Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണ് നിറയിച്ച് സത്യന്‍, മനസ് നോവിച്ച് മജീദ്; പ്രേക്ഷകഹൃദയങ്ങളില്‍ ഓടിക്കയറി ജയസൂര്യയയും സൗബിനും!

കണ്ണ് നിറയിച്ച് സത്യന്‍, മനസ് നോവിച്ച് മജീദ്; പ്രേക്ഷകഹൃദയങ്ങളില്‍ ഓടിക്കയറി ജയസൂര്യയയും സൗബിനും!
, ബുധന്‍, 27 ഫെബ്രുവരി 2019 (17:23 IST)
49മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുളള അവാർഡ് പങ്കിട്ടത് സൗബിൻ ഷാഹിറും, ജയസൂര്യയുമാണ്. കാൽപ്പന്തു കളി പ്രമേയമാക്കിയ രണ്ടു ചിത്രങ്ങളാണ് ഇത്തവണത്തെ സംസ്ഥാന പുരസ്ക്കാര പ്രഖ്യാപനത്തിൽ മുന്നിട്ടു നിന്നത്. മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേരും ഈ സിനിമകളുടെ ഭാഗമായിരുന്നു എന്നതു മറ്റൊരു പ്രത്യേകതയാണ്. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൽ ഫുട്ബോളിനെ സ്നേഹിച്ച മജീദായാണ് സൗബിൻ വേഷമിട്ടത്. പ്രജേഷ് സെൻ സംവിധാനം ചെയ്ത ക്യാപ്റ്റനിൽ വി പി സത്യനായും, രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിൽ മേരിക്കുട്ടിയായും അഭിനയിച്ചതിനാണ് ജയസൂര്യ പുരസ്കാരാർഹനായത്.
 
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ സൗബിന്റെ പ്രകടനത്തെ സ്വാഭാവികതയുടെ നൈസർഗിക സൗന്ദര്യമെന്നാണ് ജൂറി വിശേഷിപ്പിച്ചത്. ഫുട്ബോളിൽ ജീവിതം ദർശിക്കുന്ന മജീദ് എന്ന സാധാരണകാരൻ അപ്രതീക്ഷിതമായി ചെന്നുപെടുന്ന പ്രതിസന്ധികൾ തികച്ചും അനായാസമായി നേരിടുന്നു. ചിത്രത്തിൽ മജീദ് എന്ന കഥാപാത്രത്തിനു ജീവൻ നൽകിയത് സൗബിനാണ്. മലപ്പുറത്തിന്റെ നന്മയെയും കാൽപ്പന്ത് ആവേശത്തെയും കുറിച്ചു പറയുന്ന ചിത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. കഴിഞ്ഞ വർഷം മാർച്ച് 23നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. നായകനായ സൗബിനൊഴികെ ബാക്കിയെല്ലാവരും ചിത്രത്തിൽ പുതുമുഖങ്ങളായിരുന്നു. നിരവധി അവാർഡുകളാണ് ചിത്രം വാരിക്കൂട്ടിയത്. മലപ്പുറത്തെ സെവൻസ് പശ്ചാത്തലത്തിലോരുക്കിയ ചിത്രം ഫുട്ബോൾ എന്ന മാധ്യമത്തെ അതിമനോഹരമായി ആവിഷ്കരിച്ച ഒരു ചിത്രമായിരുന്നു. ഒട്ടും മുഷിപ്പിക്കാതെ തന്നെ മലപ്പുറത്തിന്റെ ഫുട്ബോൾ സംസ്കാരം മുഴുവൻ ഈ ചിത്രത്തിൽ മനോഹരമായി വരച്ചു കാണിക്കുന്നുണ്ട്. 
 
