Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാണി വാസുദേവ ചാക്യാര്‍-കൂത്തിലെ പുതുമ

മാണി വാസുദേവ ചാക്യാര്‍-കൂത്തിലെ  പുതുമ
പാരമ്പര്യമഹിമയുള്ള ക്ഷേത്രകലകള്‍, ചിന്തിച്ചാസ്വദിക്കാനാവാത്ത കാണികളുടെ മുമ്പില്‍ ഇല്ലാതാവുന്നു. അനുകരണകലകള്‍ (ഗാനമേള, മിമിക്സ്, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയവ) ക്ഷേത്രകലകളുടെ തിരുസന്നിധിയില്‍ പോലും അരങ്ങുകള്‍ കയ്യടക്കുന്നു.

ഉള്ളു തുറന്നു ചിരിക്കാന്‍ പോലും നേരമില്ലാതെ തിരക്കിന്‍റെ ലോകത്തില്‍ യാന്ത്രികത്വം പുലര്‍ത്തുന്ന ഇന്നത്തെ മനുഷ്യര്‍ക്ക് ചിന്തകളെ ഉണര്‍ത്തുന്ന കൂടിയാട്ടം, കൂത്ത് തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങള്‍ ആസ്വാദ്യമല്ലാതാവുന്നു.

ഈ അവസ്ഥയിലും കൂത്ത് എന്ന ക്ഷേത്ര കലയിലൂടെ പ്രേക്ഷകരില്‍ പൊട്ടിച്ചിരിയുടെ തേജസ്സ് തെളിയിച്ച്, അവരുടെ ചിന്തകളെ ഉദ്ദീപിച്ച കലാകാരനാണ് കലാമണ്ഡലം വാസുദേവ ചാക്യാര്‍.

ചാക്യാര്‍കൂത്ത്, കൂടിയാട്ടം തുടങ്ങിയ അനുഷ്ഠാന കലകളുടെ പുരോഗമനത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച മാണി കുടുംബത്തിന്‍റെ സന്തതിയാണ് മാണി വാസുദേവ ചാക്യാര്‍.

ക്ഷേത്രകലാരംഗത്തെ അതികായനായ മാണി മാധവ ചാക്യാരുടെ അനന്തിരവന്‍ കൂടിയായ ഇദ്ദേഹം പൂര്‍വ്വീകരുടെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുള്ള വികാസം ക്ഷേത്ര കലകളില്‍ സംജാതമാക്കിയെടുത്തു. തനിക്ക് ലഭിച്ച പാരമ്പര്യ മൊഴികള്‍ സ്വപ്രയത്നം കൊണ്ട് ആസ്വാദ ഹൃദയങ്ങളിലെത്തിക്കുന്നതിന് അനുഷ്ഠാന കലകളുടെ ഈ പിന്മുറക്കാരന് കഴിഞ്ഞു.

വിവിധ മനോഭാവങ്ങളോടെ വീക്ഷിക്കുന്ന പ്രേക്ഷകരെ രസിപ്പിക്കുന്ന സ്വതസിദ്ധമായ ശൈലി കൂത്ത് എന്ന കലാരൂപത്തിനെ ജനകീയമാക്കുന്നതിന് സഹായിച്ചു.ആനുകാലിക പ്രസക്തിയുള്ള വേഷങ്ങളെ നര്‍മ്മഭാവനയോടെ കൂത്ത് എന്ന കലാരൂപത്തില്‍ കോഴിക്കോട് ജില്ലയിലെ തിരുവങ്ങായൂര്‍ സ്വദേശി മാണി വാസുദേവചാക്യാര്‍ അവതരിപ്പിച്ചു.


കൂത്തിന്‍റെ അടിസ്ഥാന ഗ്രന്ഥമായ മേല്പത്തൂര്‍ ഭട്ടതിരിയുടെ പ്രബന്ധങ്ങള്‍ക്കും പുറമെ ഉപകഥകള്‍ക്കായി പുരാണിക് എന്‍സൈക്ളോപീഡിയാ, കഥാസരിത്സാഗരം, ഐതിഹ്യമാല, വേദകഥകള്‍ തുടങ്ങിയ ഗ്രന്ഥങ്ങളെയും ആശ്രയിച്ച് കൂത്തില്‍ തന്‍റേതായ ശൈലി അദ്ദേഹം മെനെഞ്ഞെടുത്തു.

കേരളത്തിനകത്തും പുറത്തും മാണി വാസുദേവ ചാക്യാര്‍, തന്‍റെ കലാവൈഭവം പ്രകടമാക്കിയിട്ടുണ്ട്. അനുകരണ കലകളുടെ അതി പ്രസരമുണ്ടായിരുന്നിട്ടും അദ്ദേഹത്തിന്‍റെ കൂത്ത് ദിവസങ്ങളോളം നിറഞ്ഞ സദസ്സില്‍ ക്ഷേത്ര സന്നിധിയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

ആഘോഷവേളകളിലും വിശേഷ ദിവസങ്ങളിലും അദ്ദേഹത്തിന്‍റെ കൂത്ത് കേരളീയര്‍ക്ക് ഒരു ഹരമായി മാറുകയാണ്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നല്ലൊരു ശിഷ്യസമ്പത്തിന് ഉടമയായ ചാക്യാര്‍ ദുരദര്‍ശന്‍, ആകാശവാണി നിലയങ്ങളില്‍ കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. കുഞ്ചന്‍ നമ്പ്യാര്‍, ആഢ്യകവി തോലന്‍, അമതന്‍ എന്നീ നാടകങ്ങളില്‍ അദ്ദേഹം കലാസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.

മാണി വാസുദേവ ചാക്യാരുടെ ത്രിപുര ദഹനം, ഗണപതി പ്രാതല്‍, കിരാതം, പാഞ്ചാലീ സ്വയംവരം, ഭഗവല്‍ ദൂത് എന്നീ കഥകളുടെ അവതരണം പ്രസിദ്ധമാണ്. നാട്ടരങ്ങ്, സാരസ്യ രത്നാകാരം, കലാദര്‍പ്പണത്തിന്‍റെ കലാജ്യോതി തുടങ്ങിയ അവാര്‍ഡുകളും അദ്ദേഹത്തിന്‍റെ പ്രയത്നത്തിനെ അംഗീകരിക്കുന്ന ബഹുമതികളാണ്.


Share this Story:

Follow Webdunia malayalam