ദീപാവലി - വെളിച്ചത്തിന്‍റെ ഉത്സവം!
ദീപാവലി - ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക്
അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക്, തിന്മയെ മറികടന്ന് നന്മയിലേക്ക്. മനുഷ്യഹൃദയങ്ങളില്‍ സ്ഥിതിചെയ്യുന്ന ആസുര ഭാവത്തെ - തിന്മയെ - നിഗ്രഹിക്കുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം.
മരണത്തിന് മേല്‍ ഇഛാശക്തി നേടുന്ന വിജയത്തിന്‍റെ ദിനമായാണ് ഈ ദിനം ആഘോഷിക്കുന്നത്. ചില പ്രദേശങ്ങളില്‍ ദീപാവലി ദിനം യമധര്‍മനുള്ള അനുഷ്ഠാനങ്ങളെങ്കില്‍ ഉത്തരേന്ത്യന്‍ വ്യാപാരികള്‍ക്ക് ഇത് സാമ്പത്തിക വര്‍ഷാരംഭമാണ്.
വ്യാപാരികളെ സംബന്ധിച്ചിടത്തോളം ദീപാവലി ധനത്തിന്‍റെ ഉത്സവമാണ്. ധനപൂജ അനുഷ്ഠിക്കേണ്ട ദിനം. വ്യാപാരികള്‍ക്ക് കടബാധ്യതയുള്ളവര്‍ അതു കൊടുത്തു തീര്‍ക്കുന്നത് അന്നാണ്; വ്യാപരികളും കടം വീട്ടുന്ന ദിവസവും ദീപാവലിയാണ്.
ദീപാവലിയുടെ ഐതിഹ്യത്തിനും പ്രാദേശിക ഭേദമുണ്ട്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ. ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വ്യത്യസ്തമാക്കുന്നത് അതുമായി ബന്ധപ്പെട്ട ഐതിഹ്യകഥകളാണ്.
നരകാസുരവധം മുതല്‍ വര്‍ധമാനമഹാവീര നിര്‍വാണം വരെ അവ നീണ്ടുകിടക്കുന്നു. എങ്കിലും ദുര്‍ഗാദേവിയുടെ നരകാസുരവധകഥയ്ക്കാണ് കൂടുതല്‍ പ്രചാരം.