മജീദ് എന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നു സൗബിൻ എന്നു തന്നെ പറയാം. സംസാരത്തിലും, ശൈലിയിലും, വേഷപ്പകർച്ചയിലുമെല്ലാം സൗബിൻ കഥാപാത്രത്തോട് നീതി പുലർത്തി.  മലപ്പുറത്തെ സെവൻസ് ഫുഡ്ബോൾ ക്ലബ്ബിന്റെ മാനേജരാണ് മജീദ്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളുണ്ടെങ്കിലും അവയെക്കെ തരണം ചെയ്തു മുന്നോട്ട് പോകുന്ന മജീദ് ഏറെ സന്തോഷം കണ്ടെത്തുന്നത് ഫുട്ബോൾ കളിയിലാണ്. നൈജീരിയയിൽ നിന്നും ഫുട്ബോൾ കളിക്കാനായി സുഡു നാട്ടിലെത്തുന്നതോടെ കഥ മറ്റോരു ദിശയിലെക്കു നീങ്ങുകയാണ്. ടീമിൽ കളിക്കുന്ന വിദേശികളുടെ ജീവിതവും, ക്ലബ് മാനേജർ എല്ലാം കൈകാര്യം ചെയ്യുന്ന രീതിയുമെല്ലാം ചിത്രത്തിൽ വളരെ മനോഹരമായാണ് ആവിഷ്കരിച്ചിരിക്കുന്നത്. എന്റെയും നിന്റെയും ശരീരത്തിൽ നിന്നും പൊടിയുന്ന വിയർപ്പിന് ഒരേ ഗന്ധമാണെന്ന സന്ദേശമാണ് ഈ ചിത്രം നമുക്ക് നൽകുന്നത്. 
 
പ്രശസ്തനായ ഒരു ഫുട്ബോൾ കളിക്കാരനെയും, ഒരു ട്രാൻസ്ജെൻഡറിനെയും തികച്ചും വ്യത്യസ്തമയ ശരീരഭാഷയിൽ പകർത്തിയ അത്ഭുതാവഹമായ അഭിനയമികവിനാണ് ജയസൂര്യയ്ക്ക് ഈ തവണ പുരസ്കാരം ലഭിച്ചത്. ജയസൂര്യയുടെ അർപ്പണബോധത്തെയും അവിശ്രാന്ത യത്നത്തെയും ജൂറി എടുത്ത് അഭിനന്ദിച്ചിരുന്നു. ഒരു ട്രാൻസ് പേഴ്സണിന്റെ സ്വകാര്യ ജീവിതവും, പൊതു ജീവിതവും കുടുംബത്തിലും സമൂഹത്തിലും അവർ നേരിടുന്ന പ്രശ്ങ്ങളുമാണ് ഞാൻ മേരിക്കുട്ടി എന്ന ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. ചിത്രത്തിൽ മേരിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഒരു പൊലീസ് ഓഫീസറാവുക എന്ന മേരിക്കുട്ടിയുടെ സ്വപ്നത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. ഏറെ വെല്ലുവിളികളുടെ നടുവിൽ ചുറ്റപ്പെടുമ്പോഴും നിശ്ചയദാർഢ്യത്തോടെ തന്റെ ജീവിത സ്വപ്നം സഫലീകരിക്കുന്ന മേരിക്കുട്ടി എല്ലാവർക്കുമൊരു പ്രചോദനമാണ്.
 
മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ വി പി സത്യന്റെ ബയോപിക് ചിത്രമാണ് ക്യാപ്റ്റൻ. ഇതിൽ വി പി സത്യനായാണ് ജയസൂര്യ അഭിനയിച്ചത്. കണ്ണൂരിലെ ഒരു ഗ്രാമത്തിൽ നിന്നും ഇന്ത്യയുടെ മികച്ച പ്രതിരോധനിര താരമായും നായകനായുമുളള സത്യന്റെ വളർച്ചയും പിന്നീട് അവഗണകളേറ്റുവാങ്ങി അരങ്ങോഴിഞ്ഞ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. ഇല്ലായ്മകളിൽ നിന്നും ഇന്ത്യൻ ഫുട്ബോളിനെ അഭിമാനകരമായ നേട്ടങ്ങളിലെത്തിച്ച സത്യനോടുളള ആദരം കൂടിയാണ് ചിത്രം. വി പി സത്യന്റെ ത്രസിപ്പിക്കുന്നതും സംഘർഷഭരിതവുമായ ജീവിതത്തെ ഏറ്റവും മനോഹരമായിട്ടാണ് ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മത്സരിച്ചത് ഉറ്റ കൂട്ടുകാർ തമ്മിൽ, നിമിഷ മികച്ച നടിയായപ്പോൾ കെട്ടിപിടിച്ച് ചുംബിച്ച് അനു സിത്താര !