Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദീപാവലി - ഐതീഹ്യങ്ങള്‍, അനുഷ്ഠാനങ്ങള്‍

webdunia

അനിരാജ് എ കെ

ശനി, 14 നവം‌ബര്‍ 2020 (15:16 IST)
മരണത്തിന് മേല്‍ ഇഛാശക്തി നേടുന്ന വിജയത്തിന്‍റെ ദിനമായാണ് ഈ ദിനം ആഘോഷിക്കുന്നത്. ചില പ്രദേശങ്ങളില്‍ ദീപാവലി ദിനം യമധര്‍മനുള്ള അനുഷ്ഠാനങ്ങളെങ്കില്‍ ഉത്തരേന്ത്യന്‍ വ്യാപാരികള്‍ക്ക് ഇത് സാമ്പത്തിക വര്‍ഷാരംഭമാണ്.
 
അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക്, തിന്മയെ മറികടന്ന് നന്മയിലേക്ക്. മനുഷ്യഹൃദയങ്ങളില്‍ സ്ഥിതിചെയ്യുന്ന ആസുര ഭാവത്തെ - തിന്മയെ - നിഗ്രഹിക്കുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം. വ്യാപാരികളെ സംബന്ധിച്ചിടത്തോളം ദീപാവലി ധനത്തിന്‍റെ ഉത്സവമാണ്. ധനപൂജ അനുഷ്ഠിക്കേണ്ട ദിനം. വ്യാപാരികള്‍ക്ക് കടബാധ്യതയുള്ളവര്‍ അതു കൊടുത്തു തീര്‍ക്കുന്നത് അന്നാണ്; വ്യാപരികളും കടം വീട്ടുന്ന ദിവസവും ദീപാവലിയാണ്.
 
ദീപാവലിയുടെ ഐതിഹ്യത്തിനും പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ. ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വ്യത്യസ്തമാക്കുന്നത് അതുമായി ബന്ധപ്പെട്ട ഐതിഹ്യകഥകളാണ്.
 
നരകാസുരവധം മുതല്‍ വര്‍ധമാനമഹാവീര നിര്‍വാണം വരെ അവ നീണ്ടുകിടക്കുന്നു. എങ്കിലും ദുര്‍ഗാദേവിയുടെ നരകാസുരവധകഥയ്ക്കാണ് കൂടുതല്‍ പ്രചാരം.
 
ദീപാവലിയുടെ ഐതിഹ്യത്തിന് പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ.
 
ഈ അഞ്ച് നാളുകള്‍ക്കും വിവിധ ഐതിഹ്യങ്ങളാണുള്ളത്. മരണത്തിന് മേല്‍ ഇച്ഛാശക്തി നേടുന്ന വിജയത്തിന്‍റെ ദിനമായാണ് ഈ ദിനം ആഘോഷിക്കുന്നത്. ധനത്രയോദശി എന്നാണ് ആദ്യദിനം അറിയപ്പെടുന്നത്. ഹിമ എന്ന രാജാവിന്‍റെ പുത്രനെ മരണവിധിയില്‍ നിന്നും അദ്ദേഹത്തെ ഭാര്യ രക്ഷപ്പെടുത്തിയ ദിനമാണ് ഇത്.
 
രാജകുമാരന്‍ വിവാഹത്തിന്‍റെ നാലാം ദിവസം പാമ്പുകടിയേറ്റ് മരിക്കുമെന്നാണ് ജാതകത്തില്‍. രാജകുമാരന്‍റെ വിവാഹത്തിന്‍റെ നാലാം രാത്രിയില്‍ അദ്ദേഹത്തിന്‍റെ ഭാര്യ വീട്ടില്‍ മുഴുവന്‍ വിളക്കുകള്‍ കൊളുത്തി. ആഭരണങ്ങളുടെയും നാണയങ്ങളുടെയും കൂമ്പാരം വീട്ടിലെ വാതിലിനു മുന്നില്‍ നിരത്തി.
 
ഒരു പാമ്പിന്‍റെ രൂപത്തിലെത്തിയ യമദേവന് വീട്ടിലെ പ്രഭാപൂരത്തില്‍ കണ്ണ് മഞ്ഞളിച്ച് അകത്തേക്ക് കടക്കാനായില്ല. അന്നു രാത്രി മുഴുവന്‍ രാജകുമാരി പറഞ്ഞ കഥകള്‍ കേട്ട് പാമ്പ് പിറ്റേന്ന് തിരിച്ചുപോയെന്നാണ് ഐതിഹ്യം.
 
