കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വീണ്ടും യുപിഎ അധ്യക്ഷയായി തെരഞ്ഞെടുത്തു. സോണിയയുടെ വസതിയില്‍ ബുധനാഴ്ച ചേര്‍ന്ന യുപിഎ യോഗത്തിലാണ് സോണിയയെ മുന്നണിയുടെ അധ്യക്ഷയായി തെരഞ്ഞെടുത്തത്.
യുപിഎ യോഗത്തില്‍ വച്ച് ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയാണ് സോണിയയുടെ പേര് നിര്‍ദ്ദേശിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ഇതിനെ പിന്താങ്ങി.
തെരഞ്ഞെടുപ്പില്‍ യുപിഎ കാഴ്ചവച്ച മികച്ച പ്രകടനത്തിന് ശേഷം നടന്ന ആദ്യ യോഗത്തിലാണ് സോണിയയെ അധ്യക്ഷയായി തെരഞ്ഞെടുത്തത്. സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് ചര്‍ച്ചയും നടന്നു.
ഒരു പൊതു മിനിമം പരിപാടി രൂപീകരിക്കണം എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. മന്ത്രിമാരുടെ വകുപ്പുകളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി, പ്രണാബ് മുഖര്‍ജി, എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, ഫറൂഖ് അബ്ദുള്ള, ഷിബു സോറന്‍, ഇ അഹമ്മദ് തുടങ്ങിയ പ്രമുഖരും യോഗത്തില്‍ സന്നിഹിതരായിരുന്നു.