Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആണവക്കരാറിനെ സോണിയ കേരളത്തില്‍ മറന്നു

ആണവക്കരാറിനെ സോണിയ കേരളത്തില്‍ മറന്നു
, വ്യാഴം, 9 ഏപ്രില്‍ 2009 (15:25 IST)
കേരളത്തിലെ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ സോണിയാ ഗാന്ധി ആണവക്കരാറിനെ മറന്നു. അമേരിക്കയുമായുള്ള ആണവക്കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പുകിലുകള്‍ക്കൊടുവില്‍ യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ച സി പി എമ്മാണ് കേരളം ഭരിക്കുന്നതെന്ന് ഓര്‍ക്കാന്‍ യു പി എ അധ്യക്ഷയ്ക്കായില്ല. തിരുവനന്തപുരത്തും കോട്ടയത്തുമുള്ള വേദികളില്‍ ആണവക്കരാര്‍ ഒഴികെ മറ്റ് വിഷയങ്ങളാണ് അവര്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത്.

ഇടതുമുന്നണി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണെന്ന് സോണിയാ ഗാന്ധി കോട്ടയത്ത് യു ഡി എഫിന്‍റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ ആരോപിച്ചു. കേരളത്തിന് ഇത്രയധികം വികസന പദ്ധതി നല്‍കിയ മറ്റൊരു കേന്ദ്ര സര്‍ക്കാരില്ല. 40,000 കോടി രൂപയുടെ വികസന പദ്ധതികള്‍ കേന്ദ്രം കേരളത്തിന് നല്‍കി. എന്നാല്‍ കേരളത്തിന്‍റെ നന്മയ്ക്കും, പുരോഗതിയ്ക്കും, കേരളത്തിലെ ചെറുപ്പക്കാരുടെ നന്മയ്ക്കും വേണ്ടി ഇടതുസര്‍ക്കാര്‍ എന്തു ചെയ്തെന്നും അവര്‍ ചോദിച്ചു.

അഴിമതി മാത്രമാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരില്‍ ഉള്ളത്. ഇടതുപക്ഷം കേരളത്തിനു വേണ്ടി എന്താണ് ചെയ്തത്. അവര്‍ക്കെങ്ങനെ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ കഴിയും.

പ്രാദേശിക വികാരങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ദേശീയ സര്‍ക്കാര്‍ നിലവില്‍ വരണം. എങ്കില്‍ മാത്രമേ ഇതുവരെ തുടര്‍ന്ന വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയൂ. അതിന് യു പി എ സര്‍ക്കാര്‍ നിലവില്‍ വരണം.

രാജ്യം ഏറ്റവും അധികം തീവ്രവാദ അക്രമങ്ങളെ നേരിട്ടത് ബി ജെ പി ഭരണകാലത്താണ്. എന്നാല്‍, ആക്രമങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതേസമയം, മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പാക് പൌരന്മാരാണെന്ന് സമ്മതിപ്പിക്കാന്‍ യു പി എ സര്‍ക്കാരിന് കഴിഞ്ഞുവെന്നും സോണിയ അവകാശപ്പെട്ടു.

മറ്റൊന്നും പറയാനില്ലാത്തതു കൊണ്ടാണ് ഇടതുപക്ഷവും, ബി ജെ പിയും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നത്. ഇടതുപക്ഷം മതേതരത്വം പ്രസംഗിക്കുന്നുണ്ടെങ്കിലും, രണ്ടു തവണ അവര്‍ ബി ജെ പിയുമായി കൂട്ടുകൂടിയിട്ടുണ്ടെന്നും സോണിയ ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് തിരുവനന്തപുരത്ത് സോണിയ പറഞ്ഞു. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും ജനങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. രാജ്യത്ത് ജനാധിപത്യത്തിന് വേണ്ടി അടിത്തറയിട്ടതും പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണമേര്‍പ്പെടുത്തിയതും കോണ്‍ഗ്രസ് പാര്‍ട്ടിയാണ്.

രാജ്യത്ത് പൊതുമേഖല സ്ഥാപനങ്ങള്‍ സ്ഥാപിച്ചതും ഫാക്ടറികളും വന്‍ വ്യവസായ സ്ഥാപനങ്ങളും സ്ഥാപിച്ചതും കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ഹരിത വിപ്ലവം നടപ്പാക്കിയതും ഈ പാര്‍ട്ടിയാണ്. ഇത്രയും മഹത്തായ പാരമ്പര്യം അവകാശപ്പെടാന്‍ മറ്റ് ഏത് പാര്‍ട്ടിക്ക് കഴിയുമെന്ന് സോണിയ ചോദിച്ചു.

Share this Story:

Follow Webdunia malayalam