Publish Date: Fri, 06 Mar 2020 (10:07 IST)
Updated Date: Fri, 06 Mar 2020 (10:09 IST)
സോഷ്യൽ മീഡിയകളിൽ തനിക്കെതിരെ നടക്കുന്ന മോശം പ്രചരണങ്ങൾക്കെതിരെ നടിയും നര്‍ത്തകിയുമായ താര കല്ല്യാണ്‍ കരഞ്ഞുകൊണ്ടായിരുന്നു പ്രതികരിച്ചത്. താരയുടെ മകളായ സൗഭാഗ്യയുടെ വിവാഹ വേളയില്‍ പകര്‍ത്തിയ ഒരു വീഡിയോ അശ്ലീലമായ രീതിയിലായിരുന്നു ചിലർ പ്രചരിപ്പിച്ചത്. ഇതിനെതിരെ പ്രതികരിച്ച താരയ്ക്ക് പിന്തുണയുമായി നടന്‍ ആദിത്യന്‍ ജയന്‍ രംഗത്തെത്തിയിരിക്കുകയാണ്.
ആദിത്യന്‍ ജയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
ഒരു ഭര്‍ത്താവിന്റെ കൂട്ടില്ലാതെ ഒരു പെണ്‍കുട്ടിയുടെ കല്യാണം നടത്തിയ ഒരു അമ്മയെ ഞാനും കണ്ടിട്ടുണ്ട്. വേറെ ആരുമല്ല എന്റെ അമ്മ. പക്ഷേ അന്ന് എന്റെ അമ്മയ്ക്കൊപ്പം ഞാന്‍ ഉണ്ടായിരുന്നു. ഒറ്റയ്ക്ക് നിന്ന് ഒരു മകളുടെ കല്യാണം നടത്തിയ ഒരു അമ്മയാണ് താരച്ചേച്ചി. ദിവസങ്ങള്‍ ആകുംമുന്നേ അവരുടെ കണ്ണുനീര്‍ കാണാന്‍ ആര്‍ക്കാണ് സുഹൃത്തേ ഇത്ര ആഗ്രഹം.അത്രയും പാവം സ്ത്രീയാണ് താരച്ചേച്ചി. സമൂഹമാദ്ധ്യമം നല്ലതാണ്, നല്ല കാര്യത്തിന്. അവര്‍ ജീവിക്കട്ടെ.
അവരെ ഒക്കെ വിടൂ. ഞങ്ങള്‍ ഒക്കെ ഇല്ലേ നിങ്ങള്‍ക്ക്. അവരെ വിടൂ. ഒരു പാവം സ്ത്രീ, ഒരു പാവം അമ്മ. അന്തസ്സായി മകളെയും നോക്കി ജീവിക്കുന്ന ഒരു സ്ത്രീയെ നിങ്ങള്‍ വേണ്ടേ ഈ സമൂഹത്തില്‍ പിന്തുണയ്ക്കാന്‍. ഓരോ ദിവസവും പുതിയ ഇരകള്‍ക്ക് വേണ്ടി ഓട്ടം നിര്‍ത്തൂ സുഹൃത്തുക്കളെ. ജീവിക്കട്ടെ ആ അമ്മയും മകളും. ആര് ചെയ്താലും അവരുടെ കണ്ണുനീരിന് വിലനല്‍കേണ്ടി വരും. ഉറപ്പാണ്. ‘