Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദീര്‍ഘായുസ്സ് നല്‍കും മാന്‍

ദീര്‍ഘായുസ്സ് നല്‍കും മാന്‍
തിരുവനന്തപുരം , ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (20:23 IST)
ഫെംഗ്ഷൂയി ശാസ്ത്രമനുസരിച്ച് സഹനശക്തി, ദീര്‍ഘായുസ്സ്, വേഗത എന്നിവയുടെ മൃഗമാണ് മാന്‍. മാന്‍ എന്ന വാക്കിന് ചൈനീസ് ഭാഷയില്‍ ‘ലു’ എന്നാണ് ഉച്ചാരണം. ഈ വാക്ക് വരുമാനത്തെയും സമൃദ്ധിയെയും സൂചിപ്പിക്കുന്നു. ആ രീതിയില്‍, സമ്പത്തിന്റെയും സമൃദ്ധിയുടെയും മൃഗമായും മാനിനെ കരുതിപ്പോരുന്നു.

ദീര്‍ഘായുസ്സിന്റെ ദേവനായ സിങ്ങ് കുങ്ങിനെ അനുഗമിക്കുന്ന രീതിയിലുള്ള ഫെംഗ്ഷൂയി മാന്‍ രൂപങ്ങള്‍ സൂക്ഷിക്കുന്നത് ആരോഗ്യത്തെ പരിപാലിക്കാനും രോഗങ്ങളെ അകറ്റാനും സഹായകമാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഫുക് ലുക് സോ ത്രിമൂര്‍ത്തികളില്‍ ഒരാളാണ് സോ സിങ്ങ് കുങ്ങ്

വിവാഹ ബന്ധം സുദൃഡമാക്കാനും പരസ്പര സ്നേഹം നിലനിര്‍ത്താനും മാധുര്യമുള്ളതാക്കാനും ഇരട്ടമാന്‍ രൂപങ്ങള്‍ സഹായിക്കും. ഇത് കിടപ്പ് മുറിയുടെ തെക്ക് പടിഞ്ഞാറ് മൂലയില്‍ സൂക്ഷിക്കാം.

മനോഹരമായ കൊമ്പുകള്‍ ഉയര്‍ത്തിപ്പിടിച്ച് പിന്നില്‍ ഒരു സമ്പത്തിന്റെ കുടവും കാല്‍ച്ചുവട്ടില്‍ ഒരു കുല പിയോണി പുഷ്പവുമായി നില്‍ക്കുന്ന മാനിന്റെ രൂപം വളരെ പ്രചാരമുള്ള ഒരു ഫെംഗ്ഷൂയി വസ്തുവാണ്. ആരോഗ്യം, സമ്പത്ത്, പ്രണയ സൌഭാഗ്യം എന്നിവയാണ് ഈ മാന്‍ രൂപം വാഗ്ദാനം ചെയ്യുന്നത്.

മാന്‍ സമ്പത്തിനെ പ്രതിനിധാനം ചെയ്യുന്നതിനാല്‍ സമ്പത്തിന്റെ കുടം പേറി നില്‍ക്കുന്ന മാന്‍‌രൂപം സമൃദ്ധിക്ക് ഇരട്ടി ഉറപ്പ് നല്‍കുമെന്നാണ് വിശ്വാസം. ഇത്തരത്തിലുള്ള ഭാഗ്യ വസ്തു സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ ഉടമസ്ഥനെ സഹായിക്കുമത്രേ. പിയോണി പുഷ്പമാവട്ടെ പ്രണയത്തിനെയും വിവാഹ ബന്ധത്തെയും പ്രോത്സാഹിപ്പിക്കുന്നു. യൌവന കാമനകളുടെ സൂചകം കൂടിയാണിത്.

ജോലിസ്ഥലത്തും വീട്ടിലും മാനിന്റെ രൂപങ്ങള്‍ സൂക്ഷിക്കാവുന്നതാണ്.

Share this Story:

Follow Webdunia malayalam