ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ രാഷ്ട്രപതിയെ കണ്ട മന്‍മോഹന്‍ സിംഗും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിച്ചു. തുടര്‍ന്ന്, വെള്ളിയാഴ്ച സര്‍ക്കാര്‍ രൂപീകരിക്കാന്‍ സിംഗിന് രാഷ്ട്രപതി ക്ഷണം നല്‍കി. ഇതോടെ, മന്‍മോഹന്‍ സിംഗ് വെള്ളിയാഴ്ച രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ഉറപ്പായി.
വെള്ളിയാഴ്ച ഇരുകൂട്ടര്‍ക്കും അനുയോജ്യമായ സമയത്ത് സര്‍ക്കാര്‍ രൂപീകരണം നടത്താം എന്നാണ് പ്രതിഭാപാട്ടീല്‍ സിംഗിനോടും സോണിയയെയും അറിയിച്ചിരിക്കുന്നത്. 322 അംഗങ്ങളുടെ പിന്തുണ ഉണ്ടെന്ന് രാഷ്ട്രപതിക്ക് നല്‍കിയ കത്തില്‍ സിംഗ് അവകാശപ്പെട്ടു.
പതിനഞ്ചാം ലോക്സഭ ജൂണ്‍ രണ്ടിനാണ് നിലവില്‍ വരിക. അന്ന് എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ത്തിയാകുകയും ചെയ്യും. മഹാരാഷ്ട്രയില്‍ നിന്നുള്ള മണിക് റാവു ജൂണ്‍ രണ്ടിന് പ്രോട്ടം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യുമെന്നും സൂചനയുണ്ട്.
രാഷ്ട്രപതിയുമായി പത്ത് മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ സിംഗിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി സോണിയ ഔപചാരികമായി പരിചയപ്പെടുത്തി. സിംഗിന് രാഷ്ട്രപതി അഭിനന്ദന കത്ത് കൈമാറുകയും ചെയ്തു.
സിംഗ് തന്‍റെ മുന്നണിക്ക് 274 എം പി മാരുടെ പിന്തുണ ഉണ്ടെന്നും കൂടാതെ ബിഎസ്പി, എസ്പി, ആര്‍ജെഡി തുടങ്ങിയ കക്ഷികളുടെ പിന്തുണയും കൂടി ഉള്‍പ്പെടുത്തി 322 എംപിമാരുടെ പിന്തുണ തെളിയിക്കാനാവുമെന്നും രാഷ്ട്രപതിയെ ധരിപ്പിച്ചു.
തുടര്‍ന്ന്, ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവ് എന്ന നിലയിലും ഏറ്റവും വലിയ മുന്നണിയുടെ നേതാവ് എന്ന നിലയിലും പ്രതിഭാ പാട്ടീല്‍ സിംഗിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു.