അമൃതാനന്ദമയിയുടെ പിറന്നാളാഘോഷങ്ങള്‍ക്ക് അമൃതപുരി ഒരുങ്ങി
അമൃതപുരി , തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2011 (09:42 IST)
മാതാ അമൃതാനന്ദമയിയുടെ അമ്പത്തിയെട്ടാം പിറന്നാളാഘോഷങ്ങള്‍ക്ക് അമൃതപുരി ഒരുങ്ങി. അമൃത വിശ്വവിദ്യാപീഠം അങ്കണത്തില്‍ തയ്യാറാക്കിയ വേദിയിലാണ് ചൊവ്വാഴ്ച ചടങ്ങുകള്‍ നടക്കുന്നത്. പ്രധാനപന്തലിന് രണ്ട് ലക്ഷത്തിലധികം ഭക്തര്‍ക്ക് ഇരിക്കാനുള്ള സംവിധാനമുണ്ടായിരിക്കും. ഭക്തജനങ്ങള്‍ക്ക് അവരവരുടെ ഇരിപ്പിടങ്ങളില്‍ തന്നെ കുടിവെള്ളം നല്‍കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ ഭക്തര്‍ക്കും ഭക്ഷണം നല്‍കുന്നതിനായി ഇരുനൂറില്‍പ്പരം ഭക്ഷണ കൌണ്ടറുകള്‍ ഒരുക്കും. അമൃത വിശ്വവിദ്യാപീഠത്തിന്റെ കീഴിലുള്ള വിദ്യാഭ്യസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ് ഈ കൌണ്ടറുകളില്‍ സേവന സന്നദ്ധരായിട്ടുണ്ടാകുക.പിറന്നാളാഘോഷം 27ന് രാവിലെ അഞ്ച് മണിക്ക് നടക്കുന്ന മഹാഗണപതി ഹോമത്തോടെ തുടങ്ങും. തുടര്‍ന്ന് മാതാ അമൃതാനന്ദമയീ മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗം നടക്കും. അമൃത വിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തിന്റെ അകമ്പടിയോടുകൂടി മാതാ അമൃതാനന്ദമയി ഒമ്പത് മണിക്ക് വേദിയിലെത്തും. തുടന്ന് പാദപൂജയ്ക്ക് സന്ന്യാസി ശിഷ്യര്‍ നേതൃത്വം നല്‍കും. അമൃതാനന്ദമയിയുടെ അനുഗ്രഹപ്രഭാഷണമായിരിക്കും പിന്നീട് നടക്കുക.തുടര്‍ന്ന് നടക്കുന്ന ജന്മദിന സമ്മേളനത്തില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന്‍, കേന്ദ്രമന്ത്രി വിലാസ്‌റാവുദേശ്മുഖ്, കെ സി വേണുഗോപാല്‍, ആന്ധ്രാപ്രദേശ് ആരോഗ്യമന്ത്രി സി എല്‍ രവീന്ദ്ര റെഡ്ഡി, എം പി വീരേന്ദ്ര കുമാര്‍, പീതാംബരക്കുറുപ്പ്, ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, വിവിധ മഠങ്ങളിലെ സന്യാസി ശ്രേഷ്ഠര്‍ തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും.ഈ വര്‍ഷത്തെ ‘ അമൃതകീര്‍ത്തി’ പുരസ്കാരം മാതൃഭൂമി മാനേജിംഗ് ഡയറക്ടറും എഴുത്തുകാരനുമായ എം പി വീരേന്ദ്രകുമാറിന് സമ്മാനിക്കും.മാതാ അമൃതാനന്ദമയീ മഠം പുതുതായി നടപ്പാക്കുന്ന ഹോംനഴ്സ് പരിശീലന പദ്ധതിയുടെ ഉദ്ഘാടനം, അമൃതാനന്ദമയീ മഠത്തിന്റെ കീഴില്‍ രൂപീകൃതമായ ആയിരക്കണക്കുനു സന്നദ്ധസഹായ സംഘങ്ങള്‍ക്കുവേണ്ടി അമൃതശ്രീ സുരക്ഷാ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും മാതാ അമൃതാനന്ദമയീ മഠവും സംയുക്തമായി, തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം, അമൃതനിധിയുടെ പെന്‍ഷന്‍ പദ്ധതിയുടെ വിതരണം, 25,00 സ്ത്രീകള്‍ക്ക് വസ്ത്രദാനം, അന്നദാനം, നിര്‍ദ്ധനരായ സ്ത്രീകളുടെ സമൂഹ വിവാഹം എന്നിവ നടത്തും. മാതൃവാണിയുടെ ജന്മദിനപതിപ്പ് പ്രകാശനം, മാതാ അമൃതാനന്ദമയീ മഠം പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകങ്ങളുടെ പ്രകാശനം കൂടാതെ കൊണാര്‍ക്ക് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന ‘ അമ്മയുടെ ഉപദേശങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തും. തുടര്‍ന്ന് മാതാ അമൃതാനന്ദമയി ഭക്തര്‍ക്ക് ദര്‍ശനം നല്‍കും.
Follow Webdunia malayalam