Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐശ്വര്യപൂര്‍ണം അക്ഷയതൃതീയ

ഐശ്വര്യപൂര്‍ണം അക്ഷയതൃതീയ
, തിങ്കള്‍, 27 ഏപ്രില്‍ 2009 (10:57 IST)
PROPRO
സര്‍വൈശ്വര്യത്തിന്‍റെയും ദിനമായ അക്ഷയതൃതീയ ഇന്ന്. അക്ഷയ തൃതീയയില്‍ ചെയ്യുന്ന ദാന ധര്‍മ്മങ്ങള്‍ക്ക് ശാശ്വതമായ ഫലസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. വൈശാഖ മാസത്തിലെ തൃതീയ ആണ് അക്ഷയ തൃതീയയായി പരിഗണിക്കുന്നത്.

വൈശാഖം പൊതുവേ ശുഭ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ നല്ല മാസമായിട്ടാണ് കരുതുന്നത്. വൈശാഖ മാസത്തിന്‍റെ മൂന്നാം നാളില്‍ വരുന്ന അക്ഷയ തൃതീയ ജപഹോമ പിതൃതര്‍പ്പണത്തിനു പറ്റിയ ദിനമാണ്. ഗംഗാ സ്നാനം, യവന ഹോമം തുടങ്ങിയവയ്ക്കും ശ്രേഷ്ഠമായി വിലയിരുത്തപ്പെടുന്നു.

ഇന്ത്യയിലെ ജനങ്ങള്‍ ശൂഭ സൂചകമായി കരുതുന്ന ഈ ദിനം ലക്ഷ്‌മീ വരദാനത്തിനായി സ്വര്‍ണം ഉള്‍പ്പടെയുള്ള ദ്രവ്യങ്ങള്‍ വാങ്ങാന്‍ പറ്റിയ ദിനവുമാണ്. അക്ഷയ തൃതീയ ദിനത്തില്‍ എന്തെങ്കിലും ലഭിച്ചാല്‍ അത് വര്‍ഷം മുഴുവന്‍ ഇരട്ടിയാകും എന്നാണ് വിശ്വാസം.

ഈ ദിനം കൃതായുഗത്തിന്‍റെ ആരംഭമാണ്. ദ്രൗപദിക്കു കൃഷ്ണന്‍ നല്‍കിയ അക്ഷയപാത്രത്തിന്‍റെ ഫലമാണത്രേ ഇന്നു ചെയ്യുന്ന കാര്യങ്ങള്‍ക്ക്. വൈശാഖ മാസത്തിന്‍റെ ശുക്ള തൃതീയ ദിനമായ അക്ഷയതൃതീയയില്‍ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും അത്യുത്തമമാണെന്നതാണ് പൊതുവെയുള്ള കണ്ടെത്തല്‍.

ഇന്നു ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഐശ്വര്യ ലക്ഷ്മി, ധനലക്ഷ്മി തുടങ്ങി അഷ്ട ലക്ഷ്മിമാരുടെ പുണ്യമുണ്ടാകും എന്നാണ് സങ്കല്പം. സമ്പത്തിന്‍റേയും സമൃദ്ധിയുടെയും പ്രതീകമായി കരുതുന്ന സ്വര്‍ണം പോലുള്ള ദ്രവ്യങ്ങള്‍ വാങ്ങാനും, വ്യവസായം തുടങ്ങാനും, വിവാഹത്തിനും പറ്റിയ നല്ല ദിനമായും ആധുനിക കാലത്തു പോലും അക്ഷയ തൃതീയയെ കണക്കാക്കി പോരുന്നു.

ഐതീഹ്യം

ഭഗീരഥന്‍ തപസു ചെയ്ത് ഗംഗാനദിയെ ഭൂമിയിലേക്കൊഴുക്കിയത് അക്ഷയ തൃതീയ ദിനത്തിലാണെന്നാണ് സങ്കല്പം. പരശുരാമന്‍റെ ജന്‍‌മദിനമായും അക്ഷയ തൃതീയ ദിനം കണക്കാക്കുന്നു.

ചിലര്‍ ഈ ദിവസം ബലരാമജയന്തിയായി കണക്കാക്കുന്നു. ഭൂമിയില്‍ ദുഷ്ട രാജക്കന്‍‌മാര്‍ വര്‍ധിച്ചപ്പോള്‍ ഭൂമീദേവി പശുവിന്‍റെ രൂപത്തില്‍ മഹാവിഷ്ണുവിനെ സമീപിച്ചു സങ്കടം പറഞ്ഞു.

ദുഷ്ടന്‍‌മാരെ നിഗ്രഹിക്കാമെന്ന് ഭൂമീദേവിക്കു നല്‍കിയ ഉറപ്പിന്‍‌മേല്‍ മഹാവിഷ്ണു, വസുദേവപുത്രന്മാരായ ശ്രീകൃഷ്ണനും ബലരാമനുമായി പിറന്ന് ദുഷ്ട നിഗ്രഹം വരുത്താമെന്നു സമ്മതിച്ചു. ബലരാമനായി പിറന്ന ദിനമായിട്ടാണ് അക്ഷയ തൃതീയദിനത്തെ വിശ്വസിച്ചു പോരുന്നത്.

അക്ഷയ തൃതീയ, വിജയദശമി, പുതുവര്‍ഷാരംഭദിനമായ യുഗാദി തുടങ്ങിയ ദിവസങ്ങളും ബലി പഞ്ചമിയുടെ ആദ്യ പകുതി ദിനവും സ്വയം സിദ്ധമാണെന്നും, ആ ദിനങ്ങളില്‍ ശുഭകാര്യങ്ങള്‍ ചെയ്യാന്‍ പഞ്ചാംഗം നോക്കേണ്ടെന്നുമാണ് ഹിന്ദുക്കള്‍ക്കിടയിലെ വിശ്വാസം. അതുകൊണ്ടാണ്, അക്ഷയ തൃതീയ ദിനത്തിന്‍റെ മുഴുവന്‍ സമയവും ശുഭകരമായി കണക്കാക്കുന്നത്.

Share this Story:

Follow Webdunia malayalam