പി ഡി പിയുമായുള്ള ബന്ധം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് ദോഷം ചെയ്തതായി സി പി ഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ ഇ ഇസ്മയില്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി ഡി പി ഇപ്പോള്‍ ഇടതുമുന്നണിയുടെ വക്താവായി സംസാരിക്കുകയാണ്. അതിന് അവരെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. പി ഡി പിയെ ആരും മുന്നണിയുടെ വക്താവാക്കിയിട്ടില്ല. പി ഡി പി ഇടതുമുന്നണിയില്‍ വലിഞ്ഞുകയറാന്‍ നോക്കണ്ട. ദേശീയതലത്തില്‍ മൂന്നാംമുന്നണിക്ക് ജനങ്ങളുടെ വിശ്വാസം നേടാനായില്ലെന്നും ഇസ്മായില്‍ അഭിപ്രായപ്പെട്ടു.
സി പി എമ്മിനുള്ളിലും പി ഡി പി വിരുദ്ധ നിലപാടുകള്‍ ശക്തമായി വന്നിരിക്കുന്ന സാഹചര്യത്തിലാണ് സി പി ഐയും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം, തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ റിപ്പോര്‍ട്ടില്‍ പി ഡി പി ബന്ധത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.
എന്നാല്‍, പരാജയത്തിന്‍റെ ഉത്തരവാദിത്തം മുഴുവന്‍ മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവച്ചൊഴിയാനുള്ള പിണറായിയുടെ ശ്രമത്തിന് പി ബിയുടെ പച്ചക്കൊടി ലഭിച്ചില്ല. മാത്രമല്ല, പി ഡി പി ബന്ധവും, ലാവ്‌ലിന്‍ കേസും തെരഞ്ഞെടുപ്പു പരാജയത്തിനു കാരണമായെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വി എസ് പറഞ്ഞിരുന്നു. പി ബിയും ഇക്കാര്യം വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സി പി ഐയുടെ പി ഡി പി വിരുദ്ധ പ്രസ്താവന.