Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണം നല്‍കുന്ന പി യാവോ

പണം നല്‍കുന്ന പി യാവോ
, ചൊവ്വ, 27 ഒക്‌ടോബര്‍ 2009 (20:22 IST)
PRO
ഭാഗ്യവും സമൃദ്ധിയും സുഖജീവിതവും പ്രദാനം ചെയ്യുന്ന നിരവധി ഫെംഗ്ഷൂയി വസ്തുക്കള്‍ ഉണ്ട്. ധനസമ്പാദനത്തിന്റെ കാവലാളായാണ് ഫെംഗ്ഷൂയി സാങ്കല്‍പ്പിക ജീവിയായ പി യാവോയെ കണക്കാക്കുന്നത്. സ്വര്‍ണച്ചിറകുള്ള പി യാവോയ്ക്ക് വ്യാഴത്തെ ( തായ് സുയി) പ്രീതിപ്പെടുത്താനും അതുവഴി ധനവരവ് സൃഷ്ടിക്കാനുള്ള കഴിവും ഉണ്ടെന്നാണ് വിശ്വസിക്കുന്നത്.

ചൈനയിലെയും മറ്റ് ഫെംഗ്ഷൂയി വിശ്വാസം പിന്തുടരുന്ന രാജ്യങ്ങളിലെയും ബാങ്കുകളിലും പണമിടപാട് സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും പി യാവോ രൂപങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. വിസര്‍ജ്ജനാവയവം ഇല്ലാത്ത പി യാവോ പുറത്തേക്ക് ഒന്നും കളയില്ല എന്നാണ് ചൈനീസ് വിശ്വാസം. അതായത്, അനസ്യൂതമായ ധനവരവ് ഉണ്ടാവുമെങ്കിലും താരതമ്യേന ചെലവ് കുറവ് ആയിരിക്കും.

പി യാവോ യജമാനനെ ഏതൊരവസ്ഥയിലും കൈവിടില്ലത്രേ. സംരക്ഷണവും അനുസരണയും വിശ്വാസ്യതയുമാണ് പി യാവോയുടെ മുഖമുദ്ര. പിയാവോ രൂപം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും സൂക്ഷിക്കുന്നത് കൂടാതെ ചെറു രൂപങ്ങള്‍ ബാഗിലോ ലോക്കറ്റ് ആയോ കൊണ്ടുനടക്കുന്നവരും ഉണ്ട്.

പുതിയ വീട്ടിലോ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിലോ പുതുക്കിപ്പണിത വീട്ടിലോ ധന സംരക്ഷകനായ പി യാവൊയെ സൂക്ഷിക്കാം. നിങ്ങള്‍ താമസിച്ചുവരുന്ന വീട്ടില്‍ ദൌര്‍ഭാഗ്യം നടമാടുന്നു എങ്കിലും പി യാവോയുടെ സഹായം തേടാമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നത്.

ജോലി ചെയ്യുന്ന മേശമേലോ സ്വീകരണ മുറിയിലോ ഭാഗ്യത്തിന്റെ കാവല്‍ മാലാഖയായ പി യാവൊയെ വയ്ക്കാം. ഭാഗ്യം നല്‍കുന്നതിനൊപ്പം ദുഷ്ട ലക്‍ഷ്യങ്ങളുമായി എത്തുന്ന സന്ദര്‍ശകരെ എതിരായി ബാധിക്കാനും ഈ ഫെംഗ്ഷൂയി സാങ്കല്‍പ്പിക ജീവിക്ക് സാധിക്കുമത്രേ. എന്നാല്‍, കിടപ്പുമുറി, അടുക്കള, ടോയ്‌ലറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ പി യാവൊയെ സൂക്ഷിക്കരുത്.

Share this Story:

Follow Webdunia malayalam