പില്‍ക്കാലത്തു കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ കലാപ്രസ്ഥാനമായി മാറിയ കലാഭവന്‍റെ ജന്മദിനം. 1969 സെപ്റ്റംബര്‍ മൂന്ന്. എറണാകുളം ഫൈന്‍ ആര്‍ടസ് ഹാളില്‍ കളക്ടര്‍ എസ് കൃഷ്ണകുമാറിന്‍റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ദീപം കൊളുത്തിക്കൊണ്ട് ജസ്റ്റിസ് കൃഷ്ണയ്യര്‍ ‘കലാഭവന്‍’ ഉദ്ഘാടനം ചെയ്തു. കലാഭവന്‍റെ ഡയറക്ടര്‍ ജനറലെന്ന നിലയില്‍ യേശുദാസാണ് സ്വാഗതം പറഞ്ഞത്. യേശുദാസിന്‍റെ ജീവിതത്തിലെ ആദ്യത്തെ പ്രസംഗമായിരുന്നു അത്. അന്നുവരെ ഒരു ഗായകനെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ദാസിന്‍റെ വ്യത്യസ്തമായ ഒരു വേഷമായിരുന്നു അത്.
സമ്മേളനത്തെ തുടര്‍ന്ന് കലാഭവന്‍ ട്രൂപ്പിന്‍റെ ഗാനമേളയും ഉണ്ടായിരുന്നു. ജോളി എബ്രാഹത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ ആ ഗാനമേളയിലെ അവസാന ഗാനം പാടിയത് യേശുദാസായിരുന്നു. അദ്ദേഹം മധുരതരമായ സ്വരത്തില്‍ പാടി, നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും... സദസ്യര്‍ ഒന്നടങ്കം കൈയടിച്ചു. കലാഭവന്‍റെ തിരശീല ഉയരുന്നത് അച്ചന്‍ പ്രത്യാശയോടെ നോക്കി നിന്നു. ആബേലച്ചന്‍റെ കലാപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു ദിനം. ഇന്ന്, ആബേലച്ചന്‍, എന്തിന്‍റെ പേരില്‍ അറിയപ്പെട്ടുന്നുവോ, ആ മഹാപ്രസ്ഥാനത്തിനു തുടക്കം കുറിക്കപ്പെട്ടു.
കലാഭവന്‍റെ വളര്‍ച്ച പെട്ടെന്നായിരുന്നു. വിവിധ സംഗീതോപകരണങ്ങളില്‍ ക്ലാസുകള്‍ ആരംഭിച്ചു. നൂറുകണക്കിനു കുട്ടികള്‍ പഠിക്കാനെത്തി. ഭക്തിഗാനങ്ങളുടെ രചനയും ചിട്ടപ്പെടുത്തലും റിക്കോര്‍ഡിംഗും നടന്നു കൊണ്ടേയിരുന്നു. യേശുദാസും ജോളി എബ്രഹാമും ചേര്‍ന്നു പാടിയ നാലു ഗാനങ്ങള്‍, ‘നട്ടുച്ചനേരത്ത്, ഈശ്വരനെത്തേടി ഞാന്‍, പരിശുദ്ധാത്മാവേ, പുല്‍ക്കൂട്ടില്‍ വാഴുന്ന പൊന്നുണ്ണീ’ എന്നിവ കേരളത്തിലെങ്ങും പ്രചാരത്തിലായി. ഇന്നും ഈ ഗാനങ്ങളുടെ ഓഡിയോ കാസറ്റുകള്‍ നന്നായി വിറ്റഴിക്കപ്പെടുന്നു. റേഡിയോയിലൂടെ മിക്കവാറും പ്രക്ഷേപണം ചെയ്യപ്പെടുന്നു.
കലാഭവന്‍റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ഉതകുന്ന പല നൂതന പദ്ധതികളും ആസൂത്രണം ചെയ്തു. അതിലൊന്നായിരുന്നു ‘മ്യൂസിക്കല്‍ 1970’ എന്ന പ്രോഗ്രാം. 1970 ജനുവരി 22ന് എറാണാകുളം ഫൈന്‍ ആര്‍ട്സ് ഹാളിലാണ് കലാഭവന്‍റെ ആദ്യത്തെ ‘മ്യൂസിക്കല്‍’ ഉത്സവം അരങ്ങേറിയത്. ഡസന്‍ കണക്ക് സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ, യേശുദാസും എസ് ജാനകിയും ചേര്‍ന്ന് പാടി അവതരിപ്പിച്ച ആ പരിപാടി ശ്രവിക്കുവാന്‍ പതിനായിരങ്ങള്‍ എത്തിചേര്‍ന്നു. കലാഭവന്‍റെ വളര്‍ച്ചയില്‍ അതൊരു സുപ്രധാന നാഴികക്കല്ലായി.
അടുത്ത പ്രധാന പരിപാടി ‘ബൈബിള്‍ സംഗീത മേള’യായിരുന്നു. ഫാദര്‍ ആബേല്‍ രചിച്ച് ആന്‍റണി മാസ്റ്റര്‍ സംഗീതം നല്‍കിയ ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് പരിപാടി പ്ലാന്‍ ചെയ്തത്. 1979 ഡിസംബര്‍ 25 ന് ക്രിസ്തുമസ് ദിനത്തിലായിരുന്നു ‘ബൈബിള്‍ സംഗീതമേള’ യുടെ അരങ്ങേറ്റം. വൈപ്പിനില്‍ ഈ പരിപാടി ഉദ്ഘാടനം ചെയ്തത് യേശുദാസ് തന്നെയായിരുന്നു. കലാഭവന്‍ ഗായകരോടൊത്ത് യേശുദാസ് ഏതാനും ഗാനങ്ങള്‍ പാടുകയും ചെയ്തു. പിന്നീട് എറണാകുളത്തുവച്ചും ബൈബിള്‍ സംഗീതമേള നടത്തി. അന്ന് ഉദ്ഘാടകന്‍ ജോസഫ് പാറേക്കാട്ടില്‍ തിരുമേനി ആയിരുന്നു.
