Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദീപങ്ങളുടെ ഉത്സവം

ദീപങ്ങളുടെ ഉത്സവം
WD
ദീപങ്ങളുടെയും മധുരങ്ങളുടെയും ഉത്സവമാണ് ദീപാവലി. ഇന്ത്യയിലെങ്ങും ഇത് ആഘോഷപൂര്‍വം കൊണ്ടാടുന്നു. അശ്വിന-കാര്‍ത്തിക മാസങ്ങളില്‍ ചതുര്‍ദ്ദശി തിഥിയും, ചിത്തിര നക്ഷത്രവും ഒന്നിച്ചുവരുന്ന ദിവസമാണ് ദീപാവലിയായി ആഘോഷിക്കാറ്.

ദീപങ്ങള്‍, നിറഭേദങ്ങള്‍ വിതറുന്ന പടക്കങ്ങള്‍, രുചിഭേദങ്ങള്‍ നിറഞ്ഞ മധുരപലഹാരങ്ങള്‍ എന്നിവ ദീപാവലിയുടെ സവിശേഷതയാണ്. ചിലയിടങ്ങളില്‍ കച്ചവടക്കാര്‍ കടങ്ങളെല്ലാം തീര്‍ത്ത് പുതിയ അക്കൗണ്ട് തുടങ്ങുന്നത് ദീപാവലിക്കാണ്.

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതും ബഹുവര്‍ണ്ണങ്ങളുള്ള പൂത്തിരികളും മത്താപ്പുകളും കത്തിക്കുന്നതും ആഘോഷങ്ങളുടെ അവിഭാജ്യ ഭാഗമാണ്. മുതിര്‍ന്നവര്‍ മാലപ്പടക്കങ്ങളും അമിട്ടുകളും ഗുണ്ടുകളും പൊട്ടിച്ച് തകര്‍ക്കുന്നു. മറ്റുള്ളവര്‍ പൂക്കുറ്റിയും തറച്ചക്രവും കമ്പിത്തിരിയും മത്താപ്പുമായി ഉല്ലസിക്കുന്നു.

ജൈനരുടെ പരമാചാര്യനായ മഹാവീരന്‍ പരമപദം പ്രാപിച്ചത് ഈ ദിവസമാണ്. അതുകൊണ്ട് ഹൈന്ദവോത്സവമായ ദീപാവലി ജൈനമതക്കാര്‍ക്കും പുണ്യദിവസമാണ്.

മഹാവീരന്‍ കാലഗതി പ്രാപിച്ചത് ക്രിസ്തുവിന് മുന്‍പ് അഞ്ഞൂറ്റി ഇരുപത്തിയെട്ടാം ആണ്ടിലാണ്. ആ നിലയ്ക്ക് ദീപാവലി ആഘോഷത്തിന് 2500 ഓളം വര്‍ഷം പഴക്കമുണ്ടെന്ന് കരുതാവുന്നതാണ്.

മഹാവീരനെന്ന ജ്ഞാന ദീപം പൊലിഞ്ഞുപോയതിന്‍റെ സ്മരണയ്ക്കായി ആയിരക്കണക്കിന് ദീപങ്ങള്‍ കൊളുത്തി ഭക്തരും നാട്ടുകാരും തുടങ്ങിവച്ചതാണ് ദീപാവലി എന്നാണൊരു ഐതിഹ്യം.

webdunia
WD
കേരളത്തിന് തൊട്ടുള്ള തമിഴ്നാട്ടില്‍ ദീപാവലി ദേശീയോത്സവമാണ്. ഈ ദിവസം വീടുകളും തെരുവുകളും ദീപലംകൃതമാവും .ദേവിയെ ഐശ്വര്യത്തിന്‍റെയും സമ്പത്തിന്‍റെയും ദേവതയായി സങ്കല്‍പ്പിച്ച് ലക്ഷ്മീ പൂജ നടത്തുന്നു. ഇന്ത്യയിലെങ്ങും ഏതാണ്ട് ഇതേമട്ടിലാണ് ദീപാവലി ആഘോഷം.

മാര്‍വാടികളുടെയും ഗുജറാത്തികളുടെയും സിന്ധികളുടെയും പ്രധാന ഉത്സവമാണ് ദീപാവലി. അവര്‍ ദീപാവലി മൂന്നു ദിവസമാണ് ആഘോഷിക്കുന്നത്.

ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ ദീപാവലിയോടനുബന്ധിച്ചുള്ള ഗോവര്‍ദ്ധനപൂജ ഒരു പ്രധാന ചടങ്ങാണ്. ശ്രീകൃഷ്ണന്‍ ഗോവര്‍ദ്ധനഗിരി ഉയര്‍ത്തിയതിന്‍റെ ഓര്‍മ്മയ്ക്കായാണ് ദീപാവലിയുടെ നാലാം ദിവസം ഈ പൂജ നടത്തുന്നത്.

ബിഹാറില്‍ പശുച്ചാണകം കൂമ്പാരമാക്കി പൂക്കള്‍ കൊണ്ടലംകരിച്ച് ആരാധന നടത്തുന്നു. പിന്നീട് ഈ ചാണകം പ്രസാദമായി നല്‍കുകയും ചെയ്യുന്നു.

ബംഗാളില്‍ ഈ ദിവസം കാളീപൂജയ്ക്കാണ് പ്രാധാന്യം. കാളി തന്‍റെ പുറമേയുള്ള കറുപ്പ് നീക്കി ഉള്ളിലൊളിഞ്ഞിരിക്കുന്ന ദിവ്യചൈതന്യം പ്രകാശിപ്പിക്കാനുള്ള പൂജയാണ് അന്ന് നടക്കുക.

ശ്രീരാമന്‍ രാവണ നിഗ്രഹം കഴിഞ്ഞ് അയോദ്ധ്യയില്‍ തിരിച്ചെത്തിയപ്പോള്‍ ആളുകള്‍ ദീപം കൊളുത്തി വരവേറ്റതാണ് ദീപാവലിയെന്നും, ശ്രീരാമ പട്ടാഭിഷേകദിവസമാണ് ദീപാവലിയെന്നും വിവിധ ഐതിഹ്യ കഥകള്‍ പറയുന്നു.

Share this Story:

Follow Webdunia malayalam