Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍ അങ്ങനെ ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല!

മോഹന്‍ലാല്‍ കൂടുതല്‍ സിനിമകള്‍ ചെയ്യട്ടെ!

മോഹന്‍ലാല്‍ അങ്ങനെ ചെയ്യുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല!

ശാലിനി മാത്യു

, വ്യാഴം, 28 ഏപ്രില്‍ 2016 (14:55 IST)
വര്‍ഷത്തില്‍ രണ്ട് നല്ല സിനിമകള്‍ ചെയ്യുക. കുറച്ചുകാലമായി മോഹന്‍ലാല്‍ ആ രീതിയിലാണ് ചിന്തിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ക്വാളിറ്റിയുള്ള സിനിമകള്‍ മാത്രം ചെയ്താല്‍ മതിയല്ലോ. തമിഴിലും ഹിന്ദിയിലുമൊക്കെ സൂപ്പര്‍സ്റ്റാറുകള്‍ വര്‍ഷങ്ങളെടുത്താണ് ഒരു സിനിമ തന്നെ പൂര്‍ത്തിയാക്കുന്നത്. മോഹന്‍ലാല്‍ സെലക്ടീവാകണമെന്ന് ഏറെക്കാലമായി ചിലര്‍ ഉയര്‍ത്തുന്ന ആവശ്യവുമാണ്.
 
ഈ വര്‍ഷം അത്തരം ഒരു നിലപാടാണ് മോഹന്‍ലാല്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ മോഹന്‍ലാലിന്‍റെ കരിയര്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരു കാര്യം മനസിലാകും. ചിത്രങ്ങളുടെ എണ്ണം കുറച്ചതുകൊണ്ടുമാത്രം ഗുണമേന്‍‌മ വര്‍ദ്ധിക്കില്ല എന്നത് പലപ്പോഴും ബോധ്യപ്പെട്ട കാര്യമാണ്. 
 
2014ല്‍ മോഹന്‍ലാല്‍ വെറും മൂന്ന് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത് - മിസ്റ്റര്‍ ഫ്രോഡ്, കൂതറ, പെരുച്ചാഴി എന്നിവ. ഇവ മൂന്നും അദ്ദേഹത്തിന്‍റെ കരിയറില്‍ ഒരു ഗുണവും ചെയ്തില്ല. 2015ല്‍ ‘രസം’ എന്ന ചിത്രത്തിലെ അതിഥിവേഷം ഉള്‍പ്പടെ അഞ്ച് സിനിമകളേ മോഹന്‍ലാല്‍ ചെയ്തുള്ളൂ. ലൈലാ ഓ ലൈലാ, എന്നും എപ്പോഴും, ലോഹം, കനല്‍ എന്നിവ. ബോക്സോഫീസിലോ ജനങ്ങളുടെ മനസിലോ എന്തെങ്കിലും ചലനമുണ്ടാക്കാന്‍ ആ സിനിമകള്‍ക്ക് കഴിഞ്ഞിട്ടില്ല.
 
1986ല്‍ മോഹന്‍ലാല്‍ 34 സിനിമകളില്‍ അഭിനയിച്ചു. അന്ന് പുറത്തുവന്ന ചില സിനിമകള്‍ ഇവയാണ് - ടി പി ബാലഗോപാലന്‍ എം എ, ഗാന്ധിനഗര്‍ സെക്കന്‍റ് സ്ട്രീറ്റ്, രാജാവിന്‍റെ മകന്‍, നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, താളവട്ടം, സുഖമോ ദേവി, ദേശാടനക്കിളി കരയാറില്ല, സന്‍‌മനസുള്ളവര്‍ക്ക് സമാധാനം, ഒന്നുമുതല്‍ പൂജ്യം വരെ, അടിവേരുകള്‍, യുവജനോത്സവം, ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, നിന്നിഷ്ടം എന്നിഷ്ടം, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, പഞ്ചാഗ്നി, കരിയിലക്കാറ്റുപോലെ, വാര്‍ത്ത, കാവേരി, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് തുടങ്ങിയവ.
 
സിനിമകളുടെ എണ്ണം കൂടുന്നതുകൊണ്ട് ഗുണമേന്‍‌മ കുറയുകയില്ല എന്നതിന് ഇതിലും നല്ല തെളിവ് വേറെയെന്താണ്? മോഹന്‍ലാല്‍ ചെയ്യേണ്ടത് നല്ല തിരക്കഥകള്‍ കണ്ടെത്താനായി കൂടുതല്‍ സമയം ചെലവഴിക്കുക എന്നതാണ്. ലഭ്യമാകുന്ന നല്ല തിരക്കഥകളെല്ലാം സിനിമയാക്കാന്‍ ശ്രമിക്കുക. ഇപ്പോള്‍ കമല്‍ഹാസനൊക്കെ ചെയ്യുന്നതുപോലെ, മോഹന്‍ലാലില്‍ നിന്ന് വ്യത്യസ്തവും സുന്ദരവുമായ ഒരുപാട് സിനിമകള്‍ ഉണ്ടാകട്ടെ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ സ്നേഹത്തിന് ഇന്നേക്ക് 28 വയസ്സ് തികയുന്നു , റൊമാന്റിക് ഓർമയിൽ മോഹൻലാൽ