Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭരതനാട്യത്തില്‍ ഇനി ഡാര്‍വിനും!

ഭരതനാട്യത്തില്‍ ഇനി ഡാര്‍വിനും!
, വ്യാഴം, 16 ഏപ്രില്‍ 2009 (19:57 IST)
PROPRO
ഭരതനാട്യത്തില്‍ ഇനി മുതല്‍ ഡാര്‍വിന്‍ സിദ്ധാന്തവും. അത്ഭുതപ്പെടേണ്ട. ഇന്ത്യയിലെ ചിത്രലേഖ നൃത്തസംഘമാണ് ഭരതനാട്യത്തിന് പുതിയ രൂപഭാവങ്ങള്‍ നല്‍കി അരങ്ങിലെത്തിക്കുന്നത്.

ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തമാണ് ഇത്തരത്തില്‍ രംഗാവിഷ്‌കാരത്തിന് വിധേയമാകുന്നത്. ‘ഫ്രം സ്‌റ്റാര്‍ഡസ്‌റ്റ് ടു ലൈഫ്’ എന്ന പേരിലാണ് ഈ നൃത്തരൂപം വേദികളിലെത്തുക. ശാസ്ത്രവും, ഇതിഹാസവും ഒരു പോലെ കോര്‍ത്തിണക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

‘നൃത്തത്തിലൂടെ സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന സംഘടനയാണ് ചിത്രലേഖ. ഇതിനകം തന്നെ ചിത്രലേഖയ്ക്ക് നിരവധി സദസ്യരെ ലഭിച്ചു കഴിഞ്ഞു. പുതിയ കലാകാരന്‍‌മാരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് ചിത്രലേഖ പ്രശംസനീയമായ പങ്കാണ് നിര്‍വഹിച്ചിട്ടുള്ളത്. ഇന്ത്യന്‍ നൃത്തരൂപത്തെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കാനുള്ള നിരവധി ശ്രമങ്ങള്‍ ചിത്രലേഖയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്.’ - സംഘടനയുടെ നേതൃസ്ഥാനം വഹിക്കുന്ന ചിത്രലേഖ ബോളര്‍ പറയുന്നു.

ഡാര്‍വിന്‍റെ സിദ്ധാന്തവും, ഭാരതീയ ഇതിഹാസത്തിലെ ദശാവതാര കഥയും കോര്‍ത്തിണക്കിയാണ് ഈ നൃത്തരൂപം ഒരുക്കിയിരിക്കുന്നത്. തികഞ്ഞ സാങ്കേതിക മികവോടെ ഏപ്രില്‍ 24ന് നാല് നര്‍ത്തകര്‍ ഈ കലാരൂപം അവതരിപ്പിക്കും.

ചിത്രലേഖ ബോളറെ കൂടാതെ ഹരികൃഷ്‌ണന്‍, പ്രവീണ്‍ ഡി റാവു, മാര്‍ക് ലോക്കേട് എന്നിവരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍.

ഐ എസ് റ്റി ഡി(ഇംപീരിയല്‍ സൊസൈറ്റി ഓഫ് ടീച്ചേഴ്‌സ് ഓഫ് ഡാന്‍സിംഗ്)യുടെ ദക്ഷിണേഷ്യയിലെ നിന്നുള്ള ഫാക്കല്‍റ്റിയാണ് ചിത്രലേഖ ബോളര്‍.

പരിശീലനത്തിനും, പരീക്ഷയ്ക്കുമുള്ള ഭരതനാട്യം സിലബസ് തയ്യാറാക്കുന്ന ബോര്‍ഡിലും ഇവര്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിനുമുമ്പ്, പാരിസ്ഥിതിക പ്രാധാന്യമുള്ള നൃത്തരൂപം ‘സ്‌റ്റോറി ഓഫ് സീ’ എന്ന രൂപത്തില്‍ 2004ല്‍ അവതരിപ്പിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam