വീട് പഴയതോ പുതിയതോ ആവട്ടെ. നിങ്ങള്‍ക്ക് എന്തോ ഒരു പോരായ്മ അനുഭവപ്പെടുന്നുണ്ടോ? വീടിന് ഒരു ഐശ്വര്യമില്ല എന്ന തോന്നലാണ് നിങ്ങളെ ഭരിക്കുന്നതെങ്കില്‍ പുരാതന ചൈനീസ് ശാസ്ത്രമായ ഫെംഗ്‌ഷൂയി പരീക്ഷിച്ചു നോക്കാവുന്നതാണ്.
ഫെംഗ്ഷൂയി പഞ്ചഭൂതങ്ങളുടെ സന്തുലനത്തില്‍ അധിഷ്ഠിതമായതിനാല്‍ വീടിനുള്ളിലെ ക്രമീകരണങ്ങള്‍ ഇതനുസരിച്ചാവുന്നത് ഉത്തമമായിരിക്കും.
ഫര്‍ണിച്ചര്‍ ക്രമീകരണം
നിങ്ങളുടെ ക്വാ നമ്പര്‍ അനുസരിച്ചുള്ള ദിശയില്‍ ആയിരിക്കണം കിടക്ക ക്രമീകരിക്കേണ്ടത്. ആരോഗ്യത്തിന്‍റെ ദിശയില്‍ കിടക്ക ക്രമീകരിക്കണം. കിടക്ക ഒരു ഭിത്തിക്ക് മാത്രം എതിരെ ക്രമീകരിക്കുന്നത് വ്യക്തിപരമായ സ്ഥിരത നല്‍കുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പാചക സ്ഥലവും സിങ്കു പോലെയുള്ള ജലസ്രോതസ്സുകള്‍ക്കും ഇടയില്‍ ശൂന്യ സ്ഥലം ഉണ്ടാവണം. അഗ്നിയും ജലവും വിപരീത ഗുണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ് ഇതിനാധാരം.
സ്വീകരണ മുറിയില്‍ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചു കൂടുന്ന മറ്റേതിങ്കിലും മുറിയില്‍ ടെലിവിഷന്‍ പോലെയുള്ള വിനോദോപാധികള്‍ ആരോഗ്യ ദിശയില്‍ തന്നെ വയ്ക്കണം. ഇത് കുടുംബാംഗങ്ങള്‍ ആരോഗ്യകരമായ ദിശയെ അഭിമുഖീകരിച്ച് കൂടുതല്‍ സമയം ഇരിക്കാന്‍ ഇടവരുത്തും.
ഫെംഗ്ഷൂയി പ്രകാരം തീന്‍മേശയ്ക്ക് ചുറ്റും എട്ട് കസേരകള്‍ ഇടുന്നതാണ് ഉത്തമം. ഇത് കൂടുതലോ കുറവോ ആയാല്‍ ഇരട്ട സംഖ്യ ആയിരിക്കണം. നിങ്ങളുടെ ഓഫീസ് മേശ സൃഷ്ടികോണിന് അഭിമുഖമായിരിക്കാനും ശ്രദ്ധിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിങ്ങളുടെ ഭാഗ്യ ദിശയില്‍ ജനാലകളില്ലാത്ത ഭിത്തിയാണെങ്കില്‍ ഒരു കണ്ണാടി തൂക്കുക. കണ്ണാടി ‘ചി’ ഊര്‍ജ്ജത്തെ പ്രവഹിപ്പിക്കും. കിടപ്പ് മുറിയിലും സ്വീകരണ മുറിയിലും എണ്ണച്ഛായ ചിത്രങ്ങള്‍ വയ്ക്കുന്നത് സമൃദ്ധി കൊണ്ടുവരുമെന്നാണ് ഫെംഗ്ഷൂയി വിശ്വാസം. പഠനമുറിയില്‍ കരകൌശല വസ്തുക്കളും മുറിയില്‍ വളര്‍ത്താവുന്ന ചെടികളും വയ്ക്കാം. കുളിമുറികളില്‍ ചെടികളും കണ്ണാടികളും വയ്ക്കുന്നത് അനാരോഗ്യകരമായ ഊര്‍ജ്ജത്തെ ഇല്ലാതാക്കും.