പാരമ്പര്യത്തിന്‍റെ ഈടുവയ്‌പ്പായിരുന്നു മറിയാമച്ചേട്ടത്തിയുടെ ശക്തി. കാലങ്ങളിലൂടെ വായ്‌മൊഴിവാഴക്കങ്ങളായി സഞ്ചരിച്ചു വന്ന പ്രാചീന ശബ്ദങ്ങളാണ് മറിയാമച്ചേട്ടത്തിയുടെ ശബ്ദത്തിലൂടെ പുറത്തു വന്നത്.
അക്ഷരം പഠിക്കാത്ത മറിയാച്ചേട്ടത്തിയെ കോളേജ് അധ്യാപികയാക്കിയും ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളുടെ തുണയാക്കിയതും പ്രാചീനതയുടെ തഴക്കമായിരുന്നു.
മാടത്താനി എഴുവന്താനത്ത് മറിയാമ്മച്ചേട്ടത്തിയുടെ ശബ്ദം നിലച്ചതോടെ ശബ്ദിക്കുന്ന ചരിത്രത്തിനാണ് അന്ത്യമായത്. നാടോടി വിജ്ഞാനീയത്തിന്‍റെ കലവറ പുതു തലമുറക്കായി തുറന്നു വച്ചാണ് അവര്‍ മടങ്ങുന്നത്. ‘മാണിക്കംപെണ്ണ്‘ എന്ന പേരില്‍ മറിയാമ്മ ചേട്ടത്തിയുടെ പാട്ടുകള്‍ ശേഖരിച്ചു വയ്‌ക്കാനായത് ഫോക്ക്‌ലോര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുതല്‍കൂട്ടാണ്.
തിരുവല്ലയിലെ അഴിയിടത്തു ചിറയില്‍ ഹിന്ദു സമുദായത്തിലെ താഴെത്തട്ടില്‍ വരുന്ന സാംബവ സമുദായത്തിലാണ് പിന്നീട് മറിയാമ്മ ജോണ്‍ ആയിമാറിയ കോത ജനിച്ചത്. ജോണിനെ വിവാഹം കഴിച്ചതോടെ കോത, മറിയാമ്മ ജോണ്‍ ആയി മാറി.
അക്ഷരം പഠിക്കുന്നതിന് മുമ്പേ കോത പഠിച്ചത് കൊയ്‌ത്തു പാട്ടുകളാണ്. ആറാം വയസുമുതല്‍ അപ്പനമ്മമാര്‍ക്ക് ഒപ്പം പാടത്തിറങ്ങി. ഇമ്പമാര്‍ന്ന ശബ്ദത്തില്‍ പഴയതലമുറയില്‍ നിന്ന് പഠിച്ച പാട്ടുകള്‍ കോത പാടുന്നത് ആദ്യം വയല്‍ വരമ്പുകളിലായിരുന്നു. കുട്ടിക്കാലത്ത് കേട്ട പാട്ടുകള്‍ തൊണ്ണൂറാം വയസിലും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു എന്നതായിരുന്നു മറിയാമ്മ ചേട്ടത്തിയുടെ ഏറ്റവും വലിയ നേട്ടം.
ചങ്ങനാശേരി എസ് ബി കോളേജില്‍ തൂപ്പുകാരിയായി ജോലി നോക്കുമ്പോഴാണ് മറിയാമ്മചേട്ടത്തിയുടെപാട്ടുകള്‍ പുതുതലമുറക്ക് ഹരമായി മാറിയത്. എം എ മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് നാടന്‍പാട്ടുകള്‍ പഠിപ്പിക്കുന്ന അധ്യാപികയായി മറിയാമ ചേട്ടത്തി പിന്നീട് മാറി.
നാടന്‍പാട്ടും മുടിയാട്ടവും പടപ്പാട്ടുകളും എടനാടന്‍ പാട്ടുകളും കുത്തുപാട്ടുകളും ചാവുപാട്ടുകളും ചാറ്റുകളും പഴയ ശീലങ്ങളോടെയും ശീലക്കേടുകളോടെയും മറിയാമ്മ ചേട്ടത്തില്‍ നിന്ന് ഒഴുകി എത്തി.
ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞെടുത്ത് പാട്ടുകള്‍ അവതരിപ്പിച്ചതിനൊപ്പം നാടന്‍ പാട്ടുകള്‍ തയ്യാറാക്കുന്നതിലും മികവുകാട്ടി. നാടന്‍പാട്ടുകളെ കുറിച്ച് നിരവധി കോളെജുകളില്‍ ക്ലാസുകള്‍ എടുത്തു. സിനിമക്കും വേണ്ടിയും പാട്ടുപാടി.
കേരള ഫോക്ക്‌ലോര്‍ അക്കാദമി ഫെല്ലോഷിപ്പ് നല്‌കിയാണ് ഇവരെ ആദരിച്ചത്. കേരളസംഗീത നാടക അക്കാദമിയും ആദരിച്ചു. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ ജോണ്‍ എബ്രഹാം പുരസ്കാരവും മറിയാമ്മ ചേട്ടത്തിക്ക് സമര്‍പ്പിക്കപ്പെട്ടു.
പാരമ്പര്യം മറന്നു കളഞ്ഞില്ല എന്നതായിരുന്ന മറിയാമ്മ ചേട്ടത്തിയുടെ പ്രസക്തി. സമ്പന്നമായ വായ്‌മൊഴി ചരിത്രങ്ങള്‍ പകര്‍ന്നു നല്‌കുക എന്ന ദൗത്യം നിറവേറ്റാന്‍ അവര്‍ക്കായി.
മുഖ്യധാരയിലേക്ക് എത്താന്‍ ഭാഗ്യം സിദ്ധിച്ചതാണ് മറിയാമ്മ ചേട്ടത്തിയുടെ പാരമ്പര്യ അറിവിനെ പ്രസക്തമാക്കിയത്. അല്ലെങ്കില്‍ അവ വെറും പണിപ്പാട്ടുമാത്രമായി പോകുമായിരുന്നു. യുഗങ്ങള്‍ നീണ്ട കീഴാള ജീവിത്തിന്‍റെ അതിജീവന വഴികള്‍ പറഞ്ഞു തരാന്‍ ഒരു മറിയാമ്മ ചേട്ടത്തി മാത്രമേ നമുക്ക് ഉണ്ടായിട്ടുള്ളു എന്നതും വാസ്‌തവമാണ്.
സജീവമായ അതിജീവന പാരമ്പര്യങ്ങള്‍ ലോകമറിയാതെ പോയത് എന്തുമാത്രമായിരിക്കും എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.