ദിലീപ് രണ്ടുമണിക്കൂര്‍ നേരത്തേക്കെങ്കിലും പുറംലോകം കാണുന്നു എന്ന വാര്‍ത്ത പുറത്തെത്തിയ ശേഷമാണ് പെട്ടെന്ന് വലിയ മാറ്റം സിനിമാലോകത്തുണ്ടായത്.
 
ജയറാമും കെ ബി ഗണേഷ് കുമാറും ആന്‍റണി പെരുമ്പാവൂരും സംവിധായകന്‍ രഞ്ജിത്തും അടക്കമുള്ള പ്രമുഖര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചു. ദിലീപ് ജയിലിലായി രണ്ടുമാസമായിട്ടും സന്ദര്‍ശിക്കാതിരുന്ന പ്രമുഖര്‍ക്ക് പെട്ടെന്ന് എങ്ങനെയാണ് മാനസാന്തരമുണ്ടായത് എന്ന ചോദ്യം അവിടെയാണ് പ്രസക്തമാകുന്നത്.
 
മലയാള സിനിമ ഇപ്പോഴും ഭരിക്കുന്നത് ദിലീപാണ് എന്ന സത്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ജയിലിലാണെങ്കിലും ദിലീപിന്‍റെ വിരല്‍ത്തുമ്പുകള്‍ ചലിക്കുന്നതിന് അനുസരിച്ചാണ് മലയാള സിനിമ ഇപ്പോഴും ആടുന്നത്. ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ പഴയതിനേക്കാള്‍ കരുത്തോടെ മടങ്ങിവരവ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്.
 
സിനിമയിലെ സര്‍വ്വസംഘടനകളും പുറത്താക്കിയെങ്കിലും ഇപ്പോഴും ഈ സംഘടനകളില്‍ പലതും ദിലീപിന്‍റെ നിയന്ത്രണത്തിലാണെന്നതാണ് വസ്തുത. സൂപ്പര്‍താരങ്ങള്‍ നേരിട്ട് ജയിലില്‍ വരുന്നില്ലെങ്കിലും അവരുടെ സന്ദേശങ്ങള്‍ കൃത്യമായി ജയിലില്‍ എത്തുന്നുണ്ടെന്നും വിവരമുണ്ട്. ആന്‍റണി പെരുമ്പാവൂരിനെപ്പോലുള്ളവര്‍ ജയില്‍ സന്ദര്‍ശനം നടത്തുന്നതും സൂപ്പര്‍താരങ്ങളുടെ പിന്തുണ ദിലീപിനെ അറിയിക്കാന്‍ വേണ്ടിയാണത്രേ.
 
അതേസമയം, ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെപ്പറ്റി പറയാനോ അവരുടെ വീട് സന്ദര്‍ശിക്കാനോ താരങ്ങളും മറ്റ് സിനിമാപ്രവര്‍ത്തകരും തയ്യാറാവുന്നില്ലെന്നതും ശ്രദ്ധേയമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബന്ധുക്കള്‍ മിണ്ടാതിരുന്നപ്പോള്‍ നിശബ്ദത ഭേദിച്ച് ദിലീപ്; എല്ലാവരോടും സംസാരിച്ചെങ്കിലും മുഖത്ത് നിരാശ - മടക്കയാത്ര നിറകണ്ണുകളോടെ