Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍വദുഃഖങ്ങളുമകറ്റാന്‍ ചക്കുളത്തുകാവ് പൊങ്കാല

സര്‍വദുഃഖങ്ങളുമകറ്റാന്‍ ചക്കുളത്തുകാവ് പൊങ്കാല
, ബുധന്‍, 28 നവം‌ബര്‍ 2012 (12:03 IST)
PRO
സമസ്ത ദു:ഖങ്ങളുടെയും പരിഹാരകേന്ദ്രമാണ് തിരുവല്ലയിലെ നീരേറ്റുപുറം ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം. മദ്ധ്യതിരുവിതാംകൂറില്‍ പ്രശസ്തമാണ് ചക്കുളത്തുകാവ് പൊങ്കാല. ജാതിമതഭേദമില്ലാതെ വിശ്വാസികള്‍ ജീവിത സാഗരത്തിലെ സര്‍വപ്രശ്നങ്ങള്‍ക്കും പരിഹാരം തേടി ചക്കുളത്തമ്മയുടെ സവിധത്തിലെത്തുന്നു. ഗണപതി, ശിവന്‍, സുബ്രഹ്മണ്യന്‍, വിഷ്ണു, ശാസ്താവ്, നവഗ്രഹങ്ങള്‍, യക്ഷിയമ്മ എന്നീ ഉപദേവതകളുമുണ്ട്.

വൃശ്ചികത്തില്‍ ദേവീ ചൈതന്യ നിറവില്‍ ഭക്തര്‍ ദേവീപ്രീതിക്കായി പൊങ്കാല നടത്തുന്നു. തൃക്കാര്‍ത്തിക ദിവസമാണ് ചക്കുളത്തുകാവിലെ പൊങ്കാല. കാര്‍ത്തിക സ്തംഭം, ലക്ഷദീപം, നാരീപൂജ തുടങ്ങിയ ചടങ്ങുകള്‍ ഏറെ കീര്‍ത്തികേട്ടവയാണ്.

ദേവിക്ക് എല്ലാ വര്‍ഷവും കളമെഴുത്തും പാട്ടും നടത്തുന്നു. ആദ്യത്തെ വെള്ളിയാഴ്ചകളില്‍ ദേവിക്ക് നിവേദിക്കുന്ന ഔഷധജലം സകലരോഗങ്ങള്‍ക്കും ഒറ്റമൂലിയാണെന്നാണ് വിശ്വാസം. ആയുരാരോഗ്യത്തിനും സമാധാനത്തിനും വേണ്ടി പ്രത്യേക പൂജ ചെയ്ത ഔഷധ ജലം നല്‍കാറുണ്ട്. ഇവിടത്തെ വെറ്റില പ്രശ്നം അതിപ്രശസ്തമാണ്. പൂജാരിമുഖ്യനാണ് വെറ്റില ജോത്സ്യം വച്ചു പ്രവചനം നടത്തുക.

ചക്കുളത്തുകാവ് മദ്യപര്‍ക്ക് മോചനത്തിന്‍െറ തിരുനടയുമാണ്. എല്ലാ മലയാളമാസത്തിലെയും ആദ്യ വെള്ളിയാഴ്ച വിളിച്ചുചൊല്ലി പ്രാര്‍ത്ഥന നടക്കും. ഈ അവസരത്തിലാണ് മദ്യവിമുക്ത പ്രതിജ്ഞ.

പന്ത്രണ്ട് നോമ്പ് ദേവീ സാക്ഷാത്കാരത്തിന്‍െറ തീവ്ര സമാധാനക്രമത്തിലേക്ക് ഭക്തരെ നയിക്കുന്ന വ്രതാനുഷ്ഠാനമാണ്. ധനു ഒന്നിന് തുടങ്ങി പന്ത്രണ്ടിനാണ് പന്ത്രണ്ട് നോമ്പ് അവസാനിക്കുന്നത്.

