ഭാവരാഗതാള സമ്മേളന നിറവില്‍ സൂര്യ മേളയുടെ ഒരു രാവുകൂടി പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നായി. പ്രശസ്‌ത നടിയും നര്‍ത്തകിയുമായ പത്മശ്രീ ശോഭനയുടെ വശ്യസുന്ദരമായ നടന വൈഭവം അനന്തപുരിക്ക് ഏറെ പരിചിതമാണെങ്കിലും പുതുമ നഷ്ടപ്പെടാതെയുള്ള നൃത്താവിഷ്‌കാരം സൂര്യയുടെ നൃത്ത സന്ധ്യക്ക് മിഴിവേകി.മല്ലാരിയുടെ ചടുല നൃത്തച്ചുവടുകളില്‍ തുടങ്ങി ഹരികാംഭോജി രാഗത്തിലുള്ള "രാമനന്നു ബ്രോവര.." എന്ന ഭക്തിസാന്ദ്രമായ ത്യാഗരാജകൃതി ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചു.പരമാത്മാവില്‍ ലയിക്കാന്‍ വെമ്പുന്ന ജീവാത്മാവിന്‍റെ ഉത്‌ഘടമായ അഭിവാഞ്‌ജയെ ശങ്കരാഭരണം രാഗത്തിലെ “മനവിവര്‍ണ്ണവു...” എന്ന വര്‍ണ്ണത്തിലൂടെ നര്‍ത്തകി ആവിഷ്‌കരിച്ചു.അഷ്ടനായികമാരില്‍ കണ്‌ഠിത നായകിയുടെ വിരഹ ദു:ഖത്തില്‍ ഉണ്ടായ കോപം ആവിഷ്‌കരിച്ചതായിരുന്നു അടുത്ത ഇനം. തുടര്‍ന്ന് പുന്നകവരാളി രാഗത്തിലെ നാഗസ്‌തുതി, തില്ലാന എന്നിവയും അരങ്ങേറി.
ഗുരുവിന്‍റെ പ്രാഗത്‌ഭ്യത്തിന് ഒട്ടും മാറ്റ് കുറയ്‌ക്കാതെ തന്നെ ശിഷ്യരായ ശ്രീവിദ്യ രാമചന്ദ്രനും ചിത്രയും നിറഞ്ഞു നിന്നു.
വായ്‌പാട്ടില്‍ രേവതി കുമാറും മൃദംഗത്തില്‍ എന്‍ രാമകൃഷ്‌ണനും വയലിനില്‍ നീലൂര്‍ ജയകുമാറും പുല്ലാങ്കുഴലില്‍ നിഷാന്ത് ഷേണായിയും നൃത്ത വിരുന്നില്‍ പ്രാഗത്‌ഭ്യം തെളിയിച്ചു.