സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്യും. ഇന്നുമുതല്‍ മൂന്ന് ദിവസമാണ് സംസ്ഥാന സമിതി യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്വം പൂര്‍ണമായും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ തലയില്‍ കെട്ടിവച്ചുകൊണ്ടുള്ളതാണ് സെക്രട്ടേറിയേറ്റിന്‍റെ റിപ്പോര്‍ട്ട്.
അതേസമയം റിപ്പോര്‍ട്ടില്‍ വിഭാഗീയമായ വിലയിരുത്തല്‍ നടന്നതായി പോളിറ്റ് ബ്യൂറോ വിലയിരുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ ചില തിരുത്തലുകള്‍ വേണമെന്ന് പിബി ആവശ്യപ്പെട്ടതായാണ് സൂചന. ലാവ്‌ലിന്‍, പിഡിപി ബന്ധം എന്നിവ കൂടി പരാജയത്തിനുള്ള കാരണമായതായി പിബി കണ്ടെത്തിയിട്ടുണ്ട്. ഈ വിവരങ്ങള്‍ കൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നാണ് പിബി നിര്‍ദ്ദേശം.
സെക്രട്ടേറിയേറ്റില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ മുഖ്യമന്ത്രി ന്യായീകരിച്ചതായാണ് സൂചന. സ്വയം വിമര്‍ശനപരമായി റിപ്പോര്‍ട്ടില്‍ ഒന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയ വി എസ് ലാവ്‌ലിനും പിഡിപി ബന്ധവും പരാജയത്തിന് കാരണമായതായി എടുത്തുകാണിച്ചു. വിമതരും പാര്‍ട്ടിക്കകത്തെ വിരുദ്ധരും പാര്‍ട്ടി വോട്ടില്‍ വിള്ളലുണ്ടാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.
ഇന്ന് ആരംഭിക്കുന്ന സംസ്ഥാന സമിതി യോഗത്തിലും ഔദ്യോഗിക വിഭാഗം വി എസിനെതിരെ ആഞ്ഞടിക്കാനാണ് സാധ്യത. ഏകപക്ഷീയമയി തയ്യാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന സമിതി അപ്പാടെ അംഗീകരിക്കാനാണ് സാധ്യത. എന്നാല്‍ സംസ്ഥാന സമിതി യോഗത്തിലും വി എസ് തന്‍റെ നിലപാട് ആവര്‍ത്തിക്കുമെന്നാണ് സൂചന.