നരക ചതുര്‍ദശി കാര്‍ത്തിക മാസത്തിലെ പതിനാലാം ദിവസമാണ് ആഘോഷിക്കുന്നത്. നരകാസുകരന് മേല്‍ ശ്രീകൃഷ്ണന്‍ വിജയം നേടിയ ദിനമാണിത്.
 
നരകാസുരനെ കൊന്ന് വിജയാഘോഷത്തില്‍ അസുരന്‍റെ രക്തം മുഖത്ത് തേച്ച ശ്രീകൃഷ്ണന്‍ അതിരാവിലെ വീട്ടിലെത്തി ശരീരം വൃത്തിയാക്കി. ഇതിന്‍റെ ഓര്‍മയ്ക്കായി നരക ചതുര്‍ദശി ദിനത്തില്‍ സൂര്യനുദിക്കും മുമ്പ് കുളിക്കുന്ന ആചാരം ഉത്തരേന്ത്യയിലുണ്ട്.
 
മൂന്നാം ദിനം ലക്ഷ്മിപൂജ ദിനമാണ്. ദേവന്മാരും അസുരന്മാരും നടത്തിയ പാലാഴിമഥനത്തിലൂടെ മഹാലക്ഷ്മി സൃഷ്ടിക്കപ്പെട്ട ദിനമാണ് ഈ ദിവസമെന്നാണ് ഐതിഹ്യം. പദ്വ അഥവാ വര്‍ഷപ്രതിപാദ ആണ് നാലാമത്തെ ദിനം. ഉത്തരേന്ത്യയില്‍ ഈ ദിവസം ഗോവര്‍ധനപൂജ നടക്കുന്നു.
 
ഇതാണ് വര്‍ഷപ്രതിപാദയുടെ ഐതിഹ്യം - മഴയുടെ ദേവനായ ഇന്ദ്രനെ പൂജിക്കാറുണ്ടായിരുന്ന ഗോകുലത്തില്‍ ശ്രീകൃഷ്ണന്‍റെ നിര്‍ദേശപ്രകാരം ഇന്ദ്രപൂജ നിര്‍ത്തിവെച്ചു. ഇതില്‍ കോപാകുലനായ ഇന്ദ്രന്‍ ഗോകുലത്തില്‍ അതിശക്തമായ മഴ പെയ്യിച്ചു. എന്നാല്‍ ഗോവര്‍ധന പര്‍വതം പിഴുതെടുത്ത് ഗോകുലത്തിന് മുകളില്‍ ഒരു കുടയായി പിടിച്ച ശ്രീകൃഷ്ണന്‍ ഗോകുലവാസികളെ രക്ഷിച്ചു. അതിന്‍റെ സ്മരണയ്ക്കായാണ് ഗോവര്‍ധന പൂജ നടക്കുന്നത്.
 
ഭയദുജ് എന്നാണ് അഞ്ചാമത്തെ ദിവസം അറിപ്പെടുന്നത്. മരണത്തിന്‍റെ ദേവനായ യമന്‍ തന്‍റെ സഹോദരിയായ യമിയെ സന്ദര്‍ശിച്ച് ഉപഹാരങ്ങള്‍ നല്‍കിയ ദിനമാണിത്. യമി യമന്‍റെ നെറ്റിയില്‍ തിലകമര്‍പ്പിച്ച ഈ ദിവസം തന്‍റെ സഹോദരിയുടെ കൈയില്‍ നിന്നും തിലകമണിയുന്നവര്‍ ഒരിക്കലും മരിക്കില്ലെന്ന് യമന്‍ പ്രഖ്യാപിച്ചു. സഹോദരീസഹോദരന്മാര്‍ക്കിടിയിലെ സ്നേഹത്തിന്‍റെ ഒരു പ്രതീകമെന്ന നിലയിലാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്.
 
നരകാസുരവധം: നരകാസുരന്‍ ത്രിലോകത്തിനും ശല്യമായപ്പോള്‍ വിഷ്ണുവും ഇന്ദ്രനും ഗരുഡനും ചേര്‍ന്ന് നരകാസുരനെ വധിച്ചതിന്‍റെ ആഹ്ളാദ സൂചകമായാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് ഒരു കഥയുണ്ട്. പടക്കം പൊട്ടിച്ചും ദീപങ്ങള്‍ കത്തിച്ചും മധുരപലഹാരം വിതരണം ചെയ്തും ഈ ദിനം ആഘോഷിക്കുന്നത് ആ ഓര്‍മ്മ പുതുക്കാനാണെന്നാണ് പറയുന്നത്.
 
