ആചാരപ്പെരുമ നിറഞ്ഞ നിയമവെടി
തൃപ്രയാര്‍: , ശനി, 16 മാര്‍ച്ച് 2013 (14:05 IST)
തൃപ്രയാര്‍ തേവരുടെ നിയമവെടി ഏറെ ഐതിഹ്യപെരുമ നിറഞ്ഞതാണ്. എല്ലാദിവസവും പുലര്‍ച്ചെ മൂന്നു മണിക്കും സന്ധ്യയ്ക്ക് ദീപാരാധനയ്ക്കു മുമ്പുമാണ് മൂന്നു കതിനവെടികള്‍ മുഴങ്ങുന്നത്. തേവരുടെ ഗ്രാമപ്രദക്ഷിണത്തിനിടയിലും ഈ ആചാരങ്ങള്‍ ഇന്നും മുടക്കമില്ലാതെ തുടരുന്നു. ഗ്രാമപ്രദക്ഷിണവേളയില്‍ പണ്ടുകാലംമുതല്‍ നിശ്ചയിച്ച സ്ഥലങ്ങളിലാണ് നിയമവെടി നടക്കുന്നത്. മകീരംപുറപ്പാട് കഴിഞ്ഞ് പിറ്റേദിവസം കാട്ടൂര്‍ പൂരദിവസമാണ് ആദ്യത്തെ നിയമവെടി പുറത്തുനടക്കുന്നത്. വൈകീട്ട് 5മണിയോടെ പുറത്തേക്ക് എഴുന്നെള്ളിക്കുന്ന തേവരുടെ അന്നത്തെ നിയമവെടി എടത്തിരുത്തി പാടത്താണ്. പിന്നീട് നാലാംദിവസം രാമന്‍കുളം ആറാട്ടിനും ഇല്ലങ്ങളില്‍ പൂരത്തിനും പുറപ്പെടുന്ന തേവര്‍ക്ക് തൃപ്രയാര്‍ ക്ഷേത്രത്തിന് തെക്കുഭാഗത്തുള്ള കുളത്തേക്കാട്ട് മൂസിന്റെ പടിക്കലാണ് നിയമവെടി.അഞ്ചാംദിവസം പുലര്‍ച്ചെ മുറ്റിച്ചൂര്‍ അയ്യപ്പക്ഷേത്രത്തിന് സമീപം വെടിക്കുളത്തും ആറാംദിവസം തൃപ്രയാര്‍ കിഴക്കേനട പൈനൂര്‍ ആമലത്ത് പടിക്കലുമാണ് നിയമവെടി. പുലര്‍ച്ചെ വൈറ്റലാശ്ശേരി ക്ഷേത്രത്തിലും നിയമവെടി ഉണ്ടാകും. അവസാനദിവസം ആറാട്ടുപുഴ പൂരത്തിന് അധ്യക്ഷസ്ഥാനം അലങ്കരിക്കാന്‍ യാത്രയാകുന്ന തേവര്‍ക്ക് അന്ന് സന്ധ്യക്ക് ക്ഷേത്രത്തില്‍തന്നെയാണ് നിയമവെടി. എന്നാല്‍ പിറ്റേന്ന് പുലര്‍ച്ചെ ആറാട്ടുപുഴ കൈതവളപ്പിലാണ് ആചാരപ്പെരുമ നിറഞ്ഞ നിയമവെടി നടക്കുക. ആദ്യകാലങ്ങളില്‍ കൃത്യസമയത്തുതന്നെ നിയമവെടി നടക്കാറുണ്ടെങ്കിലും ഓരോ വര്‍ഷം ചെല്ലുന്തോറും പറകളുടെ എണ്ണം കൂടിവന്നതോടെ സമയക്രമം പാലിക്കാന്‍ സാധിക്കുന്നില്ല.
Follow Webdunia malayalam