ദേശീയ തലത്തില്‍ ഒരു മൂന്നാം മുന്നണിയ്ക്ക് ഇപ്പൊള്‍ പ്രസക്തിയില്ലെന്ന് ജനതാദള്‍(എസ്) നേതാവ് എച്ച് ഡി കുമാര സ്വാമി. യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുന്നതായി അറിയിച്ചുകൊണ്ടുള്ള കത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധിയ്ക്ക് കൈമാറിയതിനുശേഷം മാധ്യമപ്രവര്‍ത്തകരൊട് സംസാരിക്കുകയായിരുന്നു കുമാര സ്വാമി.
ഉപാധിരഹിത പിന്തുണയാണ് യു പി എയ്ക്ക് ജനതാദള്‍(എസ്) നല്‍കുന്നതെന്നും കുമാരസ്വാമി പറഞ്ഞു. കേന്ദ്ര മന്ത്രിസഭയില്‍ ചേരുന്ന കാര്യം സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്തില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി.
മൂന്നാം മുന്നണി രൂപീകരണത്തില്‍ ഇടതു കക്ഷികള്‍ക്കൊപ്പം ഉറച്ചു നിന്ന കക്ഷിയായിരുന്നു മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ നേതൃത്വം നല്‍കുന്ന ജനതാദള്‍(എസ്). ദള്‍ കേന്ദ്ര നേതൃത്വത്തിന്‍റെ പുതിയ നിലപാട് കേരളത്തിലെ ജനതാദളിന് യു ഡി എഫ് ക്യാമ്പിലേക്ക് ചേക്കേറുന്നതിന് സഹായകരമാവുമെന്നാണ് കരുതുന്നത്.