മന്‍മോഹന്‍ സിംഗിന്‍റെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ ഇന്ന് വൈകിട്ട് 6:30 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനിലെ അശോക ഹാളില്‍ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
തമിഴ്നാട്ടില്‍ നിന്നുള്ള സഖ്യ കക്ഷിയായ ഡിഎംകെയുമായുള്ള ചര്‍ച്ചയില്‍ സത്യപ്രതിജ്ഞാ ദിനത്തിലും തീരുമാനമായില്ല. മൂന്ന് ക്യാബിനറ്റ് മന്ത്രിമാര്‍, രണ്ട് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനം, രണ്ട് സഹമന്ത്രി സ്ഥാനം എന്നിവ ഉള്‍പ്പെടെ ഏഴു മന്ത്രിസ്ഥാനങ്ങള്‍ ഡിഎംകെ ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് അംഗീകരിച്ചില്ല.
ഇതിനു പുറമെ, എ ആര്‍ രാജ, ടി ആര്‍ ബാലു എന്നിവര്‍ക്ക് മന്ത്രി സ്ഥാനം നല്‍കില്ല എന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ഇതെ തുടര്‍ന്ന് ഡി എം കെ മന്ത്രി സഭയില്‍ ചേരുന്നില്ല എന്ന് തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടി കേന്ദ്ര മന്ത്രിസഭയ്ക്ക് പുറത്തു നിന്നുള്ള പിന്തുണ നല്‍കുമെന്ന് നേതൃത്വം അറിയിക്കുന്നു. എന്നാല്‍, ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല എന്നാണ് കോണ്‍ഗ്രസ് നിലപാട്.
പാര്‍ട്ടി ആവശ്യപ്പെട്ട ഷിപ്പിംഗ്, റയില്‍വെ തുടങ്ങിയ വകുപ്പുകള്‍ വിട്ടുകൊടുക്കാനും കോണ്‍ഗ്രസ് തയാറായിരുന്നില്ല. പിന്തുണ സംബന്ധിച്ച അന്തിമ നിലപാട് ഇന്ന് ചെന്നൈയില്‍ ചേരുന്ന ഡിഎംകെ നിര്‍വാഹക സമിതി കൈക്കൊള്ളും.
സഖ്യത്തിലെ പ്രമുഖ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് റയില്‍വെ മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് സൂചന. മൊത്തം 19 സീറ്റുകള്‍ ഉള്ള തൃണമൂല്‍ കോണ്‍ഗ്രസ് ആണ് യുപിഎ സഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷി. തൃണമൂലിന് ഏഴ് മന്ത്രി സ്ഥാനം നല്‍കുമെന്നാണ് സൂചന.
സഖ്യകക്ഷികള്‍ക്ക് ഒഴികെ പുതുമുഖങ്ങള്‍ക്ക് മന്ത്രി സ്ഥാനം നല്‍കേണ്ട എന്നാണ് കോണ്‍ഗ്രസ് തീരുമാനം. കേരളത്തില്‍ നിന്ന് നാല് മന്ത്രിമാര്‍ ഉണ്ടായിരിക്കുമെന്നാണ് സൂചന.