എം ടിക്കും കമലിനൊപ്പം കലാകേരളവും; ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിനിമാ പ്രമുഖർ
ചലച്ചിത്ര പ്രവര്‍ത്തകര്‍ കൂട്ടായ്മ സംഘടിപ്പിച്ചു
അഭിപ്രായ സ്വാതന്ത്യ്രം അവകാശമാണെന്ന് മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മ പറയുന്നു. കമലിനെയും എംടിയേയും സംഘപരിവാരങ്ങള്‍ വേട്ടയാടുന്ന സാഹചര്യത്തിൽ വിഷയത്തിനെതിരെ സംഘടപ്പിച്ച കൂട്ടായ്മയില്‍ മലയാളത്തിന്റെ പ്രിയ താരങ്ങളടക്കം പങ്കെടുത്തു. കലാകാരന്മാര് നാടിന്റെ പൊതു സ്വത്താണെന്നും അവര്‍ ഉറക്കെ പ്രഖ്യാപിച്ചു.
ചലച്ചിത്രപ്രവര്‍ത്തകരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അവരെ വേട്ടയാടുന്നതു ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്രമായ ഇടങ്ങള്‍ നിലനിര്‍ത്താന്‍ കലാകാരന്മാര്ക്ക് കഴിയണമെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് പ്രസിഡന്റ് രണ്‍ജി പണിക്കര്‍ പറഞ്ഞു. ഒന്നിനേയും ആട്ടിപ്പായിക്കുന്നതല്ല ഇന്ത്യയുടെ പാരമ്പര്യം. വ്യത്യസ്ത ആശയങ്ങളെ എല്ലാക്കാലത്തും ഇരുകൈയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമാണു നമ്മുടെ രാജ്യത്തിനുള്ളതെന്നും രൺജി പണിക്കർ വ്യക്തമാക്കി.
ചിലരുടെ രാഷ്ട്രീയതാല്പര്യങ്ങള്ക്കായി കലാകാരന്മാരെ ചട്ടുകമാക്കരുതെന്ന് സംവിധായകന് സിദ്ധിഖ് പറഞ്ഞു. തെറ്റുചൂണ്ടിക്കാണിക്കാന്‍ എല്ലാവര്ക്കും സ്വാതന്ത്യ്രമുണ്ട്. കലാകാരന് സമൂഹത്തിന്റെ പൊതുസ്വത്താണെന്നും അദ്ദേഹം പറഞ്ഞു. നടി മഞ്ജു വാര്യര്‍ പ്രതിജ്ഞാ വാചകം ചൊല്ലി. മറ്റുള്ളവർ ഏറ്റുചൊല്ലി.
അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ എം ടി വാസുദേവന്‍നായരും സംവിധായകന് കമലും മോഹന്‍ലാലും വിമര്‍ശിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഫെഫ്കയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സിബി മലയില്‍, ജോഷി, ബാലചന്ദ്രന് ചുള്ളിക്കാട്, ലാല്‍, കെപിഎസി ലളിത, എസ് എന്‍ സ്വാമി, കുക്കു പരമേശ്വരന്, ബ്ളെസി, അനൂപ് മേനോന്, റിമ കല്ലിങ്കല്‍, ഭാഗ്യലക്ഷമി, ഷാഫി, മെക്കാര്‍ട്ടിന്‍, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, രഞ്ജിത്ത് ശങ്കര്‍, സുഗീത്, ആര് ഉണ്ണി, ജിബു ജേക്കബ്, ബോബന് സാമുവല്‍, മാര്‍ത്താണ്ഡന്‍, എം എ നിഷാദ്, തുടങ്ങിയവര്‍ സരോവരത്തില്‍ നടന്ന കൂട്ടായ്മയില്‍ പങ്കെടുത്തു.