മന്ത്രിസഭാ രൂപീകരണത്തില്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ ധാരണയില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി ചെന്നൈയിലേക്ക് മടങ്ങി. പുറമെ നിന്നുള്ള പിന്തുണയായിരിക്കും സര്‍ക്കാരിന് നല്‍കുകയെന്നും കരുണാനിധി പറഞ്ഞു.
മന്ത്രിസ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസ് മുന്നോട്ട് വച്ച ഫോര്‍മുല ഡിഎംകെ അംഗീകരിച്ചിട്ടില്ല. ഇന്ന് ചെന്നൈയില്‍ നടക്കുന്ന ഡിഎംകെ നിര്‍വാഹക സമിതി യോഗത്തിനു ശേഷമായിരിക്കും പാര്‍ട്ടിയുടെ ഔദ്യോഗിക പ്രതികരണമെന്നും കരുണാനിധി പറഞ്ഞു.
ഡിഎംകെ കൂടുതല്‍ മന്ത്രി സ്ഥാനം ചോദിക്കുന്നു എന്ന് പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മക്കളായ കനിമൊഴി, അഴഗിരി എന്നിവര്‍ക്ക് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനവും അനന്തരവന്‍ ദയാനിധി മാരന്‍, ടി ആര്‍ ബാലു, എ രാജ എന്നിവര്‍ക്ക് കാബിനറ്റ് പദവിയും കരുണാനിധി ചോദിച്ചിരുന്നു എന്ന് സൂചനയുണ്ട്.
എന്നാല്‍ മന്ത്രിസ്ഥാനങ്ങള്‍ സഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് നല്‍കുന്ന അനുപാതത്തിലേ നല്‍കാനാവൂ എന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇതിനു പുറമെ, ടി ആര്‍ ബാലു, എ രാജ എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തില്ല എന്നും കോണ്‍ഗ്രസ് നിലപാട് എടുത്തു എന്നാണ് സൂചന.എന്നാണ് കോണ്‍ഗ്രസ് നിലപാട്.
പാര്‍ട്ടി ആവശ്യപ്പെട്ട ഷിപ്പിംഗ്, റയില്‍വെ തുടങ്ങിയ വകുപ്പുകള്‍ വിട്ടുകൊടുക്കാനും കോണ്‍ഗ്രസ് തയാറായിരുന്നില്ല. പിന്തുണ സംബന്ധിച്ച അന്തിമ നിലപാട് ഇന്ന് ചെന്നൈയില്‍ ചേരുന്ന ഡിഎംകെ നിര്‍വാഹക സമിതി കൈക്കൊള്ളും.
സഖ്യത്തിലെ പ്രമുഖ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് റയില്‍വെ മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് സൂചന. മൊത്തം 19 സീറ്റുകള്‍ ഉള്ള തൃണമൂല്‍ കോണ്‍ഗ്രസ് ആണ് യുപിഎ സഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷി. തൃണമൂലിന് ഏഴ് മന്ത്രി സ്ഥാനം നല്‍കുമെന്നാണ് സൂചന.
സഖ്യകക്ഷികള്‍ക്ക് ഒഴികെ പുതുമുഖങ്ങള്‍ക്ക് മന്ത്രി സ്ഥാനം നല്‍കേണ്ട എന്നാണ് കോണ്‍ഗ്രസ് തീരുമാനം. കേരളത്തില്‍ നിന്ന് നാല് മന്ത്രിമാര്‍ ഉണ്ടായിരിക്കുമെന്നാണ് സൂചന.