Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോറസ് റൌളിനു പകരക്കാരന്‍

ടോറസ് റൌളിനു പകരക്കാരന്‍
PROPRO
സ്പാനിഷ് സൂപ്പര്‍ താരം ഫെര്‍ണാണ്ടോ ടോറസിനു പന്തുകളി ഭ്രമം ലഭിച്ചത് അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകന്‍ ആയിരുന്ന സ്വന്തം മുത്തച്ഛനില്‍ നിന്നായിരുന്നു. അതുകൊണ്ട് തന്നെ പന്തുകളി ഭ്രമത്തോടൊപ്പം തന്നെ സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള ബന്ധവും ടോറസിന് ചെറുപ്പത്തില്‍ തന്നെ തുടങ്ങി. ഏഴാം വയസ്സില്‍ പന്തുതട്ടി തുടങ്ങിയ ടോറസ് വെറും ആരാധകന്‍ മാത്രമായില്ല. 11 വയസ്സില്‍ ക്ലബ്ബിന്‍റെ താരമായി.

സ്പെയിന്‍റെ ഈ തലമുറയിലെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരന്‍ റയല്‍ മാഡ്രിഡ് താരം റൌള്‍ ഗോണ്‍സാലസാണ്. എന്നാല്‍ റൌളിന് യൂറോ 2008 ല്‍ ഇടം നല്‍കാന്‍ പരിശീലകന്‍ ലൂയിസ് അരിഗോണസ് തയ്യാറാകാതിരുന്നപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞു. എന്നാല്‍ അരഗോണസ് ഈ സാഹസത്തിനു തയ്യാറായത് ടോറസിനെ കണ്ട് കൊണ്ടാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍ അടിച്ച് രസിക്കുന്ന താരത്തിന് 24 വയസ്സേ ആയിട്ടുള്ളൂ. കൌശലമാര്‍ന്ന നീക്കങ്ങള്‍ സഫലമാക്കാന്‍ എപ്പോഴും പെനാല്‍റ്റി ബോക്‍സില്‍ ഉണ്ടാകുമെന്നതാണ് വസ്തുത. ഇപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്‍റെ താരമായ ടോറസ് അരങ്ങേറ്റ സീസണില്‍ 33 മത്സരങ്ങളില്‍ അടിച്ചത് 24 ഗോളുകള്‍.

ഡച്ച് താരം നീല്‍‌സ്റ്റര്‍ റൂയി സ്ഥാപിച്ച അരങ്ങേറ്റ മത്സരത്തില്‍ 23 ഗോളുകള്‍ എന്ന റെക്കോഡാണ് സ്പാനിഷ് താരത്തിനു മുന്നില്‍ തകര്‍ന്നത്. സ്പാനിഷ് ലീഗിലെ അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ യൂത്ത് ഡവലപ്മെന്‍റ് പരിപാടിയുടെ ഭാഗമായി ഉയര്‍ന്ന് വന്ന ടോറസ് അരങ്ങേറ്റം നടത്തിയതും അത്‌ലറ്റിക്കോ മാഡ്രിഡില്‍ തന്നെ.

ഏഴാം വയസ്സില്‍ പന്തുകളി തുടങ്ങിയ ടോറസ് നാട്ടിലെ ക്ലബ്ബായ റയോ 13 ല്‍ നിന്ന് അത്‌ലറ്റിക്കോയില്‍ എത്തുമ്പോള്‍ 11 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഇന്‍ഡോര്‍ മത്സരങ്ങളില്‍ 55 ഗോളുകള്‍ അടിച്ചു കൂട്ടിയ ടോറസ് അത്‌ലറ്റിക്കോയിലാണ് ആയുധങ്ങള്‍ തേച്ച് മിനുക്കിയത്. മാരകമായ ഫിനിഷിംഗ് പാടവമാണ് യുവതാരത്തിന്‍റേ ശക്തി.

1995 ല്‍ അത്‌ലറ്റിക്കോയുടെ സീനിയര്‍ ടീമില്‍ എത്തിയ താരം 175 ലാലിഗാ മത്സരങ്ങളില്‍ അടിച്ചത് 75 ഗോളുകള്‍. റൊണാള്‍ഡോ, സാമുവല്‍ എറ്റൂ, ഡേവിഡ് വില്ല തുടങ്ങിയ തുടങ്ങിയ കളിക്കാരോടായിരുന്നു ഗോളടി മത്സരത്തില്‍ ടോറസ് മത്സരിച്ചത്. 2007 സീസണ്‍ ആദ്യം ലിവര്‍പൂളിലേക്ക് ടോറസ് എത്തിയത് 20 ദശലക്ഷം പൌണ്ടിനായിരുന്നു.

സ്പെയിന്‍ ദേശീയ യൂത്ത് ടീമിലെ സ്ഥിരം താരമായിരുന്ന ഫെര്‍ണാണ്ടോ ടോറസ് 2003 ഏപ്രില്‍ 6 ന് പോര്‍ച്ചുഗലിനെതിരെ ആയിരുന്നു അരങ്ങേറ്റം 2004 ല്‍ ഇറ്റലിക്കെതിരെ ആദ്യ ഗോള്‍ കണ്ടെത്തി. 2004 യൂറോയില്‍ പകരക്കാരന്‍റെ വേഷത്തിലായിരുന്ന ടോറസ് റൌളിന്‍റെയും മറ്റ് മുന്നേറ്റക്കാരുടെയും നിഴലില്‍ നിന്നും പുറത്ത് വന്നിരിക്കുക ആണ്. 2008 യൂറോയില്‍ അരഗോണസിന്‍റേ വിശ്വാസം കാത്ത് സൂക്ഷിക്കേണ്ട ചുമതല ഇനി ടോറസിനാണ്.

Share this Story:

Follow Webdunia malayalam