ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാരുടെ ഒരു വോട്ടു പോലും എന്‍ സി പി സ്ഥാനാര്‍ത്ഥി കെ മുരളീധരന് ലഭിക്കില്ലെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു.
വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം ഐ ഷാനവാസിന്‍റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
മുരളീധരന്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിച്ച വ്യക്തിയാണ്. പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പുണ്ടാക്കി കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് മുരളീധരന്‍ നോക്കിയത്. കോണ്‍ഗ്രസ് വികാരമുള്ളവരാരും മുരളീധരന് വോട്ടു ചെയ്യില്ല - ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
എന്നാല്‍ വയനാട്ടില്‍ മുരളീധരന്‍റെ സ്ഥാനാര്‍ത്ഥിത്വം യു ഡി എഫ് ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട് എന്നത് വ്യക്തമാണ്. എം ഐ ഷാനവാസാണ് വയനാട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി. മുരളിക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലമാണ് വയനാട്. മാത്രമല്ല സി പി എമ്മിന്‍റെ പരോക്ഷ സഹായവും ഇവിടെ മുരളിക്ക് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ മുരളിക്ക് കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.