ഐതീഹ്യം

കാട്ടില്‍ വിറക് വെട്ടാന്‍ പോയ ഒരു വേടന്‍ തന്നെ കൊത്താന്‍ വന്ന സര്‍പ്പത്തെ വെട്ടി. അതു ചത്തില്ല. പിന്നീട് ഇതേ സര്‍പ്പത്തെ ഒരു കുളക്കരയിലെ പുറ്റിന് മുകളില്‍ കണ്ടപ്പോള്‍ വേടന്‍ വീണ്ടും അതിനെ ആക്രമിച്ചു. പുറ്റ് പൊട്ടി ജലപ്രവാഹമുണ്ടായി .

അമ്പരന്ന് നിന്ന വേടന് മുന്നില്‍ ഒരു സന്യാസി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഇതേ സമയം വേടന്‍റെ കുടുംബവും അവിടെയെത്തിയിരുന്നു. വെള്ളത്തിന് പാലും തേനും കലര്‍ന്ന നിറം വരുമ്പോള്‍ ജലപ്രവാഹം അവസാനിക്കുമെന്ന് സന്യാസി അവരോട് പറഞ്ഞു.

പുറ്റിനകത്ത് പരാശക്തി ജലശയനം നടത്തിയ വെള്ളമാണിതെന്നും പുറ്റ് പൊളിച്ച് നോക്കിയാല്‍ ഒരു വിഗ്രഹം കാണാമെന്നും അദ്ദേഹം അവരോട് പറഞ്ഞു. അതിനെ വനദുര്‍ഗ്ഗയെന്ന് സങ്കല്പിച്ച് ആരാധിച്ചാല്‍ സര്‍വ്വ ഐശ്വര്യവും ഉണ്ടാകുമെന്ന് പറഞ്ഞ് പുറ്റ് ഉടച്ച് സന്യാസി വിഗ്രഹം പുറത്തെടുത്തു. അതോടെ സന്യാസി അപ്രത്യക്ഷനുമായി.

അന്ന് രാത്രിയില്‍ സന്യാസിയായി പ്രത്യക്ഷപ്പെട്ടത് സാക്ഷാല്‍ നാരദമുനിയാണെന്നും വേടന് സ്വപ്നദര്‍ശനം ഉണ്ടായി. ആ വിഗ്രഹമാണ് ചക്കുളത്തു കാവില്‍ കുടി കൊള്ളുന്നതെന്നാണ് ഐതീഹ്യം. പഴക്കം നിര്‍ണ്ണയിക്കാന്‍ കഴിയാത്തതാണ് ചക്കുളത്തുകാവിലെ മൂലവിഗ്രഹം.

അടുത്ത പേജില്‍: പവിത്രം, പുണ്യം - പൊങ്കാല

webdunia
PRO
അന്നു മുതല്‍ വേടനും കുടുംബവും ആ വനത്തില്‍ തന്നെ താമസം തുടങ്ങി. എല്ലാ ദിവസവും കാട്ടില്‍പ്പോയി വിറകും ഭക്ഷണങ്ങളും ശേഖരിച്ച് മണ്‍കലത്തില്‍ പാചകം ചെയ്താണ് അവര്‍ കഴിഞ്ഞു പോന്നത്. ഉണ്ടാക്കുന്ന ഭക്ഷണത്തിന്‍റെ ഒരു പങ്ക് ദേവിക്ക് നല്‍കിയ ശേഷമാണ് അവര്‍ കഴിച്ചിരുന്നത്.

ഒരു ദിവസം അവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് സമയത്തിനെത്താനായില്ല. അന്ന് ദേവിയ്ക്ക് ഭക്ഷണം നല്‍കാനായില്ലെന്ന വിഷമത്തിലായിരുന്നു അവര്‍. എന്നാല്‍ പാചകത്തിനായി മരച്ചുവട്ടില്‍ ചെന്നപ്പോള്‍ കലം നിറയെ ചോറും കറികളും കായ്കനികളും ഇരിക്കുന്ന കാഴ്ചയാണ് വേടനും കുടുംബവും കണ്ടത്. ആഹാര സാധനങ്ങള്‍ അവിടെയെത്തിയത് ദേവീകൃപകൊണ്ടാണെന്ന് മനസിലാക്കിയ അവര്‍ ഭക്തികൊണ്ട് ഉച്ചത്തില്‍ ദേവീമന്ത്രങ്ങള്‍ ഉരുവിട്ടു.

