ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ.അബ്ദുള്‍ കലാമിനു 2008 ഒക് റ്റോബര്‍ 15 ന് 77 വയസ്സ്.1931 ഒക്ടോബര്‍ 15ന് തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ചു. അബ്ദുള്‍ പക്കിര്‍ ജൈനുലബ്ദീന്‍ അബ്ദുള്‍കലാം എന്നു മുഴുവന്‍ പേര്.
ഭാരതത്തിന്‍റെ പന്ത്രണ്ടാമത് രാഷ്ട്രപതിയായി 2002 ജൂലൈ 25 ന് അധികാരമേറ്റ കലാമിന്‍റെ മനസ്സില്‍ എന്നും ശോഭനമായ ഇന്ത്യയെ വാര്‍ത്തെടുക്കാനുള്ള സ്വപ്നങ്ങളാണ് ഉണ്ടായിരുന്നത്.
ഭാരതചരിത്രത്തിലൊരിക്കലും ഇത്രയും ജനപിന്തുണ ലഭിച്ച രാഷ്ട്രപതിയുണ്ടായിട്ടില്ല. രാജ്യത്തിന്‍റെ വികസനകാര്യങ്ങളെകുറിച്ചുള്ള തന്‍റെ സ്വപ്നങ്ങള്‍ ജനങ്ങളുമൊത്ത് പങ്കുവയ്ക്കാനും അദ്ദേഹത്തിന് മടിച്ചിരുന്നില്ല.
രാഷ്ട്രപതിയായിരിക്കേ കേരളത്തിന്‍റെ വികസനത്തിനായി മുന്നോട്ട് വെച്ച പത്തിന പരിപാടി വളരെയേറെ ശ്രദ്ധേയമായിരുന്നു.ഇപ്പോഴും ഇതുസംബന്ധിച്ച ചര്‍ച്ച നടക്കുന്നു.
2010 ഓടെ ഇന്ത്യയെ ലോകശക്തിയാക്കി മാറ്റാനാകുമെന്നു പറയുന്ന കലാമിന്‍റെ യുവജനങ്ങോളുടുള്ള ആഹ്വാനം വികസനോന്മുഖമായ സ്വപ്നങ്ങള്‍ കാണാനും അത് നേടിയെടുക്കാനായി പ്രയത്നിയ്ക്കാനുമാണ്. ബഹിരാകാശത്ത് പോയി വരിക എന്ന വലിയ സ്വപ്നത്തെ പ്രണയിക്കുകയാണ് കലാമിപ്പോള്‍.
തമിഴ്നാട്ടിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച അബ്ദുള്‍ കലാം ഭാരതത്തിന്‍റെ പ്രതിരോധ ശാസ്ത്രരംഗത്തെ മികച്ച പ്രതിഭാശാലിയായ ശാസ്ത്രജ്ഞനായിത്തീര്‍ന്നു. ഭാരതരത്നം, പത്മഭൂഷണ്‍, ആര്യഭട്ട അവാര്‍ഡ് തുടങ്ങി വളരെയേറെ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞനായി ഔദ്യോഗിക ജീവിതമാരംഭിച്ച കലാം ഇന്ത്യന്‍ മിസൈലിന്‍റെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. ബഹിരാകാശ ഗവേഷണ ഭൂപടത്തില്‍ ഇന്ത്യയുടെ പേരിന് സ്വര്‍ണത്തിളക്കം പകര്‍ന്ന ശാസ്ത്രബുദ്ധിയാണ് ഡോ. അബ്ദുള്‍കലാമിന്‍റേത്.
ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ തലതൊട്ടപ്പനായ ഈ മനുഷ്യന് മിസൈലുകളെക്കുറിച്ചുള്ള സ്വപ്നം എന്നും ഹരമായിരുന്നു.
ന്ന ഡോ. കലാമിന്‍റെ അടുത്ത സ്വപ്നം ബൂമാറാംഗ് മിസൈലുകളെക്കുറിച്ചുള്ളതാണ്. അയച്ചു കഴിഞ്ഞാല്‍ തിരിച്ചുവരികയും വീണ്ടും ഉപയോഗിക്കാന്‍ കഴിയുകയും ചെയ്യുന്ന മിസൈല്‍ പദ്ധതിയാണിത്. സമീപഭാവിയില്‍ ഇത്തരം മിസൈലുകള്‍ ഇന്ത്യ യാഥാര്‍ത്ഥ്യാക്കുമെന്നു തന്നെയാണ് കലാമിന്‍റെ ഉറച്ച വിശ്വാസം.
