അത് നടക്കില്ല, കുഞ്ഞാലിമരയ്ക്കാർ ആയി മമ്മൂട്ടി മാത്രം! - പ്രിയദർശൻ പറയുന്നു

മലയാള സിനിമയിൽ രണ്ടു കുഞ്ഞാലി മരയ്ക്കാരുടെ ആവശ്യമില്ല: പ്രിയദർശൻ

ശനി, 4 നവം‌ബര്‍ 2017 (11:58 IST)
മലയാള സിനിമയിൽ രണ്ടു കുഞ്ഞാലി മരയ്ക്കാർ വേണ്ടെന്ന് സംവിധായകൻ പ്രിയദർശൻ വെളിപ്പെടുത്തുന്നു. മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ വരുന്നുണ്ടെങ്കിൽ തന്റെ കുഞ്ഞാലിമരയ്ക്കാർ ഉണ്ടാവില്ലെന്നു പ്രിയദർശൻ മലയാള മനോരമയോട് പറഞ്ഞു.
 
മലയാള സിനിമയിൽ രണ്ടു കുഞ്ഞാലി മരയ്ക്കാരുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുഞ്ഞാലി മരയ്ക്കാർ 2 എന്ന പേരിൽ എടുക്കാനിരുന്ന ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ. എന്നാൽ, പ്രിയൻ ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നില്ല.  
 
പ്രിയദർശൻ ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും നിർമാതാവ് സന്തോഷ് ടി കുരുവിള മോഹൻലാലിനെ നായകനാക്കി എടുക്കുന്ന കുഞ്ഞാലി മരയ്ക്കാറിനെ കുറിച്ച് കഴിഞ്ഞ ദിവസം സംസാരിക്കുകയുണ്ടായി. മലയാളസിനിമയിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മോഹൻലാലിന്റെ കുഞ്ഞാലി മരയ്ക്കാരെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
 
ചരിത്രം ഇതിഹാസപുരുഷനെന്ന് വാഴ്ത്തുന്ന കുഞ്ഞാലി മരയ്‌ക്കാരായി ഒരേസമയം മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഒരുങ്ങുന്നുവെന്ന വാർത്തയും ഏറെ ആകാംഷയോടെയാണ് ആരാധകർ സ്വീകരിച്ചത്. എന്തായാലും മോഹൻലാലും മമ്മൂട്ടിയും ഒരു മത്സരത്തിനില്ലെന്ന കാര്യം ഇതോടെ വ്യക്തമാവുകയാണ്.  
 
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാറിലാണു മമ്മൂട്ടി നായകനാകുന്നത്. ഇതിന്റെ ചിത്രീകരണം അടുത്ത വർഷം മധ്യത്തോടെ തുടങ്ങിയേക്കും. ഓഗസ്റ്റ് സിനിമാസ് നിർമിക്കുന്ന ചിത്രത്തിന് ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കുഞ്ഞാലിമരയ്ക്കാറിനു പിന്നാലെ മറ്റൊരു ബ്രാഹ്മാണ്ഡ ചിത്രം വരുന്നു - മാർത്താണ്ഡ വർമ!