Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുറുക്കന് ആമയെ കിട്ടിയതുപോലെ 2000 രൂപ നോട്ടുമായി പാവം ജനം!

2000 രൂപ നോട്ട് എന്ന പൊതിയാത്തേങ്ങ!

RS 1000

ഷോണ്‍ ബേബു

, വെള്ളി, 11 നവം‌ബര്‍ 2016 (16:46 IST)
ബാങ്കില്‍ ചെല്ലുന്നവര്‍ക്കൊക്കെ കുറച്ച് കഷ്ടപ്പെട്ടിട്ടായാലും തങ്ങളുടെ കൈവശമുള്ള 1000 രൂപ, 500 രൂപ നോട്ടുകള്‍ മാറ്റിക്കിട്ടുന്നുണ്ട്. ഉന്തും തള്ളുമൊക്കെ കുറച്ച് സഹിക്കണം. ഇന്ന് കിട്ടിയില്ലെങ്കില്‍ നാളെയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയോടെ പോകണം. രാവിലെ ഇറങ്ങുമ്പോള്‍ ഉച്ചഭക്ഷണമൊക്കെ എടുത്തുകൊണ്ടുപോയാലും കുഴപ്പമില്ല. കാത്തിരുന്ന് കാത്തിരുന്ന് പണം മാറ്റിക്കിട്ടുന്നവരുടെ സന്തോഷമൊന്ന് കാണണം. അതാണ് സന്തോഷം!
 
വ്യാഴാഴ്ച മുതല്‍ 2000 രൂപയുടെ സെല്‍‌ഫിയുമായി ഫേസ്ബുക്കില്‍ ചിരിച്ചുനിന്നവര്‍ക്ക് ഇപ്പോള്‍ അത്രവലിയ ചിരി മുഖത്ത് ഒട്ടിക്കാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം, ഒരൊറ്റ ആവേശത്തില്‍ രണ്ടായിരം രൂപ നോട്ടുകള്‍ വാങ്ങിക്കൂട്ടിയവര്‍ ഇപ്പോള്‍ മറ്റൊരടി കിട്ടിയതിന്‍റെ തരിപ്പിലാണ്. ഇത് എവിടെക്കൊടുത്ത് മാറ്റും എന്നതാണ് പ്രശ്നം.
 
2000 രൂപയുടെ നോട്ടുമായി ഒരു ഹോട്ടലിലേക്ക് കയറിച്ചെന്ന് 250 രൂപയ്ക്ക് ആഹാരം കഴിച്ചെന്നിരിക്കട്ടെ. ബാക്കി പണം നല്‍കാന്‍ ഹോട്ടലുകാര്‍ 100 രൂപയുടെ നോട്ടുകള്‍ അടുക്കിവച്ചിരിക്കണം. ഇതുതന്നെയാണ് പച്ചക്കറിക്കടയിലെ സ്ഥിതി. ഇതുതന്നെയാണ് പലചരക്കുകടയിലെ സ്ഥിതി. ഇതുതന്നെയാണ് ആശുപത്രിയിലെയും പെട്രോള്‍ പമ്പിലെപ്പോലും സ്ഥിതി.
 
2000 രൂപയ്ക്ക് ചില്ലറ കിട്ടാതെ വിഷമിക്കുകയാണ് മിക്കവരും. കുറുക്കന് ആമയെ കിട്ടിയതുപോലെയെന്ന് ചിലര്‍ പറയുന്നു. ‘പൊതിയാത്തേങ്ങ’യെന്ന് ചിലര്‍ സങ്കടം പറയുന്നു. എന്തായാലും കൈനിറയെ 2000 രൂപ നോട്ടുകളുമായി ഒരു ചായപോലും കുടിക്കാന്‍ കഴിയാതെ ജനം തെരുവില്‍ നില്‍ക്കുകയാണ്.
 
കള്ളപ്പണക്കാരെ തെരുവില്‍ നിര്‍ത്തുന്ന നടപടിയാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചതെങ്കിലും വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന അവസ്ഥയിലാണ് പാവപ്പെട്ട നാട്ടുകാര്‍. ‘കള്ളപ്പണക്കാരെ മുഴുവന്‍ പിടിക്കും, പിടിക്കാതെ വിടില്ല’ എന്നൊക്കെ ഉറക്കെപ്പറഞ്ഞ് ഈ തീരുമാനമെടുത്ത ഭരണനേതൃത്വം അന്തംവിട്ട് കുന്തംവിഴുങ്ങിയിരിക്കുന്ന മിണ്ടാപ്രാണികളുടെ നിസഹായതയോടും അല്‍പ്പം കരുണയോടെ പെരുമാറണമെന്നല്ലാതെ എന്തുപറയാന്‍!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗമ്യ വധക്കേസ്; പുനഃപരിശോധന ഹർജി തള്ളി, കട്ജുവിനെതിരെ കോടതിയലക്ഷ്യ നടപടി