ഭൂമിദേവിയുടെ അഭ്യര്‍ഥന മാനിച്ച് മഹാവിഷ്ണു നരകാസുരന്‍റെ സംരക്ഷണത്തിന് നാരായണാസ്ത്രം നല്കിയതോടെ നരകാസുരന്‍ വിശ്വരൂപം കാട്ടി. ഇന്ദ്രന്‍റെ വെണ്‍കൊറ്റക്കുട അപഹരിച്ചും ഇന്ദ്രമാതാവിന്‍റെ കുണ്ഡലങ്ങള്‍ കവര്‍ന്നും പതിനായിരത്തില്‍പരം ദേവ-മനുഷ്യ സ്ത്രീകളെ തടവിലിട്ടും രാജ്യത്തിന്‍റെ കാവല്‍ അസുരരെ ഏല്പിച്ചും അഴിഞ്ഞാടിയ ഈ അസുര ചക്രവര്‍ത്തിയെ വധിക്കാനാണ് മഹാവിഷ്ണു മുന്നിട്ടിറങ്ങിയത്.
 
പിതൃദിനം: ബംഗാളില്‍ മറ്റൊരു വിധത്തിലാണ് ആഘോഷം. ഈ ദിനത്തില്‍ ഭൂമിയിലെത്തുന്ന പിതൃക്കള്‍ക്ക് വഴികാട്ടാനായി വലിയ ദണ്ഡുകള്‍ ഉയര്‍ത്തിവച്ച് മുകളില്‍ ദീപം കത്തിച്ചുവച്ചാണ് ഇവരുടെ ആഘോഷം.
 
മധുപാന മഹോത്സവം: വാത്സ്യായനന്‍റെ കാമസൂത്രത്തില്‍ യക്ഷന്മാരുടെ രാത്രിയാണ് ദീപാവലി. മധുപാന മഹോത്സവമാണ് അന്നത്തെ മുഖ്യ ആഘോഷം.
 
മഹാബലി: മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതിന്‍റെ സ്മരണ പുതുക്കലാണ് ദീപാവലി. ധാന്യപ്പൊടി കൊണ്ടോ, ചാണകപ്പൊടി കൊണ്ടോ മഹാബലിയുടെ രൂപമുണ്ടാക്കി അദ്ദേഹത്തിന്‍റെ രാജ്യം വീണ്ടും വരട്ടെ എന്ന് സ്ത്രീകള്‍ പ്രാര്‍ഥിക്കുന്നതാണ് ഈ ആഘോഷത്തിലെ മുഖ്യ ചടങ്ങ്.
 
വിക്രമവര്‍ഷാരംഭദിനം: വിക്രമാദിത്യ ചക്രവര്‍ത്തി സ്ഥാനാരോഹണം ചെയ്ത വിക്രമവര്‍ഷാരംഭ ദിനമായും ജാതക കഥകളില്‍ വര്‍ധമാന മഹാവീരന്‍ നിര്‍വാണം പ്രാപിച്ച ദിനത്തിന്‍റെ ഓര്‍മ്മയ്ക്കായും ഈ ദിനം ആഘോഷിക്കുന്നു.
 
ശ്രീരാമപട്ടാഭിഷേകം: രാവണനിഗ്രഹത്തിനുശേഷം സീതാസമേതനായി അയോധ്യയിലെത്തിയ ശ്രീരാമന്‍ പട്ടാഭിഷേകം നടത്തിയതിന്‍റെ ഓര്‍മയ്ക്കായും ഈ ദിനം ആഘോഷിക്കുന്നു.
 
ചൂതാട്ടം: ശിവപാര്‍വതിമാരും ഗണപതിസുബ്രഹ്മണ്യന്മാരും ചൂതാട്ടം നടത്തിയതിന്‍റെ ഓര്‍മ പുതുക്കാനാണ് ദീപാവലി ആഘോഷമെന്ന കഥയ്ക്കും പ്രചാരമുണ്ട്. 

Share this Story:

Follow Webdunia Hindi

അടുത്ത ലേഖനം

ഏല്ലാ രാശിക്കാരുമായും ചേർന്നുപോകാൻ ഇവർക്കാകും, അറിയു !