1979 ഓഗസ്റ്റ് 10 നാണ് 40 കിലോ ഭാരമുള്ള രോഹിണി ഉപഗ്രഹവുമായി എസ്.എല്‍.വി - 3 കുതിച്ചുയര്‍ന്നത്. രോഹിണിയുമായി എസ്.എല്‍.വി.-3 കുതിച്ചുയര്‍ന്നപ്പോള്‍ ലോക സ്പേസ് ക്ളബില്‍ ഇന്ത്യയ്ക്കും സ്ഥാനം നേടിക്കൊടുക്കുകയായിരുന്നു. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഡോ.കലാമും സഹപ്രവര്‍ത്തകരും.
70കളില്‍ ആരംഭിച്ച ഉപഗ്രഹവിക്ഷേപണ വാഹനപദ്ധതിയുടെ ഡയറക്ടറായിരുന്നു കലാം. ഒന്‍പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ തന്‍റെ ചരിത്രദൗത്യത്തിന് രോഹിണി ഉപഗ്രഹത്തിലൂടെ ഡോ. കലാം തുടക്കമിട്ടു.
58ല്‍ പ്രതിരോധ ഗവേഷണവികസന ഏജന്‍സിയില്‍ ചേര്‍ന്ന കലാം പിന്നീട് ഐ.എസ്.ആര്‍.ഒയിലേയ്ക്ക് മാറുകയായിരുന്നു. തുമ്പയില്‍ റോക്കറ്റ് എഞ്ചിനീയറിങ് ഡിവിഷന്‍റെ മേധാവി എന്ന നിലയില്‍ റോക്കറ്റ് വിക്ഷേപണ ഗവേഷണങ്ങളില്‍ ഡോ. വിക്രംസാരാഭായിയോടൊപ്പം പ്രവര്‍ത്തിച്ചു.
2005 ഓടെ ഇന്ത്യയുടെ പ്രതിരോധനിരയില്‍ ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍.സി.എ) അര്‍ജുന്‍ മെഷിന്‍ ബാറ്റില്‍ടാങ്ക് (എം.ബി.ടി) എന്നിവ സ്ഥാനം പിടിക്കുമെന്നാണ് ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) മേധാവി എന്ന നിലയില്‍ ഡോ.കലാം വിഭാവനം ചെയ്തിരുന്നത്.
കരുത്ത് കരുത്തിനെ തിരിച്ചെടുക്കും എന്നതായിരുന്നു പ്രതിരോധ രംഗത്ത് മിസൈലുകള്‍ സ്ഥാനം പിടിക്കുന്നതിനെ ശക്തിയായി എന്നും അനുകൂലിച്ച ഡോ. കലാമിന്‍റെ സിദ്ധാന്തം.
ജോലി തുടങ്ങി ഏഴു വര്‍ഷം കൊണ്ട് ത്രിശൂല്‍, ആകാശ്, ഭൂതല-ആകാശ മിസൈലുകളും ടാങ്ക്വേധ നാഗ് മിസൈലും പൃഥ്വിയും യാഥാര്‍ത്ഥ്യമായതിന്‍റെ പിന്നിലെ രഹസ്യവും മറ്റൊന്നല്ല. ഈ കാലയളവില്‍തന്നെ ഭൂഖണ്ഡാന്തര മിസൈല്‍ ആയ അഗ്നിയുടെ പരീക്ഷണ രംഗത്തും ഇന്ത്യയ്ക്ക് വന്‍ നേട്ടം കൈവരിച്ചു.
തിരുച്ചിയിലെ സെന്‍റ് ജോസഫ്സ് കോളജില്‍ നിന്ന് ബിരുദം നേടിയ ഈ ശാസ്ത്രജ്ഞന് കൂടുതലായുള്ള യോഗ്യത മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എയ്റോ എഞ്ചിനീയറിങില്‍ ഉളള ഡിപ്ളോമ മാത്രമാണ്.
വിദേശയാത്ര പോലും എന്നും ഒഴിവാക്കാന്‍ ശ്രമിച്ച ഡോ. കലാമിന് വിദേശ അനുഭവം എന്നത് നാസയിലെ നാല് മാസത്തെ പരിശീലനം മാത്രം. എന്നും ശാസ്ത്രത്തെ മാത്രം പ്രണയിച്ച ഈ ശാസ്ത്രജ്ഞന് 97ല്‍ രാഷ്ട്രം പരമോന്നത ബഹുമതിയായ ഭാരതരത്നം നല്കി ആദരിച്ചു.