Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസ്തമിച്ചത് കല്ലുവഴി ചിട്ടയുടെ അമരക്കാരന്‍

അസ്തമിച്ചത് കല്ലുവഴി ചിട്ടയുടെ അമരക്കാരന്‍
, തിങ്കള്‍, 11 മാര്‍ച്ച് 2013 (18:55 IST)
PRO
PRO
ഒറ്റപ്പാലത്തെ വെള്ളിനേഴിയില്‍ പിറന്ന രാമന്‍കുട്ടി നായര്‍ കല്ലുവഴി ചിട്ടയുടെ അമരക്കാരനായിരുന്നു. കളിയരങ്ങില്‍ കത്തിയും താടിയും ഒരുപോലെ പകര്‍ന്നാടിയ അദ്ദേഹം ആസ്വാദകര്‍ക്ക് എന്നും കാഴ്ചയുടെ പുതിയ വ്യാകരണം പകര്‍ന്നു നല്‍കി. കൂടുതലും കത്തിവേഷങ്ങള്‍ പകര്‍ന്നാടിയ അദ്ദേഹം ആസ്വാദകരെ ഭ്രമിപ്പിച്ചു. രാമന്‍‌കുട്ടി നായരെ മാനകമായി സ്വീകരിച്ച് ആസ്വാദകര്‍ വേഷങ്ങളെ വിലയിരുത്തുന്നതിന്റെ രഹസ്യവും ഇതുതന്നെ.

അദ്ദേഹത്തിന്റെ രാവണോല്‍ഭവത്തിലെയും ബാലിവിജയത്തിലെയും രാവണന്‍, തോരണയുദ്ധത്തിലെ ഹനുമാന്‍, നരകാസുരന്‍, ദുര്‍വാസാവ്, കിര്‍മ്മീരവധത്തിലെ ധര്‍മ്മപുത്രര്‍, കാലകേയവധത്തിലെയും സുഭദ്രാഹരണത്തിലെയും അര്‍ജുനനന്‍ തുടങ്ങിയ വേഷങ്ങള്‍ കഥകളി പ്രേമികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയവയാണ്.

കലാമണ്ഡലം രാമന്‍ നായരുടെ കീചകനും കോട്ടക്കല്‍ ശിവരാമന്‍ നായരുടെ സൈരന്ധ്രിയും തമ്മിലുണ്ടായിരുന്ന രസതന്ത്രം കാഴ്ചയുടെ പുതുക്കാഴ്ചകളും നടനത്തിന്റെ വേറിട്ട വഴികളും കാട്ടുന്നതായിരുന്നു. അരങ്ങിലെ ആത്മബന്ധം ജീവിതത്തിലുടനീളം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ജീവിതത്തില്‍ ഉടനീളം താനുമായി ബന്ധപ്പെട്ടിരുന്ന ഓരോ വ്യക്തികളുമായി അദ്ദേഹം ഊഷ്മളബന്ധം പുലര്‍ത്തിയിരുന്നു. അതുകൊണ്ടാണ് ആ മരണവാര്‍ത്ത അറിഞ്ഞ് ശിഷ്യരും ആരാധകരും ഒരുപോലെ പൊട്ടിക്കരഞ്ഞത്.

‘തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ പോലും അനുഭവിക്കാത്ത വേദനയാണ് താന്‍ അനുഭവിക്കുന്നത്’ എന്ന് പറഞ്ഞ് മരണവാര്‍ത്ത അറിഞ്ഞ് ശിഷ്യനായ കലാമണ്ഡലം ഗോപിയാശാന്‍ വിതുമ്പിയത് മാത്രം മതി അദ്ദേഹത്തിന്റെ ബന്ധത്തിന്റെ ആഴം മനസിലാക്കാന്‍. തന്റെ കുറവുകളെപ്പോലും മറികടന്നാണ് രാമന്‍‌കുട്ടി നായര്‍ അരങ്ങില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചത്.

പതിമൂന്നാം വയസില്‍ കലാമണ്ഡലത്തില്‍ കഥകളി വിദ്യാര്‍ത്ഥിയായി ചേര്‍ന്ന രാമന്‍കുട്ടി നായര്‍ അദ്ധ്യാപകനായും പ്രിന്‍സിപ്പാളായും പ്രവര്‍ത്തിച്ചു. കഥകളിയുടെ പ്രശസ്തി പാറിച്ച് ഇന്ത്യയിലും വിദേശത്തും രംഗാവതരണം നടത്തി.

കത്തിവേഷം കെട്ടുന്നതില്‍ രാമന്‍കുട്ടിനായരെ ഉയരക്കുറവ് പ്രതികൂലമായി ബാധിക്കുമാ‍യിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് കത്തിവേഷത്തില്‍ രാമന്‍കുട്ടിനായരുടെ ഉയരമാണ് മതിയായ ഉയരം എന്ന് വിലയിരുത്തപ്പെട്ടു. അദ്ദേഹത്തിന്‍റെ ഉയരവും കണ്ണുകളും കത്തിവേഷങ്ങളും വെള്ളത്താടി വേഷങ്ങളും എന്നും വേഷവൈവിധ്യം തന്നെ സൃഷ്ടിച്ചു.

വടക്കന്‍ ചിട്ടയുടെ ശൈലിയും ശീലങ്ങളും ലാവണ്യശാസ്ത്ര നിയമമായി മാറിയത് കലാമണ്ഡലം രാമന്‍ കുട്ടി നായര്‍ എന്ന മഹാനടന്‍റെ പതിറ്റാണ്ടുകളുടെ അഭിനയം കൊണ്ടാണ്. പാരമ്പര്യമായ പല കഥകളി നിയമങ്ങളേയും രാമന്‍കുട്ടി നായര്‍ അനുസരിച്ചില്ല. കാഴ്ച തഴക്കങ്ങളെ അദ്ദേഹം പലപ്പോഴും വെല്ലുവിളിച്ചു. പക്ഷെ കാലാന്തരത്തില്‍ അദ്ദേഹത്തിന്‍റെ രീതി കഥകളിയുടെ പുതിയ വ്യാകരണമായി കാഴ്ചക്കാര്‍ സ്വീകരിക്കുകയാണുണ്ടായത്.

രാമന്‍കുട്ടിനായരുടെ ‘തിരനോട്ടം‘ ഒരു കാലഘട്ടത്തിന്‍റെ കഥകളി ചരിത്രമാണ്. പൂര്‍ണ്ണതയ്ക്ക് വേണ്ടിയുള്ള പരിശ്രമമായിരുന്നു രാമന്‍കുട്ടി നായരുടെ മികവ്. അതോടൊപ്പം എന്തിനേയും അതിജീവിക്കാനുള്ള ഉള്‍ക്കരുത്തും.

കേരളത്തിലെ എക്കാലത്തെയും മികച്ച കത്തിവേഷക്കാരില്‍ ഒരാളായി രാമന്‍കുട്ടി നായര്‍ നിലനില്‍ക്കും. കത്തി വേഷത്തില്‍ അദ്ദേഹത്തോട് സമം നില്‍ക്കാന്‍ ഒരാളില്ല. ഗുരുവിന്‍റെ തോളൊപ്പമെത്താന്‍ പോലും അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ക്കായതുമില്ല. കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ ആ സൂര്യന്‍ അസ്തമിച്ചു, കാഴ്ചയുടെ തിരനോട്ടം ആസ്വാദകരില്‍ അവശേഷിപ്പിച്ച്...






Share this Story:

Follow Webdunia malayalam