മമ്മൂട്ടിയുടെ 100 കോടി ക്ലബ് പ്രതീക്ഷയായ ദി ഗ്രേറ്റ്ഫാദര്‍ വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തുകയാണ്. എല്ലാ കണ്ണുകളും ആ സിനിമയിലേക്കാണ്. പുതിയ എന്തുചരിത്രമാണ് ആ ചിത്രം എഴുതിച്ചേര്‍ക്കുക എന്ന ആകാംക്ഷയിലാണ് മലയാള സിനിമാലോകം.
അതേസമയം, മമ്മൂട്ടിയുടെ വിഷുച്ചിത്രമായ ‘പുത്തന്‍ പണം’ റിലീസ് മാറ്റുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് വന്നിട്ടുണ്ട്. നേരത്തേ ഏപ്രില്‍ 14ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഗ്രേറ്റ്ഫാദറിന് കളം നിറഞ്ഞുകളിക്കാന്‍ അവസരമൊരുക്കി പുത്തന്‍പണം പിന്‍മാറുകയാണെന്നാണ് സൂചന.
മേയ് മാസം മധ്യത്തോടെ പുത്തന്‍ പണം റിലീസ് ചെയ്യുമെന്നാണ് സൂചന. രഞ്ജിത് സംവിധാനം ചെയ്ത പുത്തന്‍പണം ഒരു സോഷ്യല്‍ സറ്റയറാണ്. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ഒരു ധനികനായ പൊങ്ങച്ചക്കാരന് അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘര്‍ഷങ്ങളുടെ രസകരമായ ആവിഷ്കാരമായിരിക്കും ഇത്.
നിത്യാനന്ദ ഷേണായി എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. തനി കാസര്‍കോട് ഭാഷയിലാണ് മമ്മൂട്ടി ഈ സിനിമയില്‍ സംസാരിക്കുന്നത്. കഥാപാത്രത്തിന്‍റെ വേഷത്തിലുമുണ്ട് മാറ്റം.
സ്വര്‍ണനിറമുള്ള ഖദര്‍ സില്‍ക്ക് ഷര്‍ട്ട്, വെള്ള നിറത്തിലുള്ള പാന്‍റ്, ശരീരം നിറയെ സ്വര്‍ണാഭരണങ്ങള്‍, ഗോള്‍ഡന്‍ വാച്ച്, കാതില്‍ തിളക്കമുള്ള കല്ലുവച്ച കടുക്കന്‍, കൊമ്പന്‍ മീശ - ഇത്രയുമായാല്‍ നിത്യാനന്ദ ഷേണായിയുടെ ലുക്കായി.
കാസര്‍കോട്ട് നിന്ന് ഒരു പ്രത്യേക ദൌത്യവുമായി കൊച്ചിയിലെത്തുന്ന നിത്യാനന്ദ ഷേണായിക്ക് നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്‍റെ കാതല്‍. എന്നാല്‍ ‘പുത്തന്‍പണം’ ഒരു നിത്യാനന്ദ ഷേണായിയുടെ മാത്രം കഥയല്ല. നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ മിക്കവരുടെയും കഥയാണ്.
മാരി, കാഷ്‌മോര തുടങ്ങിയ തമിഴ് സിനിമകളുടെ ഛായാഗ്രാഹകനായ ഓംപ്രകാശാണ് പുത്തന്‍ പണത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കാസര്‍കോട്, കൊച്ചി, ഗോവ, രാമേശ്വരം, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.