ആടുംകുട്ടികളും സൌഭാഗ്യവും സന്തോഷവും
, ഞായര്‍, 24 ജനുവരി 2010 (17:34 IST)
ഫെംഗ്ഷൂയി ഭാഗ്യവസ്തുക്കള്‍ വിദഗ്ധരുടെ ഉപദേശപ്രകാരം ഉപയോഗിക്കുന്നത് സന്തോഷത്തെയും സൌഭാഗ്യത്തെയും വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. നിരവധി ഫെംഗ്ഷൂയി ഭാഗ്യവസ്തുക്കളില്‍ ഒന്നാണ് ആടും കുട്ടികളും. ചൈനീസ് ഭാഗ്യ നാണയങ്ങളുടെയും സ്വര്‍ണ ഇഗ്നോട്ടുകളുടെയും പുറത്ത് നില്ക്കുന്ന ഒരു ആടും അതിനെ നോക്കി നില്ക്കുന്ന ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ഈ ഭാഗ്യ ചിഹ്നത്തിലുള്ളത്. നാണയക്കൂന സമ്പത്തിനെ സൂചിപ്പിക്കുമ്പോള്‍ കുട്ടികളുടെ മുഖഭാവം വെളിപ്പെടുത്തുന്നത് സന്തോഷത്തെയാണ്. ആട് ശാന്തിയുടെയും മാതൃസ്നേഹത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നു.ഈ ഭാഗ്യ ചിഹ്നത്തിന്റെ അടിവശത്തായി നാല് ചൈനീസ് അക്ഷരങ്ങളും കൊത്തിവച്ചിരിക്കും. സന്തോഷത്തിന്റെ സുലഭമായ ഊര്‍ജ്ജം എന്നാണ് ഈ ചൈനീസ് വാക്കിന്റെ അര്‍ത്ഥം.പ്രതിനിധാനം ചെയ്യുന്ന എല്ലാ ഗുണങ്ങളുടെയും ഉദ്ദീപനത്തിനായി ഈ ഭാഗ്യവസ്തു പ്രയോജനപ്പെടുത്താം. വീട്ടിലോ ഓഫീസിലോ എവിടെ വേണമെങ്കിലും ഇത് സൂക്ഷിക്കുകയുമാവാം.ചൈനീസ് ജാതക നിര്‍ണയത്തില്‍ എട്ടാമത്തെ ചിഹ്നമാണ് ആട്. ആയതിനാല്‍, ഇതേവര്‍ഷത്തില്‍ ജനിച്ചവര്‍ക്ക് ആടിന്റെ ചിഹ്നം വളരെയധികം പ്രയോജനം ചെയ്യും. വീട്ടിലോ ഓഫീസിലോ എവിടെ വേണമെങ്കിലും തെക്ക് പടിഞ്ഞാറ് (187.5-217.5 ഡിഗ്രി) ദിശയില്‍ ഈ ഫെംഗ്ഷൂയി ഭാഗ്യ ചിഹ്നം വച്ചാല്‍ വ്യക്തിപരമായ ഭാഗ്യവും മാനസിക സന്തോഷവും അതിരുകവിഞ്ഞ് അനുഭവിക്കാന്‍ സഹായകമാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.യുവാക്കള്‍ക്കും ദമ്പതിമാര്‍ക്കും പ്രണയ ജീവിതത്തില്‍ കൂടുതല്‍ നല്ല അനുഭവങ്ങള്‍ നല്‍കാനും വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാവിജയം നേടാനും വ്യാപാരത്തില്‍ പുരോഗതി നേടാനും ഈ ഫെംഗ്ഷൂയി ഭാഗ്യ ചിഹ്നത്തിന്റെ സാമീപ്യം സഹായിക്കുമെന്നാണ് വിശ്വാസം. അതിനാല്‍, നിങ്ങള്‍ വിഷമഘട്ടങ്ങളെ അഭിമുഖീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഈ ഫെംഗ്ഷൂയി സുഹൃത്തിന്റെ സഹായം തേടാം.
Follow Webdunia malayalam