Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നാം മുന്നണിക്ക് സര്‍ക്കാരുണ്ടാ‍ക്കാനാവില്ല

മൂന്നാം മുന്നണിക്ക് സര്‍ക്കാരുണ്ടാ‍ക്കാനാവില്ല
, ശനി, 11 ഏപ്രില്‍ 2009 (18:04 IST)
തെരഞ്ഞെടുപ്പിനുശേഷം മൂന്നാം മുന്നണിയ്ക്ക് സര്‍ക്കാരുണ്ടാക്കാനാവില്ലെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാനും ബി ജെ പിയെ ശക്തിപ്പെടുത്താനുമാണ് മൂന്നാം മുന്നണി ശ്രമിക്കുന്നതെന്നും മന്‍‌മോഹന്‍ സിംഗ് പറഞ്ഞു. കോഴിക്കോട് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ വര്‍ഗീയച്ചുവയുള്ള സര്‍ക്കാര്‍ വേണോ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള മതനിരപേക്ഷ സര്‍ക്കാര്‍ വേണോ എന്ന് ജനങ്ങള്‍ തീരുമാനിക്കണം. രാഷ്ട്രീയ അവസരവാദത്തിന് പ്രത്യയശാ‍സ്ത്ര മുഖം മൂടി നല്‍കുന്ന ഇടതുപക്ഷത്തിന്‍റെ ആത്മവഞ്ചനയെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണം. ഭീകരതയുടെയും വര്‍ഗീയതയുടെയും രാഷ്ട്രീയമല്ല നമുക്ക് വേണ്ടത്. സാന്ത്വനത്തിന്‍റെയും സമന്വയത്തിന്‍റെയും രാഷ്ട്രീയമാണ്.

സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിക്കാതിരുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ ശക്തമായ നടപടികള്‍ മൂലമാ‍ണ്. ന്യൂനപക്ഷങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കിയ സര്‍ക്കാരാണ് യു പി എയുടേത്. ന്യൂനപക്ഷങ്ങള്‍ക്കായി 15 ഇന കര്‍മപദ്ധതി നടപ്പാക്കി. സര്‍വശിക്ഷാ അഭിയാനും ഉച്ചഭക്ഷണ പദ്ധതിയും വിദ്യാഭ്യാസരംഗത്തെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കി. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സത്യസന്ധമായി നടപ്പാക്കി.

യു പി ഇ ഒഴികെ ഒരു സര്‍ക്കാരും കേരളത്തോട് ഇത്രയും വാത്സല്യം കാണിച്ചിട്ടില്ല. കേരളത്തിന്‍റെ മനുഷ്യവിഭവശേഷി ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ ഇടത് സര്‍ക്കാര്‍ പരാജയപ്പെട്ടു. എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ നിഷേധാത്മക നിലപാടുമൂലം വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാ‍നങ്ങളിലേക്ക് പോകേണ്ട ഗതികേടുണ്ടായി. പ്രവാസി നിക്ഷേപവും കര്‍മശേഷിയും ഉപയോഗപ്പെടുത്തുന്നതില്‍ എല്‍ ഡി എഫ് ദയനീയമായി പരാജയപ്പെട്ടു.

കേരളം ക്രിയാത്മകമായി സമീപിച്ചിരുന്നെങ്കില്‍ 10000 കോടിയുടെ പ്രവാസി നിക്ഷേപം ഒഴുകിവരുമായിരുന്നു. ഇവിടെ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും പദ്ധതി ആരംഭിക്കുമ്പോള്‍ അതിന് തടസ്സം സൃഷ്ടിക്കാനാണ് എല്‍ ഡി എഫ് ശ്രമിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല രചിച്ച ജനമുന്നേറ്റം എന്ന പുസ്തകം പി വി ഗംഗാധരന് നല്‍കികൊണ്ട് പ്രധാനമന്ത്രി പ്രകാശനം ചെയ്തു. സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി കരിപ്പൂര്‍ വിമാനത്താവളം വഴി ഡല്‍ഹിയ്ക്ക് പോയി.നേരത്തേ പള്ളുരുത്തിയിലും മന്‍‌മോഹന്‍‌സിംഗ് പ്രസംഗിച്ചിരുന്നു. സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിന്‌ ലഭിച്ച അവസരങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നഷ്ടമാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിര്‍ണാ‍യക ഘട്ടങ്ങളില്‍ തെറ്റായപാതയിലൂടെ സഞ്ചരിച്ചവരാണ് ഇടത് പാര്‍ട്ടികള്‍.

കേരളത്തിന്‍റെ അതിര്‍ത്തിപങ്കിടുന്ന സംസ്ഥാനങ്ങള്‍ വികസനകാര്യത്തിലും മൂലധന സമാഹരണത്തിലും വന്‍ കുതിപ്പ് നടത്തുമ്പോള്‍ എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ തെറ്റായ വികസന നയങ്ങളും മുന്‍‌ഗണനാക്രമങ്ങളും വികസനകാര്യത്തില്‍ സംസ്ഥാനത്തെ പുറകോട്ടടിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേടുകൊണ്ട് ഒട്ടേറെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നഷ്ടമായി. വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലും ദേശീയ പാത വികസന കാര്യത്തിലും ഇടത് സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ദേശീയപാത വികസനത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ച ഒരേയൊരു സംസ്ഥാനം കേരളമാണ്. ഇത് തന്നെ അത്ഭുതപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ താല്‍‌പ്പര്യമെടുത്താല്‍ ശബരിമല മാസ്റ്റര്‍ പ്ലാന്‍ അതിവേഗം നടപ്പാക്കാനാവും.

കേരളത്തിന്‍റെ വികസനകാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുവെയും പ്രധാനമന്ത്രി എന്ന നിലക്ക് താന്‍ വ്യക്തിപരമായും പ്രത്യേക താല്‍പ്പര്യമെടുത്തിട്ടുണ്ടെന്ന് മന്‍‌മോഹന്‍ സിംഗ് പറഞ്ഞു.

Share this Story:

Follow Webdunia malayalam