Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമര്‍സിംഗിന്‍റെ വാദം അടിസ്ഥാനരഹിതം: സോമനാഥ്

അമര്‍സിംഗിന്‍റെ വാദം അടിസ്ഥാനരഹിതം: സോമനാഥ്
ന്യൂഡല്‍ഹി , വ്യാഴം, 21 മെയ് 2009 (15:28 IST)
തന്‍റെ ആവശ്യം മാനിച്ചാണ് സമാജ്‌വാദി പാര്‍ട്ടി ആണവ കരാറിനെ പിന്തുണച്ചത് എന്ന അമര്‍ സിംഗിന്‍റെ വാദം അടിസ്ഥാന രഹിതമാണെന്ന് സോമനാഥ് ചാറ്റര്‍ജി. ഈ ആരോപണത്തിലൂടെ സ്പീക്കറെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ ദു:ഖമുണ്ടെന്നും സോമനാഥ് പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടി രാജ്യസഭയില്‍ ആണവ കരാറിനെ എതിര്‍ത്തിരുന്നു. എന്നാല്‍, കരാറിനെ പിന്തുണയ്ക്കണമെന്ന് സോമനാഥ് ചാറ്റര്‍ജി ടെലഫോണിലൂടെ നിരവധി തവണ ആവശ്യപ്പെട്ടതിനെ മാനിച്ചാണ് പിന്നീട് ആണവകരാര്‍ വിഷയത്തില്‍ വിശ്വാസ വോട്ട് തേടിയ യുപി‌എ സര്‍ക്കാരിനെ പിന്തുണച്ചതെന്നും അമര്‍ സിംഗ് കഴിഞ്ഞ ദിവസം മാധ്യമ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് സമാജ്‌വാദി പാര്‍ട്ടിയോടു ചെയ്തതൊന്നും നല്ലതല്ല, എന്നാല്‍ രാജ്യത്തെ രക്ഷിക്കണം. രാജ്യത്തെ രക്ഷിക്കാനായി കോണ്‍ഗ്രസിനെ സഹായിക്കണമെന്നും സോമനാഥ് പറഞ്ഞതായി അമര്‍സിംഗ് വെളിപ്പെടുത്തി. ചാറ്റര്‍ജിയുമായുള്ള സ്നേഹബന്ധം കാരണമാണ് കേന്ദ്ര സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ താന്‍ സമ്മതം മൂളിയത്. ചാറ്റര്‍ജിയെ ഭാവിയില്‍ രാഷ്ട്രപതിയായി കാണാനാണ് താന്‍ ഇഷ്ടപ്പെടുന്നത് എന്നും അമര്‍ സിംഗ് പറഞ്ഞു.

പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്, മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം എന്നിവരും പാര്‍ട്ടിയുടെ തീരുമാനത്തെ സ്വാധീനിച്ചു എന്നും അമര്‍ സിംഗ് വെളിപ്പെടുത്തി. കരാര്‍ വിഷയത്തില്‍ ആദ്യമായാണ് സോമനാഥ് ചാറ്റര്‍ജിയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത്.

എന്നാല്‍, അമര്‍സിംഗിന്‍റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നാണ് സോമനാഥ് ചാറ്റര്‍ജിയുടെ വാദം. ആണവകരാറിനെ കുറിച്ച് ഒരു തരത്തിലുള്ള നിരീക്ഷണവും നടത്തിയിട്ടില്ല എന്നും അതെ കുറിച്ച് ആര്‍ക്കും ഉപദേശം നല്‍കാന്‍ തുനിഞ്ഞിട്ടില്ല എന്നും സോമനാഥ് വിശദീകരിക്കുന്നു.

കഴിഞ്ഞ ജൂലൈയില്‍ ആണവ കരാര്‍ വിഷയത്തില്‍ ഇടതുപക്ഷം കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ചപ്പോള്‍ 32 അംഗങ്ങളുള്ള സമാജ്‌വാദി പാര്‍ട്ടി യുപി‌‌എയെ താങ്ങി നിര്‍ത്തുകയായിരുന്നു.

Share this Story:

Follow Webdunia malayalam