പ്രകൃതിയുമായി താദാത്മ്യം പ്രാപിക്കുക വഴി സ്വസ്ഥമായ ജീവിതം ഉറപ്പാക്കുകയാണ് ഫെംഗ്ഷൂയിയുടെ ധര്‍മ്മം. ഇതിനായി നല്ല ഊര്‍ജ്ജമായ “ചി” യുടെ പ്രവാഹം ഉറപ്പാക്കേണ്ടതുണ്ട്.
വീടിനുള്ളിലേക്ക് നല്ല ഊര്‍ജ്ജം പ്രവഹിക്കാനുള്ള സാഹചര്യം ഒരുക്കുന്നതോടൊപ്പം അത് കൂടുതല്‍ സമയം തങ്ങിനില്‍ക്കാനും അനുവദിക്കണം. വീടിന്റെ പ്രധാന വാതിലിനു നേര്‍ക്ക് മറ്റ് വാതിലുകളോ വലിയ ജനാലകളോ വരുന്നത് നല്ല ഊര്‍ജ്ജം തങ്ങി നില്ക്കാന് അവസരം നല്‍കില്ല.
ഇടുങ്ങിയ ഇടനാഴികള്‍, പ്രകാശമില്ലാത്ത മൂലകള്‍, കുത്തനെയുള്ള പടിക്കെട്ടുകള്‍ എന്നിവ വീടിനുള്ളില്‍ അനാരോഗ്യകരമായ ഊര്‍ജ്ജം നിലനില്ക്കാന് കാരണമാവും എന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നത്.
വീടിന്റെ മൂലകള്‍ വൃത്തിയുള്ളതും പ്രകാശമുള്ളതും ഇടനാഴികള്‍ക്ക് വിശാലതയും ഉണ്ടായിരുന്നാല്‍ ആരോഗ്യകരമായ “ചി”യെ ആകര്‍ഷിക്കാന്‍ കഴിയും. വീടിനുള്ളിലെ പടിക്കെട്ടുകള്‍ വീതിയുള്ളതാവാനും ശ്രദ്ധിക്കണം.
ഉറങ്ങുമ്പോള്‍ സചേതനമായ ഊര്‍ജ്ജ നഷ്ടം ഉണ്ടാവാതിരിക്കാനും ശ്രദ്ധ വേണം. ഇതിനായി, കിടപ്പു മുറികള്‍ക്ക് ബാഹ്യ ലോകവുമായി കൂടുതല്‍ ബന്ധമുണ്ടാവാതിരിക്കാന് ശ്രദ്ധിക്കണം. കിടപ്പ് മുറിക്ക് വലിയ ജനാലകള്‍ ആശാസ്യമല്ല.
വീടിനകത്ത് ഭിത്തിയില്‍ പാറകൊണ്ടുള്ള അലങ്കാരങ്ങള്‍ പോലെ പരുക്കന്‍ പ്രതലങ്ങള്‍ സൃഷ്ടിക്കുന്നത് വിപരീത ഊര്‍ജ്ജത്തെ സൃഷ്ടിക്കും. കൂര്‍ത്ത അഗ്രമുള്ള അലങ്കാര സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയും ഒഴിവാക്കേണ്ടതാണ്. വളവുള്ളത് അല്ലെങ്കില്‍ വൃത്താകൃതിയിലുള്ള അഗ്രങ്ങള്‍ ആരോഗ്യകരമായ ഊര്‍ജ്ജത്തെ അനുകൂലിക്കും.