സംസ്ഥാന കോണ്‍ഗ്രസില്‍ കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍ കൂടുതല്‍ കരുത്തനാകുന്നു. താല്‍ക്കാലിക പ്രസിഡന്‍റ് എന്ന രീതിയില്‍ കെ പി സി സിയുടെ തലപ്പത്തെത്തിയ ഹസന്‍ സംഘടന പിടിച്ചടക്കി തന്‍റെ വരുതിക്ക് കൊണ്ടുവരുന്നതിന്‍റെ സൂചനയാണ് ലഭിക്കുന്നത്. ഇതിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പിന്തുണയുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എ ഗ്രൂപ്പിന്‍റെ പിന്തുണയോടെയാണ് ഹസന്‍ കെ പി സി സി അധ്യക്ഷനാകുന്നത്. എന്നാല്‍ ഇപ്പോള്‍ എ ഗ്രൂപ്പിന്‍റെ എല്ലാമെല്ലാമായ ഉമ്മന്‍ചാണ്ടിയോട് പരസ്യമായിത്തന്നെ ഇടഞ്ഞാണ് ഹസന്‍റെ പോക്ക്. അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കെതിരായ തന്‍റെ ഉറച്ചനിലപാട് ഹസന്‍ വ്യക്തമാക്കിക്കഴിഞ്ഞു.
സമവായത്തിലൂടെ അതിരപ്പള്ളി നടപ്പാക്കണം എന്നാണ് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം. തന്‍റെ സര്‍ക്കാരിന്‍റെ കാലത്ത് അതിരപ്പള്ളി നടപ്പാക്കുന്നതിനായുള്ള നടപടികള്‍ ഉമ്മന്‍ചാണ്ടി കൈക്കൊണ്ടതാണ്. പദ്ധതി വളരെ ഫലപ്രദമാണെന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്.
എന്നാല്‍ ആ അഭിപ്രായം വിലപ്പോകില്ലെന്ന് തുറന്നടിച്ചാണ് ഹസന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അതിരപ്പള്ളി പദ്ധതിക്ക് ഒരു കാരണവശാലും കോണ്‍ഗ്രസ് പച്ചക്കൊടി കാണിക്കില്ലെന്നാണ് ഹസന്‍ പറഞ്ഞിരിക്കുന്നത്. പദ്ധതി വേണ്ട എന്നത് പാര്‍ട്ടിയുടെ നിലപാടാണെന്നും പദ്ധതിയുമായി മുന്നോട്ടുപോയാല്‍ കടുത്ത സമരവുമായി രംഗത്തെത്തുമെന്നുമാണ് ഹസന്‍ പറഞ്ഞിരിക്കുന്നത്.
ഇതേ അഭിപ്രായം തന്നെയാണ് ചെന്നിത്തലയ്ക്കും. എ ഗ്രൂപ്പില്‍ കൂടുതല്‍ പേരെ തന്‍റെ പക്ഷത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം ഹസന്‍ നടത്തുന്നുണ്ട്. ഉമ്മന്‍ചാണ്ടിക്ക് പിന്തുണയുമായി എത്തിയത് കെ മുരളീധരന്‍ മാത്രമാണെന്നതും ശ്രദ്ധേയം. അതിരപ്പള്ളി പദ്ധതി വേണമെന്നുതന്നെയാണ് മുരളീധരന്‍റെയും അഭിപ്രായം.
ഇപ്പോള്‍ അതിരപ്പള്ളിയെ എതിര്‍ക്കുന്നതുപോലെ മുമ്പ് ഇടുക്കി പദ്ധതിയെയും പലരും എതിര്‍ത്തിട്ടുണ്ടെന്നും അങ്ങനെ നോക്കിയാല്‍ ഒരു പദ്ധതിയും നടപ്പാക്കാനാകില്ലെന്നുമാണ് മുരളീധരന്‍ പറയുന്നത്. ഇത് വ്യക്തമായും ഉമ്മന്‍ചാണ്ടിക്കുള്ള പിന്തുണയാണ്.
ഹസനെ കെ പി സി സി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാനുള്ള ശ്രമം ചെന്നിത്തല ഇനി നടത്തില്ല എന്നുറപ്പാണ്. ഇനി അങ്ങനെയൊരു നീക്കമുണ്ടാവുക ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്നുമായിരിക്കും. അത് കെ മുരളീധരനുവേണ്ടിയുമായിരിക്കും.
എന്തായാലും സുധീരന്‍ പരാജയപ്പെട്ട അധ്യക്ഷസ്ഥാനത്ത് വിജയിച്ചുകാണിക്കാനുള്ള കളികളാണ് എം എം ഹസന്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയക്കളിയുടെ ആചാര്യനായ ഉമ്മന്‍ചാണ്ടിയെ തന്നെ വെല്ലുവിളിച്ചുകൊണ്ടുള്ള ഹസന്‍റെ നീക്കങ്ങള്‍ വിജയം കാണുമോ? കാത്തിരിക്കാം.