കഴിവുള്ള പ്രതിഭകള്‍ വളര്‍ന്നു വരണം. അവര്‍ക്കവസരം ഉണ്ടാക്കണം എന്ന മോഹക്കാരനാണ് യേശുദാസ്. ഇതിനായി കലാഭവന്‍റെ മുന്നില്‍ അദ്ദേഹം ഒരു നിര്‍ദ്ദേശം വച്ചു. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി ലളിത-ശാസ്ത്രീയ സംഗീതത്തില്‍ വാര്‍ഷിക മത്സരം നടത്തുക. കലാഭവന്‍ ആ നിര്‍ദ്ദേശം സ്വീകരിച്ചു. 1970 സെപ്റ്റംബറിലാണ് ആദ്യത്തെ മത്സരം സംഘടിപ്പിച്ചത്. മലായാളിയുടെ മനസ്സില്‍ കൂടുവച്ച പ്രതിഭാധനനാണല്ലോ യേശുദാസ്. അന്നും ഇന്നും ഗായകരില്‍ യേശുദാസിന് ഒപ്പമെത്തുന്ന ഒരു ചൈതന്യം നമുക്കില്ലല്ലോ.
ദാസ് സംഗീത മത്സരത്തിനു നേതൃത്വം നല്‍കുന്നു എന്നറിഞ്ഞപ്പോള്‍ പാടുവാന്‍ കഴിവുള്ള ഒട്ടേറെ യുവാക്കള്‍ക്കും കുട്ടികള്‍ക്കും ആവേശമായി. കേരളത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനു ഗായകര്‍ എറണാകുളത്തെത്തി. രണ്ടു ദിവസം ദീര്‍ഘിക്കുന്നതായിരുന്നു മത്സരം, മുഖ്യ ജഡ്ജ് യേശുദാസും.
ആ ജഡ്ജ് വേഷം യേശുദാസിന് രസകരമായ ഒരനുഭവമായിരുന്നിരിക്കണം. തന്‍റെ ഗാനങ്ങള്‍ തന്‍റെ ആരാധകരായ കുട്ടികള്‍ ഈണം തെറ്റിച്ചും വികലമായ ശബ്ദത്തിലും പല ഭാവവ്യത്യാസങ്ങളോടെയും പാടുന്നത് കേട്ടിരുന്നു. ശാസ്ത്രീയ സംഗീതത്തിന്‍റെ സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനമായി തന്‍റെ പിതാവിന്‍റെ സ്മരണക്ക് ‘അഗസ്റ്റിന്‍ ജോസഫ് മെമ്മോറിയല്‍ പ്രൈസ്’ നല്‍കുന്നതാണെന്നും യേശുദാസ് പ്രഖ്യാപിച്ചു.
കലാഭവന്‍റെ മ്യൂസിക്കല്‍ പരിപാടി 1971 ജനുവരി 23-ന് വീണ്ടും നടന്നപ്പോഴാണ് ഈ സംഗീത മത്സരത്തിലെ ജേതാക്കള്‍ക്കുള്ള സമ്മാനദാനം നടന്നത്. രാജ്യരക്ഷാ മന്ത്രിയായിരുന്ന വി കെ കൃഷ്ണമേനോന്‍ മുഖ്യാതിഥിയായി സമ്മാനദാനം നിര്‍വഹിച്ചു.
യേശുദാസിന്‍റെ നേതൃത്വത്തില്‍ അന്നു നടത്തപ്പെട്ടത്, കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വര്‍ണശബളമായ ഒരു സംഗീതമേളയായിരുന്നു. ദാസിനോടൊപ്പം ജയചന്ദ്രനും, എസ് ജാനകിയും വസന്തയും പാടി. മൊത്തം അമ്പതു ഗാനങ്ങള്‍. പതിനായിരത്തിലധികം ശ്രോതാക്കള്‍, കേരളത്തിലെ എല്ലാ ഭാഗങ്ങളിലും നിന്ന് തങ്ങളുടെ ഇഷ്ട ഗായകരെ കേള്‍ക്കാന്‍ ആരാധകരെത്തി. കലാഭവന്‍റെ പ്രശസ്തി കേരളത്തിന്‍റെ മുക്കിലും മൂലയിലും എത്തിച്ച ഒരു സംഭവമായിരുന്നു ‘മ്യൂസിക്കല്‍-71’
1969 സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കലാഭവന്‍ എന്ന പ്രസ്ഥാനത്തെ കേവലം ഒന്നര വര്‍ഷക്കാലം കൊണ്ട് അഖിലേന്ത്യാതലത്തില്‍ ശ്രദ്ധേയമാക്കുവാന്‍ യേശുദാസിന്‍റെ പ്രതിഭാവിലാസം ഒട്ടൊന്നുമല്ല സഹായിച്ചത്. പക്ഷേ, ആ യേശുദാസ് അധികം താമസിക്കാതെ തന്നെ, കലാഭവനില്‍ നിന്നും അകന്നു.
(യുകെയില്‍ പ്രസിദ്ധീകരിക്കുന്ന ബിലാത്തി മലയാളം (bilathi.info) എന്ന മാസികയുമായി സഹകരിച്ച് പ്രസിദ്ധീകരിക്കുന്നത്. ചിത്രത്തിന് കടപ്പാട് - കൊച്ചിന്‍ കലാഭവന്‍ ഡോട്ട് കോം)