ഇതേ സമയം ഒരു അശരീരിയും ഉണ്ടായി. മക്കളേ, നിങ്ങള്‍ക്കുവേണ്ടിയുണ്ടാക്കിയതാണ് ഈ ആഹാരം. ആവശ്യത്തിന് കഴിച്ച് വിശ്രമിക്കുക. നിങ്ങളുടെ നിഷ്കളങ്ക ഭക്തിയില്‍ ഞാന്‍ സന്തുഷ്ടയാണ്. തീരാദുഃഖങ്ങളില്‍ പോലും എന്നെ കൈവിടാത്തവര്‍ക്ക് ഞാന്‍ ദാസിയും തോഴിയുമായിരിക്കും. ഭക്തിപൂര്‍വ്വം ആര് എവിടെനിന്ന് വിളിച്ചാലും അവരോടൊപ്പം ഞാന്‍ എപ്പോഴും ഉണ്ടായിരിക്കും.

ഈ ഓര്‍മ്മ പുതുക്കാനാണ് ചക്കുളത്ത് കാവില്‍ ജനലക്ഷക്ഷങ്ങള്‍ പൊങ്കാലയിടുന്നത്. ഭക്തര്‍ അമ്മയ്ക്ക് പൊങ്കാലയിടുമ്പോള്‍ അവരിലൊരാളായി അമ്മയും പൊങ്കാലയിടാനുണ്ടാകുമെന്നാണ് വിശ്വാസം.

കാര്‍ത്തികസ്തംഭം

അധര്‍മ്മത്തിന്‍െറയും തിന്മയുടെയും ഭൗതിക പ്രതീകമാണ് കാര്‍ത്തികസ്തംഭം. ഇത് കത്തിച്ച് ചാമ്പലാക്കുന്ന ചടങ്ങിലൂടെ തിന്മയെ അഗ്നി വിഴുങ്ങി നന്മ ആധിപത്യം സ്ഥാപിക്കുന്നു എന്നാണ് വിശ്വാസം. വൃശ്ഛികമാസത്തിലെ തൃക്കാര്‍ത്തിക ദിവസമാണ് ഈ ചടങ്ങ് നടക്കുന്നത്.

പൊക്കമുള്ള തൂണില്‍ വാഴക്കച്ചി, പഴയ ഓലകള്‍, പടക്കം, ദേവിയ്ക്ക് ചാര്‍ത്തിയ ഉടയാടകള്‍ എന്നിവ പൊതിഞ്ഞുകെട്ടി അതിന്മേല്‍ നാടിന്‍റെ സര്‍വ്വ തിന്മകളെയും ആവാഹിക്കുന്നു. ദീപാരാധനയ്ക്ക് മുമ്പായി ഇത് കത്തിക്കും. നാടിന്‍റെ സര്‍വ്വ പാപദോഷങ്ങളും ഇതോടെ തീരുമെന്നാണ് വിശ്വാസം.

നാരീപൂജ

ചക്കുളത്തുകാവിലെ എറ്റവും ശ്രദ്ധേയമായ അനുഷ്ഠാനമാണ് നാരീപൂജ. ഒരുപക്ഷേ ലോകത്തെ തന്നെ, അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ഈ സ്ത്രീപൂജ. അന്നേദിവസം ഇന്ത്യയിലെ അതിപ്രശസ്തരായ വനിതകളെ അതിഥികളായി ക്ഷണിച്ച് ഇവിടെ നാരീപൂജയ്ക്കിരുത്താറുണ്ട്.

അലങ്കൃത പീഠത്തില്‍ സ്ത്രീകളെ ഇരുത്തി, ഭക്ത്യാദരപൂര്‍വ്വം പൂജാരി ഇവരെ പൂജിക്കുന്നു. സ്ത്രീകള്‍ എവിടെ മാനിക്കപ്പെടുന്നുവോ അവിടെ ദേവതമാര്‍ ആനന്ദിക്കുന്നുവെന്ന സങ്കല്പവും സ്ത്രീയെ ശക്തിസ്വരൂപിണിയായി ആരാധിക്കണമെന്ന താന്ത്രിക സങ്കല്പവുമാണ് ഇത്തരമൊരു പൂജയുടെ പൊരുള്‍.

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam