മന്‍മോഹന്‍ സിംഗിന്‍റെ നേതൃത്തിലുള്ള കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മന്ത്രിമാരുടെ വകുപ്പുകളില്‍ ഇന്ന് വൈകിട്ടോടെ അന്തിമ ധാരണയാവുമെന്നാണ് സൂചന.
കേരളത്തില്‍ നിന്ന് നാല് മന്ത്രിമാര്‍ ഉണ്ടാവും. എ കെ ആന്‍റണി പ്രതിരോധ വകുപ്പ് മന്ത്രിയായി തുടരും. വയലാര്‍ രവിയും ഇ അഹമ്മദും മന്ത്രിസഭയില്‍ തുടരുമെങ്കിലും വകുപ്പുകളില്‍ വ്യത്യാസം വരുമെന്നാണ് സൂചന. തിരുവനന്തപുരത്ത് നിന്നുള്ള എം പിയായ ശശി തരൂരിനെയും തുടക്കത്തില്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും.
കെ വി തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ മന്ത്രിസ്ഥാനത്തിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
കരുണാനിധിയുടെ ഡി എം കെ എട്ട് മന്ത്രിസ്ഥാനമാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ആറ് മന്ത്രിസ്ഥാനം നല്‍കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചു. ഇതില്‍ നാല് കാബിനറ്റ് മന്ത്രിമാരും രണ്ട് സഹമന്ത്രിമാരും ഉള്‍പ്പെടും. ആരോഗ്യ വകുപ്പ് ഡി എം കെയ്ക്ക് ആയിരിക്കുമെന്ന് സൂചനയുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസുമായി പ്രണാബ് മുഖര്‍ജി ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും. പാര്‍ട്ടിക്ക് ആറ് മന്ത്രിസ്ഥാനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. റയില്‍വെ വകുപ്പ് മമതയ്ക്ക് നല്‍കിയേക്കും. തൃണമൂലിന് മൂന്ന് കാബിനറ്റ് മന്ത്രിസ്ഥാനവും മൂന്ന് സഹമന്ത്രി സ്ഥാനവുമായിരിക്കും ലഭിക്കുക.
സുപ്രധാന വകുപ്പുകള്‍ എല്ലാം കോണ്‍ഗ്രസിനു തന്നെയായിരിക്കും. ധനമന്ത്രാലയത്തിന്‍റെ ചുമതല പ്രണാബ് മുഖര്‍ജിക്ക് ആയിരിക്കുമെന്നും സൂചനയുണ്ട്. ആഭ്യന്തരമന്ത്രിയായി ചിദംബരവും ശാസ്ത്ര സാങ്കേതിക മന്ത്രിയായി കപില്‍ സിബലും തുടരും.