മമ്മൂട്ടിയെ അവഹേളിച്ച സംവിധായകന് പിന്നെ, അദ്ദേഹത്തിന്റെ ഡേറ്റിനായി ക്യൂ നിന്നത് എട്ട് മാസം!
മമ്മൂട്ടിയെ മാത്രം അവഹേളിച്ചു, അന്ന് അദ്ദേഹത്തിനായി സംസാരിച്ചത് ഷീല മാത്രമായിരുന്നു; കാലം ആ സംവിധായകന് മറുപടി കൊടുത്തു
80കളുടെ ഹിറ്റ് മേക്കറായിരുന്നു പി ജി വിശ്വംഭരന്. സുകുമാരനെ നായകനാക്കി വിശ്വംഭരന് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘സ്ഫോടനം’. അന്ന് മമ്മൂട്ടി സിനിമയില്‍ വളര്‍ന്നു വരുന്നതേ ഉള്ളൂ. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, മേള എന്നീ ചിത്രത്തിനു ശേഷം മമ്മൂട്ടി അഭിനയിച്ചത് സ്ഫോടനത്തില്‍ ആയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് സംവിധായകന് മമ്മൂട്ടിയെ അവഗണിച്ചിരുന്നു.
ചിത്രത്തില്‍ മധുവും സുകുമാരനും ജയില്‍ ചാടുന്ന ഒരു രംഗമുണ്ട്. അതിനു പുറകേ മമ്മൂട്ടിയും ചാടുന്നുണ്ട്. മധുവിനും സുകുമാരനും അപകടം പറ്റാതിരിക്കാന്‍ വലിയ ഘനമുള്ള ഫോം ബെഡ് താഴെ വിരിച്ചിട്ടുണ്ട്. ഇരുവരും ചാടിയ ശേഷമാണ് മമ്മൂട്ടി ചാടുന്നത്. എന്നാല്‍, മമ്മൂട്ടി ചാടുമ്പോള്‍ അപകടം വരാതിരിക്കാന്‍ ഒരു കരുതലെടുക്കാന് സംവിധായകന് നിര്‍ദേശിച്ചിരുന്നില്ലത്രേ.
ചിത്രത്തിലെ നായിക ഷീല ആയിരുന്നു. മമ്മൂട്ടിയോട് മാത്രം ഈ വേര്‍തിരിവ് കാണിച്ചപ്പോള്‍ ഷീല സംവിധായകനോട് ദേഷ്യപ്പെട്ട് ചോദിച്ചു ‘അയാളും മനുഷ്യനല്ലേ? പുതിയ നടനായത് കൊണ്ടാണോ നിങ്ങള്‍ ബെഡ് ഇട്ട് കൊടുക്കാത്തത്? എന്ന്. എന്നാല്‍, അദ്ദേഹത്തിന്റെ മറുപടി കടുത്തതായിരുന്നു. ‘ഇവന്മാരൊക്കെ കണക്കാ ചേച്ചീ... പുതിയവര്‍ക്ക് ബെഡ് ഒന്നും വേണ്ട. അവരിന്നുവരും നാളെ പോകും. അത്രേയേ ഉള്ളൂ അവരുടെ സിനിമ ആയുസ്’. എന്നായിരുന്നു വിശ്വംഭരന്റെ മറുപടി.
എന്നാല്‍, പിന്നീട് നടന്നത് ചരിത്രം. പല മുന്‍നിര സംവിധായകരും മമ്മൂട്ടിയെന്ന താരത്തിന്റെ ഡേറ്റിനായി ക്യൂ നിന്നു. അക്കൂട്ടത്തില്‍ വിശ്വംഭരനുമുണ്ടായിരുന്നു. 1989ല്‍ തന്റെ കാര്‍ണിവല്‍ എന്ന ചിത്രത്തിനായി മമ്മൂട്ടിയുടെ ഡേറ്റ് കിട്ടുന്നതിനായി ഏകദേശം 8 മാസത്തോളമായിരുന്നു സംവിധായകന് കാത്തു നിന്നത്.