Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭൂത്നാഥും കോപ്പിയടി?

ഭൂത്നാഥും കോപ്പിയടി?
IFMPRO
വിവാദം ഇല്ലാതെ ഒരു ചിത്രം പോലും റിലീസ് ചെയ്യാനാകില്ല എന്ന ബോളീവുഡിന്‍റെ പുതിയ പ്രവണതയില്‍ ഇത്തവണ പെട്ടു പോയത് ബിഗ്ബി നായകനായ പുതിയ ചിത്രം ഭൂത്‌നാഥാണ്. കോപ്പിയടി ആരോപണം തന്നെയാണ് ഭൂതനാഥനെയും ചുറ്റി വരിഞ്ഞിരിക്കുന്നത്. പങ്കജ് റായി എന്ന നോവലിസ്റ്റ് ചിത്രത്തിനെതിരെ നിയമ സഹായം തേടി.

ഇന്തോ- ബ്രിട്ടീഷ് എഴുത്തുകാരന്‍ റസ്കിന്‍ ബോണ്ടിന്‍റെ ‘ഗോസ്റ്റ് ട്രബിള്‍’ എന്ന കഥയില്‍ നിന്നാണ് ഭൂത്നാഥിന്‍റെ ആശയം എന്ന് ബി ആര്‍ ഫിലിം‌സിന് എതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്ന പങ്കജ്റായി ആരോപിക്കുന്നു. കഥ വിവര്‍ത്തനം ചെയ്യാനുള്ള അവകാശം താന്‍ സ്വന്തമാക്കിയിരിക്കുക ആണെന്നാണ് റായിയുടെ പക്ഷം.

ഈ അവകാശം താന്‍ എ എം പി ടി പി പി യില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കൂടി റായി കൂട്ടിച്ചേര്‍ക്കുന്നു. കഥ പരിഭാഷപ്പെടുത്തിയതിനു പിന്നാലെ 2003 ല്‍ ഈ കഥ മുഖ്യവിഷയമാക്കി ഒരു ചലച്ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നെന്നും അതിന്‍റെ ഒരു പാട്ട് റെക്കോഡ് ചെയ്യുക പോലുമുണ്ടായെന്നും പങ്കജ് റായി അവകാശപ്പെടുന്നു.

ഇക്കാര്യത്തില്‍ തനിക്ക് കോടതി നോട്ടീസ് കിട്ടിയെന്ന് നിര്‍മ്മാതാവ് രവി ചോപ്ര സ്ഥിരീകരിക്കുന്നു. ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് രവി ചോപ്രയുടെ വാദം. തങ്ങളുടെ കഥ ഒരു ആത്‌മാവും കൊച്ചു കുട്ടിയും തമ്മിലുള്ള സൌഹൃദമാണ് ചര്‍ച്ച ചെയ്യുന്നതെന്നും ഗോസ്റ്റ് ട്രബിളുമായി ഇതിനു ബന്ധമൊന്നുമില്ലെന്നും ചോപ്ര ആണയിടുന്നു.

ഒന്നര വര്‍ഷം മുമ്പ് സംവിധായന്‍ വിവേക് ശര്‍മ്മയുമായി ചിത്രം പ്രഖ്യാപിച്ചതാണ് അന്നൊന്നും ആരോപണം ഉന്നയിക്കുന്ന പങ്കജ് റായ് രംഗത്ത് വന്നിരുന്നില്ലെന്നും രവി ചോപ്ര പറയുന്നു. ഇങ്ങനെ ഒരു പ്രശ്‌‌നം ചിത്രം പുറത്തു വരുന്നതിന് നേരത്തേ തന്നെ പങ്കജ് റായി ഉന്നയിക്കണമായിരുന്നു എന്നും വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam