ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത ശേഷം പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് ജനതാദള്‍ (എസ്) സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍ അറിയിച്ചു. ജനതാദളിന്‍റെ സംസ്ഥാന സമിതി യോഗം കോഴിക്കോട് ആരംഭിക്കുന്നതിനു മുമ്പായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനതാദള്‍ സംസ്ഥാന സമിതി യോഗത്തിലേക്ക് എല്ലാ എം എല്‍ എമാരെയും, ഭാരവാഹികളെയും ക്ഷണിച്ചിട്ടുണ്‌ട്. എന്നാല്‍, ചിലര്‍ യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് ചര്‍ച്ച ചെയ്യുമെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. എം എല്‍ എമാരായ മാത്യു ടി തോമസും, ജോസ് തെറ്റയിലും യോഗത്തിന് എത്തിയിരുന്നില്ല.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പര്‍ട്ടി തലത്തില്‍ ചില അഭിപ്രായങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. അത് ഇന്നു ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് അടുത്തതായി ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുകയും, അംഗീകരിക്കുകയും ചെയ്യുമെന്നും വീരേന്ദ്രകുമാര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് അവലോകനം, രാഷ്‌ട്രീയ നിലപാട് കൈക്കൊള്ളല്‍, യു ഡി എഫ് പ്രവേശനം എന്നിവയാണ് യോഗത്തിന്‍റെ പ്രധാന അജന്‍ഡ. പാര്‍ട്ടിയുടെ ദേശീയ നേതൃത്വം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ഘടകവും ഇതിന് അനുകൂലമായ നിലപാടായിരിക്കും സ്വീകരിക്കുക എന്നാണ് സൂചന.